മണ്ണെടുപ്പിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭം നടത്തുന്ന കടലിക്കുന്ന് മലയില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് തൊഴിലാളി മരിച്ചു; സ്ഥലത്തു വന്ന പോലീസിന്റെ അടക്കം വാഹനങ്ങള്‍ പ്രദേശവാസികള്‍ തടഞ്ഞു; പ്രക്ഷോഭം ശക്തമാകും
മണ്ണുമാന്തി യന്ത്രം മറിഞ്ഞ് തൊഴിലാളി മരിച്ചു
പന്തളം: ഒരു മല അപ്പാടെ വിഴുങ്ങുന്ന മണ്ണെടുപ്പിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭം നടത്തുന്ന കുളനട പൈവഴി കടലിക്കുന്നുമലയില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അതിന് അടിയില്‍പ്പെട്ട് തൊഴിലാളി മരിച്ചു. മറ്റൊരാള്‍ക്ക് പരുക്കേറ്റു. പശ്ചിമബംഗാള്‍ സ്വദേശി സൂരജ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. നേരത്തേ എടുത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കുന്നതിനിടെ എസ്‌കവേറ്റര്‍ മറിയുകയായിരുന്നു. സൂരജ് അതിന് അടിയില്‍ വീണ് തല്‍ക്ഷണം മരിച്ചു.
ചെങ്ങന്നൂരില്‍ നിന്ന് വന്ന അഗ്‌നിശമനസേന വാഹനം ഉയര്‍ത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുളനട ആറന്മുള റൂട്ടില്‍ പൈവഴി ജങ്ഷന് സമീപമാണ് ഉയര്‍ന്ന മലയായ കടലിക്കുന്ന് ഇടിച്ചു നിരത്തി മണ്ണെടുക്കുന്നത്. ഇതിനെതിരേ കടലിക്കുന്ന് സംരക്ഷണ സമിതി പ്രക്ഷോഭം നടത്തി വരികയാണ്. അധികാര കേന്ദ്രങ്ങളിലും മറ്റും പരാതി നല്‍കി. അടൂര്‍ ആര്‍ഡി ഓഫീസിലേക്ക് മാര്‍ച്ചും നടത്തി.
അപകടം അറിഞ്ഞ് സ്ഥലത്ത് വന്ന പോലീസിന്റേത് ഉള്‍പ്പെടെ അധികൃതരുെട വാഹനങ്ങള്‍ സമര സമിതി പ്രവര്‍ത്തര്‍ തടഞ്ഞിട്ടു. നാടിന്റെ ചരിത്രത്തിനൊപ്പം പ്രാധാന്യമുള്ള കടലിക്കുന്ന് കുളനട, മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.
കുളനട പഞ്ചായത്തിലെ പൈവഴി, ഉള്ളന്നൂര്‍ തിരുവമ്പാടി, വട്ടയം, കുഴിപാറ, വാട്ടര്‍ ടാങ്ക്, മുകളിശ്ശേരി, ചുവട്ടാന, കടലിക്കുന്ന്, മലഞ്ചെരുവില്‍, ഗിരിദീപം സ്‌കൂള്‍, കൈതക്കാട്, നാരകത്തു മണ്ണില്‍, മംഗലത്തില്‍, പുതുവാക്കല്‍, ഉള്ളന്നൂര്‍, കൈപ്പുഴ, പാണില്‍, പനങ്ങാട് എന്നീ പ്രദേശങ്ങളെയാകെ പാരിസ്ഥിതികമായ സംതുലനത്തില്‍ നിലനിര്‍ത്തുന്നതും ഭൂമിക്കും ഭൂഗര്‍ഭ ജലത്തിനും കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായ അടിസ്ഥാന ജലസ്രോതസുമാണ് കടലിക്കുന്നു മല.
മലയുടെ എല്ലാ ഭാഗത്തു നിന്നും ചെറുതും വലുതുമായ നീരൊഴുക്കും തോടുകളും ജലസമൃദ്ധമായി എപ്പോഴും ഉള്ളത് ഇവിടുത്തെ പാടങ്ങളിലെ കൃഷിക്ക് സഹായകരമാണ്. ഈ മലയിലും മലയുടെ ചുറ്റുമുള്ള ചരിവിലും താഴ്വരയിലും ആയിരത്തിലധികം വീടുകള്‍ സ്ഥിതി ചെയ്യുന്ന കാര്‍ഷിക മേഖലയാണ് ഈ പ്രദേശം നൂറിലധികം പട്ടിക ജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന കടലിക്കുന്നു പട്ടിക ജാതി സെറ്റില്‍മെന്റ് കോളനി ഈ മലയിലും ചരിവുകളിലുമാണ്. വേനല്‍കാലത്ത് മാത്രമല്ല ഏതു സമയത്തും കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമാണ് ഇത്. പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന കടലിക്കുന്നു കുടിവെള്ള പദ്ധതിയുടെ ജലസംഭരണി ഈ മലയിലാണ് സ്ഥിതി ചെയ്യുന്നത്.
മലയുടെ മുകളില്‍ ഭൂരിഭാഗവും ഇരട്ടക്കുളങ്ങര രാജവില്ലയില്‍ ഷൈല വര്‍ഗീസിന്റെ കൈവശമാണ്. മലയുടെ മുകള്‍ ഭാഗം ഇവരുടെ അതിര് കഴിഞ്ഞാല്‍ അതിലും മുകളിലോട്ട് മറ്റുള്ള മൂന്ന് വ്യക്തികളുടേതാണ്. അവരുടെ സമ്മതം ഇല്ലാതെയാണ് ഇപ്പോള്‍ മണ്ണെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് 1.67 ഏക്കറില്‍ നിന്നും 81000 മെട്രിക് ടണ്‍ മണ്ണ് എടുക്കാനുള്ള അനുവാദമാണ് ജിയോളജി വകുപ്പില്‍
നിന്നും അനുവദിച്ചിരിക്കുന്നത്. വലിയ ടോറസ്സില്‍ ഏകദേശം 200 ലോഡ് എങ്കിലും ഇതുവരെയും പോയിട്ടുണ്ട്. ഏകദേശം 3000 ലോഡ് മണ്ണെങ്കിലും അവര്‍ കടത്തുമെന്നാണ് മനസ്സിലാക്കുന്നത്.
ഈ മണ്ണെടുപ്പ് തുടര്‍ന്നാല്‍ മഴക്കാലത്ത് വന്‍ മണ്ണിടിച്ചിലിന് കാരണമാവുകയും താഴെയുള്ള പട്ടികജാതി കോളനി സഹിതം ധാരാളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. മലയുടെ മുകള്‍ ഭാഗം ഒന്നര ഏക്കറിലധികം ഇല്ലാതാക്കും വിധം മണ്ണെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. മുമ്പ് ജനങ്ങള്‍ ഈ മണ്ണെടുപ്പിനെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ നിര്‍ത്തി വച്ചെങ്കിലും വീണ്ടും അനുമതി ലഭിച്ചതോടെ ആരംഭിച്ചിരിക്കുകയാണ്.
പാരിസ്ഥിതിക പ്രശ്നങ്ങളോ നീരൊഴുക്കിനെക്കുറിച്ചോ ജല ലഭ്യതയെക്കുറിച്ചോ കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചോ അവിടത്തെ ജനങ്ങളുടെ ജീവിത സുരക്ഷയോ പരിഗണിക്കാതെയും പഠനം നടത്താതെയും വ്യാവസായിക അടിസ്ഥാനത്തില്‍ മണ്ണെടുക്കാന്‍ റവന്യു, ജിയോളജി വകുപ്പുകള്‍ അനുമതി കൊടുത്തത്തിനെതിരെ വലിയ ജനവികാരം ഉയര്‍ന്നു വന്നു.
ഇതിനെതിരെ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഈ മലയുടെ പരിസരവാസികള്‍ എന്നിവര്‍ ഒന്നിച്ചുകൂടുകയും കടലിക്കുന്നു മലയിലെ മണ്ണെടുപ്പിനെതിരെ പ്രതിഷേധിക്കാനും കടലിക്കുന്ന് സംരക്ഷിക്കണമെന്നുമാശ്യപ്പെട്ട്
ജില്ലാ കളക്ടറടക്കമുള്ള അധികാരികള്‍ക്കും ജിയോളജി, റവന്യു, വകുപ്പുകള്‍ക്കും പരാതി കൊടുത്തിട്ടുണ്ടെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല.
ചുറ്റുമുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമാകും വിധം മലയുടെ ഒരു ഭാഗം മുഴുവന്‍ വ്യാവസായികമായി മണ്ണ് എടുത്തു മാറ്റുന്നത് ഒരു നാടിനെ മുഴുവന്‍ ഭയാശങ്കയിലാക്കിയിരിക്കുകയാണ്. മണ്ണെടുപ്പിനെതിരെ കുളനട ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ഠേന പ്രമേയം പാസാക്കി അധികൃതരെ അറിയിച്ചിട്ടും മണ്ണെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ പ്രദേശവാസികളും ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും ഒന്നിച്ചുകൂടുകയും കടലിക്കുന്നു സംരക്ഷണ സമിതി രൂപീകരിക്കുകയും ജനകീയ സമരം ആരംഭിക്കുകയും ചെയ്തത്.
വലിയ മലയുടെ മധ്യ ഭാഗത്തുനിന്നും ഏകദേശം രണ്ടേക്കറോളം സ്ഥലം മാര്‍ക്ക് ചെയ്താണ് ഇപ്പോള്‍ മണ്ണെടുപ്പ് നടക്കുന്നത്. ഇത് അനുവദിച്ചു കൊടുത്താല്‍ ആയിരക്കണക്കിന് ലോഡ് മണ്ണ് ഇവിടുന്ന് പോവുകയും അതിന്റെ ഫലമായി 75 മുതല്‍ 300 അടി വരെ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്യും. സ്വാഭാവികമായി മഴക്കാലം വരുമ്പോള്‍ ബാക്കിയുള്ള മൂന്നു വശങ്ങളില്‍ നിന്നും ശക്തമായ മണ്ണിടിച്ചിലും മലയിടിച്ചിലും ഉണ്ടാകാനും അത് ഒരു നാടിനെ തന്നെ ഇല്ലാതാക്കാനും സാധ്യതയുണ്ട്.
പൈവഴി, ഉള്ളന്നൂര്‍, വെട്ടിക്കുന്ന് മല, ഇരുമ്പന്‍പാറ, തിരുവമ്പാടി, വട്ടയം, കുഴിപാറ, വാട്ടര്‍ ടാങ്ക്, മുകളിശ്ശേരി, ചുവട്ടാന, കടലിക്കുന്ന്, മലഞ്ചെരുവില്‍, ഗിരിദീപം സ്‌കൂള്‍, കൈതക്കാട് , നാരകത്തു മണ്ണില്‍, മംഗലത്തില്‍, പുതുവാക്കല്‍, പാണില്‍, പനങ്ങാട്, കുളനട തുടങ്ങി എല്ലാ സ്ഥലങ്ങളും കവളപ്പാറയിലും ചൂരല്‍ മലയിലും ഉണ്ടായ ദുരന്തത്തിന് സമാനമായ ദുരനുഭവം ഉണ്ടാകും.
അടുത്തയിടെ വെറും അഞ്ചു മിനിറ്റോളം പെയ്ത കനത്ത മഴയ്ക്ക് മണ്ണെടുക്കുന്ന സ്ഥലത്തുനിന്നും ഏകദേശം 300 മീറ്ററോളം താഴെയുള്ള രണ്ടു വീടുകളുടെ മുറ്റത്തേക്ക് മണ്ണും കല്ലും ഒലിച്ചതു തന്നെ വളരെയധികം ഭയാശങ്ക ഉണര്‍ത്തുന്നതാണ്. ഇത് ആരെ ഒക്കെ ബാധിക്കുമെന്നത്
പ്രവചനാതീതമാണ്.