ചുറ്റും ഗതാഗത കുരുക്ക്; കസേരകളില്‍ ഇരുന്ന് മൊബൈല്‍ ആസ്വാദനം നടത്തിയ പോലീസ്; കുരുക്കഴിച്ചത് ഓട്ടോ ഡ്രൈവര്‍; എല്ലാം ഷിജോ ഫോണില്‍ പകര്‍ത്തി; പ്രകോപിതനായ പോലീസ് കൈയ്യേറ്റം ചെയ്തു; പ്രതികാരത്തില്‍ കേസെടുത്ത് അഴിക്കുള്ളിലാക്കി; കോടതിയില്‍ സത്യം തെളിഞ്ഞത് ഒരു വീഡിയോയില്‍; എരുമേലി പോലീസിന്റെ ക്രൂരത പുറത്ത്

Update: 2024-12-27 07:02 GMT

കോട്ടയം: പോലീസിനെ ചോദ്യം ചെയ്താല്‍ പണി ഉറപ്പാണ്. ഗതാഗത കുരുക്ക് പരിഹരിക്കാതെ പോലിസ് കാഴ്ചക്കാരായി ഇരിക്കുന്നതിന്റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന്റെ പേരില്‍ പോലീസിനെ ആക്രമിച്ചെന്ന് കേസെടുത്ത് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതും ഈ ക്രൂരതയ്ക്ക് തെളിവായിരുന്നു. എന്നാല്‍ കോടതി ഇവിടെ യുവാവിന് തുണയായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഈ വീഡിയോ കോടതി പരിശോധിക്കുകയും ചെയ്തതോടെ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. അങ്ങനെ എരുമേലി പോലീസിന്റെ കള്ളകേസ് പൊളിഞ്ഞു. ഇനി കള്ളക്കേസെടുത്തവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി സ്വദേശിയും തൊടുപുഴയില്‍ പ്രസ് ജീവനക്കാരനുമായ നെല്ലോലപൊയ്ക ഷിജോ ജോസിനാണ് കാഞ്ഞിരപ്പള്ളി കോടതി ജാമ്യം അനുവദിച്ചത്. കോടതിയില്‍ ഇല്ലാതിരുന്ന അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രത്യേക ദൂതന്‍ മുഖേനെയുള്ള കോടതിയുടെ നിര്‍ദേശപ്രകാരം ഓണ്‍ലൈനില്‍ ഹാജരായി. പ്രതിക്ക് ജാമ്യം നല്‍കുന്നത് പോലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉന്നയിച്ചപ്പോള്‍ പോലിസ് എടുത്തത് കള്ളക്കേസ് ആണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം ഉണ്ടെന്നും ഇത് കോടതി കാണണമെന്ന് ഷിജോയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബിനോയ് മങ്കന്താനം അഭ്യര്‍ത്ഥിച്ചു. ഇത് തീര്‍ത്തും അപ്രതീക്ഷിതമായി.

സംഭവം കണ്ടുകൊണ്ട് നിന്ന നാട്ടുകാര്‍ ആണ് തത്സമയം ഒരു മിനിറ്റ് ദൈര്‍ഘ്യം ഉള്ള ഈ വീഡിയോ സ്വന്തം ഫോണില്‍ പകര്‍ത്തിയതെന്ന് അഡ്വ. ബിനോയ് പറഞ്ഞു. കോടതി ഈ വീഡിയോ കണ്ടതോടെ പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എരുമേലി ടൗണില്‍ പെട്രോള്‍ പമ്പ് ജങ്ഷനില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. തൊടുപുഴയില്‍ ജോലിക്ക് പോകാന്‍ ഇവിടെ ഷിജോ ബസ് കാത്തു നില്‍ക്കുമ്പോള്‍ റോഡിലുടനീളം ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. ഈ സമയത്ത് ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ കുരുക്ക് പരിഹരിക്കാതെ മാറി കസേരകളില്‍ ഇരുന്ന് മൊബൈല്‍ ഫോണുകളില്‍ പരിപാടികള്‍ കണ്ട് ആസ്വദിക്കുകയായിരുന്നെന്ന് ഷിജോ പറഞ്ഞു.

ശബരിമല സീസണായതു കൊണ്ടു തന്നെ എരുമേലിയില്‍ വലിയ തിരക്കാണ്. ഈ സമയം ഒരു ഓട്ടോ ഡ്രൈവര്‍ ട്രാഫിക് ഡ്യൂട്ടി ഏറ്റെടുത്ത് വാഹനങ്ങള്‍ നിയന്ത്രിക്കുന്നത് കണ്ട് ഷിജോ ഈ രംഗങ്ങളും പോലിസ് ഡ്യൂട്ടി ചെയ്യാതെ ഇരിക്കുന്നതും ഫോണില്‍ പകര്‍ത്തി. ഇടമറുക് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറിന്റെ ഡ്രൈവറും എരുമേലി സ്വദേശിയുമായ വില്‍സണ്‍ എന്നയാളും ഷിജോയ്‌ക്കൊപ്പം ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇത് കണ്ട് പോലീസുകാരില്‍ സി കെ അഭിലാഷ് എന്ന ആള്‍ ഇരുവരെയും കയ്യേറ്റം ചെയ്യുന്ന ദൃശ്യം പൊതുജനങ്ങള്‍ പകര്‍ത്തിയത് ആണ് കോടതിയില്‍ ഷിജോയുടെ അഭിഭാഷകന്‍ ഹാജരാക്കിയത്.

വില്‍സണെയും ഷിജോയെയും പോലീസുകാരന്‍ തള്ളി മാറ്റുകയും ഇരുവരുടെയും വീഡിയോ ഫോണില്‍ പകര്‍ത്തുകയും ഷിജോയുടെ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതും ഉള്‍പ്പടെ ദൃശ്യങ്ങള്‍ ആണ് കോടതിയില്‍ സമര്‍പ്പിച്ച വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇരുവരെയും തള്ളി മാറ്റുന്നതിനിടെ പോലീസുകാരന്റെ കൈവശമുള്ള വയര്‍ലെസ് സെറ്റ് താഴെ വീണുപോയിരുന്നു. ഈ സമയം സ്ഥലത്ത് എത്തിയ സബ് ഇന്‍സ്പെക്ടര്‍ ഷിജോയെയും വില്‍സണെയും പോലിസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. വില്‍സണെ ഉച്ചയോടെ വിട്ടയച്ചു. ഷിജോയുടെ പേരില്‍ പോലീസിനെ ആക്രമിച്ചെന്ന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് പൊന്‍കുന്നം സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. അങ്ങനെ ചെയ്യാത്ത കുറ്റത്തിന് ജയിലിലുമായി.

പോലീസുകാരനെ ഷിജോ ആക്രമിച്ച് താഴെ വീഴ്ത്തിയെന്നും വയര്‍ലെസ് സെറ്റ് പിടിച്ചു പറിച്ചു എറിഞ്ഞെന്നും ഉള്‍പ്പടെ ഡ്യൂട്ടി തടസപ്പെടുത്തി ആക്രമിച്ചെന്നായിരുന്നു കേസ്. എന്നാല്‍ ഇത് വാസ്തവം അല്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ആയിരുന്നു വീഡിയോയില്‍. പോലിസ് എടുത്ത കള്ളക്കേസ് റദ്ദാക്കി പുനരന്വേഷണം നടത്തണമെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ശിക്ഷാ നടപടി ആവശ്യപ്പെട്ടും ജില്ലാ പോലിസ് മേധാവിക്ക് ഇന്ന് പരാതി നല്‍കുമെന്ന് അഡ്വ. ബിനോയ്, ഷിജോ എന്നിവര്‍ അറിയിച്ചു. ഷിജോയെ പോലിസ് സ്റ്റേഷനില്‍ കാണാന്‍ ചെന്ന പിതാവിനെ വനിതാ പോലിസ് ഉദ്യോഗസ്ഥ അസഭ്യം പറഞ്ഞെന്നും ചില പോലീസുകാര്‍ ഷിജോയോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തെന്നും അഡ്വ. ബിനോയ് പറഞ്ഞു.

Tags:    

Similar News