ഓപ്പണിംഗ് മാസ്! തുടക്കത്തിലെ ആവേശം ഒടുക്കം വരെ നിന്നാല്‍ മലയാള സിനിമയില്‍ എമ്പുരാന്‍ മാറ്റങ്ങളുണ്ടാക്കും; കറുപ്പണിച്ച് ആര്‍പ്പുവിളിച്ച് തീയേറ്ററിനുള്ളില്‍ ആവേശം നിറച്ച് ഫാന്‍സ്; ആദ്യ ദിനം തന്നെ അമ്പത് കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള സിനിമ; പ്രീസെയില്‍ കച്ചവടം അറുപത് കോടിയെന്നും വിലയിരുത്തല്‍; 746 സ്‌ക്രീനിലും ലാല്‍ ഇഫക്ട്! ലൂസിഫറില്‍ നിന്നും എമ്പുരാനിലേക്ക് മോളിവുഡ് മാറുമ്പോള്‍
തിരുവനന്തപുരം: ലൂസിഫറില്‍ നിന്നും എമ്പുരാനിലേക്ക്.... മോഹന്‍ലാല്‍പൃഥ്വി രാജ് ചിത്രം കാണാന്‍ കറുപ്പണിഞ്ഞ് ആരാധകര്‍. ആറുമണിക്ക് തുടങ്ങിയ ഷോയില്‍ ആവേശമായിരുന്നു. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് താരങ്ങളും അണിയറ പ്രവര്‍ത്തകരും എത്തി. ആദ്യ ഷോ തുടങ്ങും മുന്‍പുതന്നെ ആരാധകര്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കി . രാവിലെ ആറിന് ആദ്യപ്രദര്‍ശനം കാണാന്‍ ലോകമെമ്പാടുമുള്ള തിയറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജനാവലിയായിരുന്നു. കേരളത്തില്‍ മാത്രം 746 സ്‌ക്രീനുകളിലായി നാലായിരത്തി അഞ്ഞൂറിലധികം ഷോകളുണ്ട്.
തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സുരക്ഷയൊരുക്കി പൊലീസും രംഗത്തുണ്ട്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെയും 'എമ്പുരാന്‍' ആദ്യ ദിനം 50 കോടി ക്ലബിലെത്തി. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെന്‍ഡിലെ ഗ്ലോബല്‍ കലക്ഷന്‍ 80 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ മലയാളം പതിപ്പിനാണ് കൂടുതല്‍ അഡ്വാന്‍സ് ബുക്കിങ് നടന്നിട്ടുള്ളതെന്നാണ് സൂചന. 4 അന്യഭാഷകളില്‍ ചൊവ്വാഴ്ച്ചയാണ് സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായത്. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികള്‍ ഇതോടെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്.
എമ്പുരാന്‍ ബംഗളൂരുവില്‍ 1350 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. യുഎഇയിലും ജര്‍മനിയിലും റിലീസുണ്ട്. ഏറെ തടസ്സങ്ങള്‍ അതിജീവിച്ചാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നും അഞ്ഞൂറോളംപേരുള്ള ഷൂട്ടിങ് സംഘത്തെ ലെ ലഡാക്കില്‍ എത്തിക്കേണ്ട അവസ്ഥയുണ്ടായെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് പറഞ്ഞു. ലോകവ്യാപകമായി റിലീസിനെത്തുന്ന ചിത്രത്തിന് ആദ്യദിനം വന്‍ ടിക്കറ്റ് വില്‍പനയാണ് നടന്നത്. പല തീയേറ്ററുകളിലും അധിക പ്രദര്‍ശനവും നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ തീയേറ്ററുകളിലെ ക്രമസമാധാന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് സുരക്ഷ ശക്തമാണ്.
മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ ആരാധകര്‍ കൂട്ടമായി റിലീസിങ് കേന്ദ്രങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. ഈ ആവേശത്തില്‍ അപകടങ്ങള്‍ സംഭവിക്കാനിടയുണ്ട്. മുമ്പ് ഹൈദരാബാദില്‍ പുഷ്പ 2 റിലീസിനിടെ ആരാധകരുടെ ആവേശം അതിരുവിടുകയും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് ആളുകള്‍ മരണപ്പെടുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. അത്തരം സംഭവങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കാതിരിക്കാനായിരുന്നു പോലീസിന്റെ ഈ മുന്നൊരുക്കം. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ആഗോള തലത്തില്‍ ഇത്രയേറെ പ്രതീക്ഷയര്‍പ്പിക്കപ്പെടുന്ന ചിത്രമായി മാറുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്.
മാര്‍ച്ച് 27-ന് ആഗോള റിലീസായി എത്തുന്ന ചിത്രം റിലീസിന് മുമ്പേ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനോടകം ബുക്ക് മൈ ഷോയില്‍നിന്ന് മാത്രം 10 ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ് പോയ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഓപ്പണിങ് റെക്കോര്‍ഡുകളും അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ തകര്‍ത്തു. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. ഇതിനോടകം 60 കോടി രൂപക്ക് മുകളില്‍ ചിത്രം പ്രീ സെയില്‍സ് ആയി ആഗോള തലത്തില്‍ നേടിക്കഴിഞ്ഞു.
മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.