ഹീത്രുവില്‍ നിന്ന് നേരെ കുലംപൂരിലേക്ക്; അവിടെ നിന്ന് സിഡ്നി വഴി ലോസ് ആഞ്ചലസില്‍ ഇറങ്ങി ഹീത്രുവിലേക്ക് മടക്കം: പുതിയ സോഷ്യല്‍ മീഡിയ ചലഞ്ചിന്റെ ഭാഗമായി 67 മണിക്കൂറുകള്‍ കൊണ്ട് എകണോമി ക്ളാസില്‍ ലോകം ചുറ്റി കറങ്ങി റിക്കോര്‍ഡിട്ട് ബ്രിട്ടീഷുകാരന്‍
ലണ്ടന്‍: ലോകം മൊത്തം എക്കണോമി ക്ലാസ്സില്‍ സഞ്ചരിക്കുന്ന ആദ്യ വ്യക്തിയായി മാറിയത് ഒരു ബ്രിട്ടീഷുകാരന്‍. ലണ്ടനിലെ ഹീത്രൂവില്‍ നിന്നും കുലാലമ്പൂരിലെത്തി അവിടെ നിന്നും സിഡ്‌നി, ലോസ് ഏഞ്ചലസ് വഴി 67 മണിക്കൂര്‍ കൊണ്ടാണ് ഡെയ്ല്‍ ചാര്‍മാന്‍ എന്ന 44 കാരന്‍ ഹീത്രൂവില്‍ മടങ്ങിയെത്തിയത്. 1,300 പൗണ്ടാണ് ഈ യാത്രയ്ക്കായി ചെലവായത്. യൂട്യൂബില്‍, ഡെയ്ല്‍ ചാര്‍മാന്‍ ട്രാവല്‍സ് എന്ന ചാനല്‍ ഉള്ള, ഈ ട്യൂബ് ഡ്രൈവര്‍ പറയുന്നത്, ആളുകള്‍ സമാനമായ വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന വീഡിയോകള്‍ ഓണ്‍ലൈനില്‍ കണ്ടിട്ടുണ്ട് എന്നാണ്. എന്നാല്‍, അവയൊക്കെ ബിസിനസ്സ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമായിരുന്നു യാത്ര, എക്കോണമി ക്ലാസില്‍ ആയിരുന്നില്ല.
അതുകൊണ്ടുതന്നെയാണ് വിമാന യാത്ര ഏറെ ഇഷ്ടപ്പെടുന്ന ഡെയ്ല്‍ ചാര്‍മാന്‍, എക്കോണമി ക്ലാസ്സില്‍ ലോകം ചുറ്റി സഞ്ചരിക്കാന്‍ താത്പര്യപ്പെട്ടത്. ആഗസ്റ്റ് 25 ന് ഇയാള്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും യാത്ര ആരംഭിച്ച്, 24,000 മൈല്‍ ദൂരം പറന്ന് ആഗസ്റ്റ് 28 വൈകിട്ട് 5 മണിയോടെയാണ് ഇയാള്‍ ഹീത്രൂവില്‍ തിരിച്ചെത്തിയത്. നാല് വിമാനങ്ങളിലായിട്ടായിരുന്നു യാത. അക്ഷരാര്‍ത്ഥത്തില്‍ ക്ഷീണിപ്പിക്കുന്ന യാത്ര എന്നാണ് ഡെയ്ല്‍ പറയുന്നത്. യാത്ര തന്നെ അത്യധികം ക്ഷീണിപ്പിക്കുമെന്ന് അറിയാമായിരുന്നു എന്ന് തന്നെയാണ് ഡെയ്ല്‍ പറയുന്നതും.
മൂന്ന് ദിവസം നീളുന്ന യാത്രയില്‍, കിടക്കുകയില്ല എന്നായിരുന്നു താന്‍ തീരുമാനിച്ചിരുന്നതെന്ന് ഡെയ്ല്‍ പറയുന്നു. ഇത്രയും ദീര്‍ഘമായ കാലയളവില്‍ ഇരിക്കുക മാത്രം ചെയ്യുമ്പോള്‍ മുട്ടിനും നടുവിനും എത്രമാത്രം വേദന അനുഭവിക്കേണ്ടി വരുമെന്നത് ഓര്‍ക്കണമെന്നും അയാള്‍ പറയുന്നു. തനിക്ക് വട്ടാണെന്നാണ് തന്റെ കുടുംബവും സുഹൃത്തുക്കളും കരുതിയിരുന്നതെന്നും ഡെയ്ല്‍ പറയുന്നു. തനിക്ക് മുഴുവട്ടായി എന്ന് പറഞ്ഞ് തന്റെ അമ്മ പരിതപിക്കുകയായിരുന്നു എന്നും ഈ 44 കാരന്‍ പറയുന്നു.
മൂന്ന് ദിവസത്തോളം നീണ്ടുനിന്ന യാത്രയില്‍ കഴിയുന്നത്ര ഉറങ്ങാന്‍ ശ്രമിച്ചിരുന്നു എന്ന് ഡെയ്ല്‍ പറഞ്ഞു. ഉറങ്ങാത്തപ്പഴെല്ലാം വിമാനത്തിനകത്തെ എന്‍ടര്‍ടെയ്‌ന്മെന്റ് സ്‌ക്രീനുകളില്‍ സിനിമകള്‍ കാണും. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ലണ്ടനില്‍ നിന്നും കുലാലമ്പൂരിലേക്കുള്ള 12 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം, അഞ്ച് മണിക്കൂര്‍ മാത്രമായിരുന്നു അടുത്ത യാത്രയ്ക്ക് മുന്‍പായി ലഭിച്ചത്. മലേഷ്യന്‍ എയര്‍വേയ്‌സിന്റെ തന്നെ മറ്റൊരു വിമാനത്തിലായിരുന്നു കുലാലമ്പൂരില്‍ നിന്നും ആസ്‌ട്രേലിയയിലെ സിഡ്‌നിക്ക് തിരിച്ചത്. എട്ടു മണിക്കൂര്‍ ആയിരുന്നു യാത്രയുടെ സമയദൈര്‍ഘ്യം.
സിഡ്‌നിയിലെ എത്തിയപ്പോള്‍ അവിടെ ഏഴ് മണിക്കൂര്‍ സമയം വിശ്രമത്തിനായി ലഭിച്ചു. ഇത് ഉപയോഗിച്ച് സിഡ്‌നി ഓപ്പറ ഹൗസ് സന്ദര്‍ശിക്കുകയും ചെയ്തു. അതിനുശേഷം വിമാനത്താവലത്തില്‍ തിരിച്ചെത്തിയ ഡെയ്ല്‍ പിന്നീട് ഖന്‍ഡാസ് വിമാനത്തിലാണ് അമേരിക്കയിലെ ലോസ് ഏഞ്ചലസിലേക്ക് തിരിച്ചത്. 13 മണിക്കൂര്‍ യാത്രയായിരുന്നു അത്. താന്‍ യാത്ര ചെയ്ത നാല് വിമാനങ്ങളിലും വെച്ച് ഏറ്റവും മികച്ച ഭക്ഷണം ആ വിമാനത്തിലാണ് ലഭിച്ചതെന്ന് അയാള്‍ പറയുന്നു.
ലോസ് ഏഞ്ചലസിലും ഡെയ്ലിന് ഏഴ് മണിക്കൂര്‍ ലഭിച്ചെങ്കിലും, പുറത്തൊന്നും കറങ്ങാന്‍ നില്‍ക്കാതെ വിമാനത്താവളത്തില്‍ തന്നെ ചെലവഴിക്കുകയായിരുന്നു അയാള്‍ ചെയ്തത്. ഇമിഗ്രേഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എടുക്കും എന്നതിനാലായിരുന്നു ഇത്. പിന്നീട് വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ വിമാനത്തില്‍ ലണ്ടനിലെ ഹീത്രൂവിലേക്കുള്ള 12 മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കി ആഗസ്റ്റ് 28 ന് വൈകിട്ട് അഞ്ച് മണിയോടെ തിരികെയെത്തി. യാത്രാക്ഷീണം തീര്‍ക്കാന്‍ ഒന്ന് രണ്ട് ദിവസം അവധിയെടുത്തതിന് ശേഷം ആഗസ്റ്റ് 31 ന് ആയിരുന്നു അയാള്‍ വീണ്ടും ജോലിക്ക് കയറിയത്.
