പാര്‍ട്ടിയില്‍ തന്നേക്കാള്‍ ഏറെ ജൂനിയറായ എം വി ഗോവിന്ദനെ സെക്രട്ടറി ആക്കിയപ്പോള്‍ വല്ലാതെ മുഷിഞ്ഞു; ഒരു വേള ബിജെപിയിലേക്ക് എടുത്തുചാടുമെന്ന് വരെ അഭ്യൂഹങ്ങള്‍; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ച ശേഷം സജീവമായത് സംസ്ഥാന സമ്മേളനത്തില്‍; ഇ പിയുടെ അഭൂതപൂര്‍വ തിരിച്ചുവരവ് പിണറായിയുടെ രഹസ്യ പിന്തുണയില്‍

ഇ പിയുടെ അഭൂതപൂര്‍വ തിരിച്ചുവരവ് പിണറായിയുടെ രഹസ്യ പിന്തുണയില്‍

Update: 2025-03-09 14:07 GMT

കണ്ണൂര്‍ : വിവിധ കോണുകളില്‍ നിന്നുള്ള ഒളിയുദ്ധങ്ങള്‍ നേരിട്ട ഇ.പി ജയരാജന് പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറന്നു. പ്രായപരിധിയെന്ന അളവുകോല്‍ ഉപയോഗിച്ചു ഒഴിവാക്കപ്പെടുമെന്ന് വിശ്വസിച്ച ഇപി ജയരാജന്റെ അവശ്വസനീയമായ തിരിച്ചു വരവാണ് കൊല്ലം സമ്മേളനം സാക്ഷ്യം വഹിച്ചത്.

എതിര്‍പ്പുകളെയും വിവാദങ്ങളെയും വിമര്‍ശനങ്ങളെയും മറികടന്നു കണ്ണൂരിലെ സീനിയര്‍ നേതാവായ ഇ.പി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തി. 'പ്രായപരിധി'യുടെ പേരില്‍ ഭാര്യാ സഹോദരിയായ പി.കെ ശ്രീമതി ടീച്ചര്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ ഇപിയെ നിലനിര്‍ത്താനാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്.

മധുരയില്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട നേതാവാണ് ഇ.പി ജയരാജന്‍. വൈദേകം റിസോര്‍ട്ടില്‍ കുടുംബാംഗങ്ങള്‍ക്കുള്ള ഉടമസ്ഥത, ബി.ജെ.പി കേരളാ പ്രഭാരി യായിരുന്ന പ്രകാശ് ജാവദേക്കറുമായി ആക്കുളത്തെ മകന്റെ ഫ്‌ളാറ്റില്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ച, ദല്ലാള്‍ നന്ദകുമാറും ശോഭാ സുരേന്ദ്രനുമായ വിവാദങ്ങള്‍, ഏറ്റവും ഒടുവില്‍ ആത്മകഥയെഴുതിയതിന്റെ ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതുവരെ ഇപിക്കെതിരെ ഒളിയമ്പുകളായി ഉയര്‍ന്നുവന്നു.

പാര്‍ട്ടിയില്‍ തന്നെക്കാള്‍ ഏറെ ജുനിയറായ എം.വി ഗോവിന്ദനെ കോടിയേരി ബാലകൃഷ്ണന്റ വിയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയാക്കിയതിന്റെ അതൃപ്തിയിലായിരുന്നു ഇ.പി ജയരാജന്‍. പകരം എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം പാര്‍ട്ടി നല്‍കിയെങ്കിലും ആലങ്കാരികമായ പദവി ഏറ്റെടുക്കാന്‍ ഇപി ജയരാജന് താല്‍പര്യമുണ്ടായിരുന്നില്ല കണ്ണൂരില്‍ ഒതുങ്ങി കൊണ്ടായിരുന്നു എല്‍.ഡിഎഫ് കണ്‍വീനറുടെ പ്രവര്‍ത്തനങ്ങള്‍.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ സംസ്ഥാന ജാഥയില്‍ നിന്നു വരെ അദ്ദേഹം വിട്ടു നിന്നത് വിവാദമായി. ഒടുവില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഇ പി തെറിച്ചു. ഇതിനിടെയില്‍ വൈദേകം റിസോര്‍ട്ടിലെ കുടുംബത്തിന്റെ ഓഹരി ഉടമസ്ഥതയെ കുറിച്ചു സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ ആരോപണമുന്നയിച്ചത് കുനിന്‍ മേല്‍ കുരുവായി മാറി. പ്രകാശ് ജാവേദ്ക്കര്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയെ ചൊല്ലി ഇ.പി ജയരാജന്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന പ്രചാരണം പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലുമുണ്ടായി. ഇത്തരം പ്രതിസന്ധികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായി തള്ളി പറയാതെ രഹസ്യമായി പിന്തുണച്ചതാണ് ഇപി ജയരാജന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വീണ്ടും തിരിച്ചു വരാന്‍ കളമൊരുക്കിയത്.


Tags:    

Similar News