15 കൊല്ലം ആന്‍ഡ്രുവിന്റെ ഭാര്യ സാറയെ തീറ്റിപ്പോറ്റിയത് എപ്സ്റ്റീന്‍; അടുത്ത ഊഴം സാറായുടെതെന്ന് റിപ്പോര്‍ട്ടുകള്‍; ആന്‍ഡ്രുവിന്റെ അറസ്റ്റ് രാജാവിനെ അറിയിച്ചില്ലെങ്കിലും ഹോം സെക്രട്ടറിയെ നേരത്തെ അറിയിച്ചു: നാണക്കേടില്‍ മുഖം നഷ്ടപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം
15 കൊല്ലം ആന്‍ഡ്രുവിന്റെ ഭാര്യ സാറയെ തീറ്റിപ്പോറ്റിയത് എപ്സ്റ്റീന്‍
ലണ്ടന്‍: ചാള്‍സ് രാജാവിന്റെ ഇളയ സഹോദരന്‍ എപ്സ്റ്റീന്‍ ഫയല്‍ വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായ സാഹചര്യത്തില്‍ ആന്‍ഡ്രുവിന്റെ മുന്‍ ഭാര്യ സാറ ഫെര്‍ഗുസനും വിവാദത്തിലാവുകയാണ്. വിവാഹമോചിതയാണെങ്കിലും ആന്‍ഡ്രുവിനൊപ്പം തന്നെയായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഏതാണ്ട് 15 വര്‍ഷക്കാലത്തോളം സാറയ്ക്ക് ചെലവിന് കൊടുത്തിരുന്നത് എപ്സ്റ്റീന്‍ ആയിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡസറില്‍ നിന്നും വിവാഹ മോചനം നേടിയ 1996 മുതല്‍ മുന്‍ യോര്‍ക്ക് ഡച്ചസിന് ചെലവിന് നല്‍കിയത് താനാണെന്നായിരുന്നു എപ്സ്റ്റീന്‍ അവകാശപ്പെട്ടിരുന്നത്. കുട്ടിപീഢകന്‍ തന്റെ ഒരു സുഹൃത്തിനയച്ച ഈമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.
ആന്‍ഡ്രുവിന്റെ അറസ്റ്റിനെ തുടര്‍ന്ന് സാറ ഫെര്‍ഗുസന്‍ ഒളിവില്‍ പോയതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ആന്‍ഡ്രുവിന്റെ അറസ്റ്റില്‍ മക്കളായ ബിയാട്രീസും യൂജിനും തകര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെയൊരു അറസ്റ്റ് ഉണ്ടാകുമെന്ന് അവര്‍ പ്രതീക്ഷച്ചതേയില്ല. എന്നാല്‍, നിയമം നിയമത്തിന്റെ വഴിയില്‍ നീങ്ങുമെന്ന് രാജാവിന്റെ നിലപാട് അവരെ ഞെട്ടിച്ചിരിക്കുകയാണ്. എപ്സ്റ്റീനില്‍ നിന്നും വാങ്ങി എന്ന് സാറ ഫെര്‍ഗുസന്‍ സമ്മതിച്ച 15,000 പൗണ്ടിനപ്പുറവും എപ്സ്റ്റീന്റെ സാമ്പത്തിക സഹായം നീളുന്നുണ്ട് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഈമെയില്‍ സന്ദേശം പറയുന്നത്.
ഇതോടെ മുന്‍ യോര്‍ക്ക് ഡച്ചസ്സിന്റെ സാമ്പത്തിക ഇടപാടുകളും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. അവരുടെ നിയന്ത്രണത്തിലുള്ള ആറ് വ്യാപാരസ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിക്കഴിഞ്ഞു. ആന്‍ഡ്രുവില്‍ നിന്നും വേര്‍പിരിഞ്ഞതിനു ശേഷമുള്ള സാറ ഫെര്‍ഗുസന്റെ ആഡംബര ജീവിതത്തിനുള്ള പണം എവിടെനിന്നും വന്നു എന്നത് വെളിപ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോള്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നത്. മാത്രമല്ല, കൗമാരകാലത്തും യൗവനത്തിന്റെ ആരംഭകാലത്തും ഇവരുടെ മക്കളായ ബിയാട്രീസും യൂജിനും നടത്തിയ ഒഴിവുകാല യാത്രകളുടെ സാമ്പത്തിക സ്രോതസ്സും വെളിപ്പെടുത്തണമെന്ന ആവശ്യവും ശക്തമാവുകയാണ്.
എപ്സ്റ്റീന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ച വ്യക്തിയാണെന്നും അയാളുമായി സൗഹൃദമുണ്ടാക്കിയതില്‍ ഖേദിക്കുന്നു എന്നും, മുന്‍ ഡച്ചസ്സ് 2011 ല്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ കുപിതനായി സാറയുടെ നന്ദികേടിനെ വിമര്‍ശിച്ചുകൊണ്ട് എപ്സ്റ്റീന്‍ സുഹൃത്തിനയച്ച ഈമെയില്‍ സന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
അതേസമയം, ആന്‍ഡ്രുവിനെ അറസ്റ്റ് ചെയ്യുന്ന വിവരം രാജാവിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെങ്കിലും ഹോം ഓഫീസിന് ഇക്കാര്യം അറിയാമായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ ചിലത് സൂചിപ്പിക്കുന്നത്. മഫ്തിയിലുള്ള പോലീസ് സംഘം സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വുഡ് ഫാമില്‍ എത്തുന്നതിനു മുന്‍പായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദുമായി ബന്ധപ്പെട്ടിരുന്നു എന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റ് നടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പായി നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍, വെസ്റ്റ്മിനിസ്റ്റര്‍ മാര്‍ഷാം സ്ട്രീറ്റിലെ ഹോം വകുപ്പിന്റെ ആസ്ഥാനത്തുള്ള മഹ്‌മൂദിന്റെ ഒരു സഹായിക്ക് വിവരം കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, രാജാവിനെയോ കൊട്ടാരത്തെയോ ഈ അറസ്റ്റിനെ കുറിച്ച് തെംസ് വാലി പോലീസ് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നും അറിയാനായിട്ടുണ്ടെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആധുനികകാല ബ്രിട്ടീഷ് ചരിത്രത്തില്‍ അറസ്റ്റിലാകുന്ന ആദ്യ മുതിര്‍ന്ന രാജകുടുംബാംഗമാണ് ആന്‍ഡ്രു.
