കളമശേരി എന്താ കേരളത്തിലല്ലേ എന്ന ചോദ്യം ഉന്നയിച്ചുള്ള പ്രതിഷേധം ഫലം കണ്ടു; എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മാര്‍ത്തോമാ ഭവന്റെ ഭൂമിയില്‍ അനധികൃത കയ്യേറ്റം നടത്തിയ നാലുപേര്‍ അകത്ത്; പിടിയിലായത് ഒറ്റരാത്രി കൊണ്ട് വളപ്പ് കയ്യേറി മൂന്ന് പ്രീഫാബ് വീട് നിര്‍മ്മിച്ചവര്‍; അതിക്രമം കോടതി ഉത്തരവ് ലംഘിച്ച്

മാര്‍ത്തോമ ഭവന്‍ അതിക്രമത്തില്‍ നാലുപേര്‍ അറസ്റ്റില്‍

Update: 2025-09-26 12:00 GMT

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കളമശ്ശേരിയിലെ മാര്‍ത്തോമാ ഭവന്റെ ഭൂമിയില്‍ അനധികൃത കയ്യേറ്റം നടത്തിയ നാലുപേര്‍ അറസ്റ്റില്‍. മാര്‍ത്തോമ ഭവനത്തിന്റെ 18 ഏക്കര്‍ വളപ്പിന്റെ ഒരു ഭാഗം കൈയേറി ഒറ്റ രാത്രികൊണ്ട് മൂന്ന് പ്രീഫാബ് വീട് നിര്‍മ്മിച്ച് താമസം തുടങ്ങുകയായിരുന്നു. 100 മീറ്ററോളം വരുന്ന കോമ്പൗണ്ട് മതില്‍ തകര്‍ത്തതായും ക്രെയിന്‍ ഉപയോഗിച്ച് താല്‍ക്കാലിക കോണ്‍ക്രീറ്റ് വീടുകള്‍ സ്ഥാപിച്ചെന്നുമാണ് പരാതി. ആശ്രമത്തിന് സമീപത്തുള്ള കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കുകയും അന്തേവാസികള്‍ ചാപ്പലിലേക്ക് പോകുന്ന ഗേറ്റിനു മുന്നില്‍ പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തു. ആ ഭാഗത്ത് സ്ഥാപിച്ചിരുന്ന കന്യാസ്ത്രീ മഠത്തിന്റെ സിസിടിവി ക്യാമറകളും നശിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പരാതി. അറസ്റ്റിനൊപ്പം മതില്‍ തകര്‍ത്ത ജെസിബി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കോടതി ഉത്തരവ് ലംഘിച്ച് അതിക്രമം നടത്തിയവര്‍ക്കെതിരെ 20 ദിവസത്തിനുശേഷമാണ് നിയമനടപടികള്‍ ഉണ്ടായത്.

നിയമ നടപടി വൈകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാര്‍ത്തോമാ ഭവനം സുപ്പീരിയര്‍ ഫാ. ജോര്‍ജ് പാറയ്ക്ക പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ രംഗത്തുവരിക കൂടി ചെയ്തതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. തൃക്കാക്കര മുണ്ടംപാലം പുക്കാട്ട് പനയപ്പിള്ളി അബ്ദുള്‍ മജീദ് (56), കളമശേരി ശാന്തിനഗറിന് സമീപം നീറുങ്കല്‍ ഹനീഫ (53), ചാവക്കാട് അകലാട് അട്ടൂരയില്‍ ജംഷീര്‍ (22), കാസര്‍കോട് കുമ്പളം കടപ്പുറം ഹൈദര്‍ മന്‍സില്‍ പെരുമാട് ഹൈദര്‍ അലി (29) എന്നിവരെയാണ് കളമശേരി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

45 വര്‍ഷമായി നിലനില്ക്കുന്ന 7 അടി ഉയരവും 100 മീറ്ററോളം നീളവുമുള്ള ദൈവവചനം എഴുതിയ മതിലും ഗേറ്റും ജല വിതരണത്തിനുള്ള പൈപ്പുകളും സിസിടിവി ക്യാമറകളുമാണ് അതിക്രമിച്ചു കയറിയവര്‍ തകര്‍ത്തത്. പത്തോളം സന്യാസിനിമാര്‍ താമസിക്കുന്ന കോണ്‍വെന്റിലേക്കുള്ള വഴി തടസപ്പെടുത്തുകയും കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ അവിടെ സ്ഥാപിക്കുകയും ചെയ്തതിന് പുറമെ, ആശ്രമ അന്തേവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എറണാകുളം സബ് കോടതിയുടെ 2007 ലെ ഡിക്രിയും ഇന്‍ജങ്ഷന്‍ ഉത്തരവും ലംഘിച്ചാണ് സെപ്റ്റംബര്‍ നാലിന് പുലര്‍ച്ച ഒരു മണിക്ക് എഴുപതോളം പേര്‍ കളമശേരി മാര്‍ത്തോമാ ഭവന്റെ കൈവശമുള്ള ഭൂമിയില്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയത്. അവര്‍ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കുകയും നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുകയും ചെയ്തു.

സംഭവം ഇങ്ങനെ:

1980ല്‍ മാര്‍ത്തോമാ ഭവന്‍ വേണ്ടി സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007-ല്‍ കോടതി വിധിയിലൂടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാര്‍ത്തോമാ ഭവന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലം വാങ്ങിയെന്ന അവകാശവാദവുമായി 2010 ല്‍ തൃശ്ശൂര്‍ സ്വദേശികളായ മുഹമ്മദ് മൂസാ, എന്‍.എം. നസീര്‍, സെയ്ദ് മുഹമ്മദ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഗുണ്ടകളെ ഉപയോഗിച്ച് മതില്‍ തകര്‍ത്തും വീടുകള്‍ സ്ഥാപിച്ചതെന്നാണ് ആരോപണം.

1982 ല്‍ ആറ് ഏക്കര്‍ ഭൂമി ഹനീഫയില്‍ നിന്ന് സഭ വാങ്ങി. കരാര്‍ പ്രകാരം മുഴുവന്‍ തുകയും കൊടുത്തെങ്കിലും ആധാരം ചെയ്തു നല്‍കിയില്ല. പിന്നീട് മാര്‍ത്തോമ സഭയറിയാതെ ഭൂമി പണയപ്പെടുത്തിയത് ജപ്തിയിലെത്തി. 2007 ല്‍ സഭയ്ക്ക് അനുകൂല വിധി ലഭിച്ചു. ഹനീഫയുടെ കാലശേഷം മക്കള്‍ 2010ല്‍ ജപ്തി ഒഴിവാക്കാന്‍ പണം അടച്ചശേഷം തൃശൂര്‍ സ്വദേശികളായ പി.ബി. മുഹമ്മദ് മൂസ, എന്‍.എം. നസീര്‍ , പി.എം. സയ്ദ് മുഹമ്മദ് എന്നിവര്‍ക്ക് 4 ഏക്കര്‍ 89 സെന്റ് ഭൂമി വിറ്റു. ഇവരും സഭയും തമ്മിലാണ് കേസ്. സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ മാര്‍ത്തോമാ ഭവനം തന്നെയെന്ന് എറണാകുളം സബ് കോടതി ഉത്തരവിട്ടിരുന്നു. മറ്റാരും ആ ഭൂമിയില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നതുമാണ്.

സെപ്റ്റംബര്‍ ആദ്യവാരമായിരുന്നു സംഭവങ്ങളുടെ തുടക്കം. പുലര്‍ച്ചെ 2 മണിയോടെ മാര്‍ത്തോമാ ഭവന്റെ ചുറ്റുമതില്‍ പൊളിക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് രാവിലെയാണ് മാര്‍ത്തോമ്മാ ഭവനിലുള്ളവര്‍ സംഭവം അറിഞ്ഞത്. പരാതിയെത്തുടര്‍ന്ന് പൊലീസെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷവും പ്രവൃത്തികള്‍ തുടര്‍ന്നതോടെ മാര്‍ത്തോമാ ഭവന്‍ അധികൃതരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. സംഘം അക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പള്ളിയില്‍ പ്രാര്‍ഥനക്കു ചെന്ന കുന്നത്തുപറമ്പില്‍ കെ കെ ജിന്‍സണ്‍ പൊലിസില്‍ പരാതിയും നല്‍കി. താനും ഫാ.സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ളവരും ആക്രമിക്കപ്പെട്ടെന്നായിരുന്നു പരാതി. ഇതിനിടെയാണ് മഠവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ നശിപ്പിച്ചത്.

Tags:    

Similar News