അജിത് കുമാറും ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളയുമായുള്ള കൂടിക്കാഴ്ച്ച സംശയാസ്പദം; അടച്ചിട്ട മുറിയില്‍ ഇരുവരും സംസാരിച്ചത് എന്താണെന്നതില്‍ വ്യക്തതയില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു മുഖ്യമന്ത്രി
അജിത് കുമാറും ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളയുമായുള്ള കൂടിക്കാഴ്ച്ച സംശയാസ്പദം
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു മുഖ്യമന്ത്രി. റിപ്പോര്‍ട്ട് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാകവേയാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവെച്ചത്. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കാതെയാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളെ കണ്ടതിലാണ് സംശയങ്ങള്‍ ഡിജിപി ഉന്നയിക്കുന്നത്. . സന്ദര്‍ശനലക്ഷ്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രപതിയുടെ പൊലീസ് മെഡലിനുവേണ്ടി കണ്ടതാവാം എന്നാണ് സാധ്യത. എന്നാല്‍ ഇതിനുള്ള തെളിവ് ലഭിച്ചിട്ടില്ല.
ആര്‍എഎസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണ് സംസ്ഥാന പൊലീസ് മേധാവി പറയുന്നത്. ആര്‍.എസ്.എസ് നേതാവിനെ അജിത് കുമാര്‍ കണ്ടതിനുള്ള കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ജി.പിയാകാന്‍ ആര്‍.എസ്.എസ് നേതാവിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശരിവെക്കാനോ തള്ളിക്കളയാനോ തെളിവില്ലെന്നും ഡി.ജി.പി റിപ്പോര്‍ട്ടില്‍ പറയുന്നു.
എം.ആര്‍ അജിത് കുമാറിനെതിരായ രണ്ട് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകളാണ് ഇന്ന് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഡി.ജി.പി നടത്തിയ അന്വേഷണത്തിന്റെയും പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിന്റെയും റിപ്പോര്‍ട്ടുകളാണ് ഇവ. ഇതില്‍ ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.
ആര്‍.എസ്.എസ് നേതാക്കളെ അജിത് കുമാര്‍ രണ്ട് തവണ കണ്ടതിനുള്ള കാരണത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ തൃശൂരില്‍ വെച്ച് കണ്ടതില്‍ ചില സംശയങ്ങള്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ രാം മാധവിനെ തിരുവനന്തപുരത്ത് വെച്ച് കണ്ടതില്‍ അസ്വഭാവികതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു വേദിയില്‍ ഒന്നിച്ച് എത്തിയപ്പോഴാണ് ഇവര്‍ കണ്ടതെന്നും ഇതില്‍ ദുരുദ്ദേശമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദത്താത്രേയ ഹൊസബാളയെ തൃശൂരില്‍ വെച്ച് കണ്ടതില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. സന്ദര്‍ശനം വ്യക്തിപരമാണെങ്കിലും അടച്ചിട്ട മുറിയില്‍ ഇരുവരും സംസാരിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തെങ്കിലും സ്വാധീനത്തിന് ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ഡി.ജി.പിയാകാനോ പ്രസിഡന്റിന്റെ പോലീസ് മെഡല്‍ ലഭിക്കാനോ ആണ് അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടെന്ന ആരോപണമുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ ഇത് ശരിവെക്കുകയോ തള്ളുകയോ ചെയ്യുന്നില്ല. എന്നാല്‍ ഈ ആരോപണം ശരിയാണെങ്കില്‍ അത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദത്താത്രേയ ഹൊസബാളയെ കണ്ടതുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ വിശദീകരണം റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ 2023 ഏപ്രിലില്‍ തൃശൂരില്‍ വെച്ച് ആര്‍.എസ്.എസ് നേതാവ് ജയകുമാറാണ് ഈ സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്. താന്‍ അങ്ങോട്ട് കാണാന്‍ താല്‍പര്യപ്പെടുകയായിരുന്നെന്നും വേറെയും രാഷ്ട്രീയ, സാമൂഹിക നേതാക്കളെ താന്‍ സന്ദര്‍ശിക്കാറുണ്ടെന്നും ഇത് തന്റെ ജോലിക്ക് സഹായകരമാണെന്നും മൊഴിയില്‍ പറയുന്നു. എന്നാല്‍ ഇത് ഡി.ജി.പി മുഖവിലയ്ക്കെടുത്തിട്ടില്ല. അതേസമയം ഈ വിഷയത്തില്‍ തുടരന്വേഷണം നടത്തേണ്ടതിനെ കുറിച്ചൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച പല ആരോപണങ്ങള്‍ക്കും തെളിവുകളില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹത്തിന് കേട്ടുകേള്‍വികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നവ കേരള സദസുമായി ബന്ധപ്പെട്ട് അരീക്കോട് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന അന്‍വറിന്റെ ആരോപണം തെറ്റാണ്. രണ്ട് കേസുകള്‍ മാത്രമാണ് അരീക്കോട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെ'ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.