ആദ്യ പകുതി ചെറിയ നിരാശ പടര്‍ത്തിയെങ്കിലും ആരാധകരെ പുളകം കൊള്ളിച്ച ഒരു മോഹന്‍ലാല്‍ അവതാരപ്പിറവി തന്നെയാണ് എമ്പുരാന്‍; പ്രതികാരത്തിന്റെയും അബ്രാം ഖുറേഷിയുടെ പിറവിയുടേയും പറയുന്ന ഒരു ക്ലാസ് മാസ്സ് എന്റര്‍റ്റൈനെര്‍ സ്‌ക്രിപ്റ്റ്; മലയാളിയ്ക്ക് ദഹിക്കുന്ന ഹോളിവുഡ് ശൈലി; എമ്പുരാന്റെ ഫാന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെ; ലൂസിഫറിനേകാള്‍ ഒരു പടി മുന്നില്‍ എമ്പുരാന്‍

Update: 2025-03-27 05:35 GMT

തിരുവനന്തപുരം: അതിരാവിലെ പതിവില്ലാത്ത ജനത്തിരക്കില്‍ നിറഞ്ഞ റോഡുകള്‍. അങ്ങുമിങ്ങും പടക്കങ്ങളുടെയും പോപ്പറുകളുടെയും ആര്‍പ്പ് വിളികളുടെയും ആഘോഷത്തോടെ ആയിരുന്നു ഇന്ന് രാവിലെ എല്ലാവരും എഴുന്നേറ്റത്. മോഹന്‍ലാല്‍ എന്ന മഹാനടന്റെ ആരാധകര്‍ ഇന്ന് എല്ലായിടവും പൂരപ്പറമ്പാക്കി എന്ന് തെളിയിക്കുന്നതാണ് റോഡുകളില്‍ അവശേഷിക്കുന്ന കളര്‍ പേപ്പറുകള്‍. തിയേറ്റര്‍ വിട്ടിറങ്ങിയ മോഹന്‍ലാല്‍ ആരാധകര്‍ ഒരേപോലെ പൃഥ്വിരാജ് എന്ന സംവിധായകന് നന്ദി പറയുന്നു. എന്നാല്‍ ഫാന്‍സ് ഷോയ്ക്ക് അപ്പുറം സിനിമ എന്തു ചലനം സൃഷ്ടിക്കുമോ എന്നാണ് അറിയേണ്ടത്. കൊച്ചിയെ ആവേശത്തിലാക്കി മോഹന്‍ലാലും കുടുംബവും അടക്കം തിയേറ്ററുകളില്‍ എത്തി. ഇതും പ്രേക്ഷകര്‍ക്ക് ആവേശമായി. ഈ സീരീസിലെ ആദ്യ ചിത്രമായ ലൂസിഫറുമായി ചര്‍ച്ച ചെയ്യുമ്പോള്‍ എമ്പുരാനും മികവ് കാട്ടുന്നുവെന്നാണ് വിലയിരുത്തല്‍.

ചിത്രം തുടങ്ങി ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ചെറിയ നിരാശ പടര്‍ത്തിയെങ്കിലും ആരാധകരെ പുളകം കൊള്ളിച്ച ഒരു മോഹന്‍ലാല്‍ അവതാരപ്പിറവി തന്നെയാണ് എമ്പുരാന്‍. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ചിത്രം മോഹന്‍ലാല്‍ ഭരിക്കും. പൃഥ്വിരാജ് എന്ന സായിദ് കൂടെ ഇറങ്ങുന്നയിടം തൊട്ട് എമ്പുരാന്‍ കിരീടം ചൂടുന്ന രാജാവാകുന്നു എന്ന് തന്നെ പറയാം. പ്രതികാരത്തിന്റെയും അബ്രാം ഖുറേഷിയുടെ പിറവിയുടേയും പറയുന്ന ഒരു ക്ലാസ് മാസ്സ് എന്റര്‍റ്റൈനെര്‍ സ്‌ക്രിപ്റ്റ് തന്നെയാണ് മുരളി ഗോപി പൃഥ്വിരാജ് എന്ന സംവിധായകന്റെ കൈയ്യില്‍ കൊടുത്തത്. അതിനെ ഹോളിവുഡ് സ്‌റ്റൈലില്‍ ഒരുക്കി മലയാളികള്‍ക്ക് ദഹിക്കുന്ന രീതിയില്‍ ഉണ്ടാക്കി മുന്‍പില്‍ എത്തിക്കാന്‍ പൃഥ്വിരാജിന് സാധിച്ചുവെന്നാണ് ഫാന്‍സിന്റെ വിലയിരുത്തല്‍. തിയേറ്ററുകളില്‍ നിന്നുള്ള ഫസ്റ്റ് റിപ്പോര്‍ട്ട് ഇതാണ്. ഭൂരിഭാഗം റിവ്യൂകളും സിനിമയെ കുറിച്ച് പോസിറ്റീവ് റിവ്യൂവാണ് പങ്കുവയ്ക്കുന്നത്.

2019ല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായും മോഹന്‍ലാല്‍ എത്തിയ ചിത്രമാണ് ലൂസിഫര്‍. മലയാളികള്‍ കഴിഞ്ഞ ആറ് വര്‍ഷം കാത്തിരുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നാണ് എമ്പുരാന്‍ റിലീസിന് എത്തിയത്. വന്‍ ഹൈപ്പില്‍ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ എങ്ങും പോസിറ്റീവ് റിവ്യൂകളാണ് തുടക്കത്തില്‍ ലഭിക്കുന്നത്. നിരവധി സിനിമാതാരങ്ങളാണ് എമ്പുരാന്റെ ആദ്യ ഷോ കാണാന്‍ വേണ്ടി വിവിധ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. പടം സൂപ്പറാണെന്നാണ് നടന്‍ പ്രണവ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എമ്പുരാന്‍ ഒരുപാട് ഇഷ്ടമായെന്നും നല്ല പടമാണെന്നും പറഞ്ഞ സുചിത്ര മോഹന്‍ലാല്‍ 'ഒരു ഇംഗ്ലീഷ് സിനിമ പോലെ' എന്നാണ് എമ്പുരാനെ വിശേഷിപ്പിച്ചത്. മുരളി ഗോപി തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ മലയാള സിനിമാതാരങ്ങള്‍ക്ക് പുറമെ നിരവധി ഭാഷകളില്‍ നിന്നുള്ളവരും അഭിനയിച്ചിട്ടുണ്ട്. എമ്പുരാന്‍ ആദ്യ ഷോ കണ്ട മേജര്‍ രവി 'ഒരു വേള്‍ഡ് ക്ലാസ് ഫിലിം' എന്നാണ് സിനിമയെ വിശേഷിപ്പിച്ചത്. ആളുകള്‍ എക്സ്പെക്റ്റ് ചെയ്യുന്നത് എന്താണോ അത് തിയേറ്ററില്‍ ചെന്നാല്‍ കിട്ടുമെന്നതില്‍ സംശയമില്ലമെന്നും അദ്ദേഹം പറയുന്നു. ലൂസിഫറിനേക്കാള്‍ ഒരുപടി മുന്നിലാണ് എമ്പുരാന്‍ നില്‍ക്കുന്നത്. ലൂസിഫര്‍ വ്യത്യസ്തമാണ്. എമ്പുരാന്‍ വേറെ തന്നെയാണ്. മുഴുവന്‍ ലോകം കറക്കിയിട്ടുള്ള സിനിമയാണ്. ഒരു വേള്‍ഡ് ക്ലാസ് ഫിലിം. സിനിമ കണ്ട് ഞാന്‍ ഹാപ്പിയാണ്,' മേജര്‍ രവി പറയുന്നു.

പ്രമോഷനില്‍ പറഞ്ഞ വാക്കുകള്‍ വെറും വാക്ക് അല്ലെന്ന് തെളിയിക്കുന്ന രീതിയില്‍ പല സീനുകളിലും ചിത്രത്തിന്റെ ബജറ്റിനോട് നീതി പുലര്‍ത്തുന്ന 'റിച്ചിനസ്' കാണാന്‍ കഴിയുമെന്നാണ് ഫാന്‍സ് വിലയിരുത്തല്‍. പ്രത്യേകിച്ച് മോഹന്‍ലാലിന്റെ ഇന്‍ട്രോ രംഗത്തില്‍ അടക്കം. മോഹന്‍ലാല്‍ ഷോ എന്ന് പറയാവുന്ന മാസ് രംഗങ്ങള്‍ ചിത്രത്തില്‍ ഏറെയുണ്ട്. മലയാള സിനിമയില്‍ തീയറ്ററുകളില്‍ ഉത്സവം തീര്‍ക്കുന്ന അനുഭവമാണ് മോഹന്‍ലാലിന്റെ ബിഗ് ടിക്കറ്റ് സിനിമകള്‍. അത്തരത്തില്‍ നോക്കിയാല്‍ എമ്പുരാന്‍ അത്തരത്തില്‍ ആഘോഷിക്കാന്‍ എല്ലാ വകയും ഉള്ള സിനിമയാണ്. കൃത്യമായി ഒരു മൂന്നാം ഭാഗത്തില്‍ സൂചനയും നല്‍കി, ഒപ്പം ഒരു സര്‍പ്രൈസ് ക്യാമിയോയുമായാണ് ചിത്രം അവസാനിക്കുന്നത്. മൂന്നാം ഭാഗം ഉറപ്പെന്ന് പറഞ്ഞു വയ്ക്കുകായണ് ഈ സിനിമ.

മോഹന്‍ലാല്‍ ആരാധകരും സിനിമാ പ്രേമികളും തിരക്കുകളെല്ലാം മാറ്റിവച്ച് തീയേറ്ററുകളില്‍ ആദ്യ ദിനം സജീവമായി. മിക്കവരും കറുത്ത വസ്ത്രമണിഞ്ഞാണ് തീയേറ്ററുകളിലെത്തിയത്.ലണ്ടനില്‍ പ്രീമിയര്‍ ഷോ കഴിഞ്ഞതിന് പിന്നാലെ കേക്ക് മുറിച്ചാണ് ആരാധകര്‍ ആഘോഷിച്ചത്. പ്രീമിയര്‍ ഷോ കാണാന്‍ എത്തിയര്‍ക്ക് സൗജന്യമായി ബിരിയാണിയും നല്‍കി. യുകെയില്‍ മാത്രം 240ലധികം തീയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. 2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തിയത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ മൂന്നാം ഭാഗമുണ്ടാകുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിംഗ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല്‍ നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Tags:    

Similar News