ഇഷ്ടഭക്ഷണം ഡ്രൈ ഫ്രൂട്ട്സും, മുട്ടയും,ചോളവും; ഭാരം 1500 കിലോ; ഇവന്റെ ബീജം തേടിയെത്തുന്നവരും ഏറെ; ഉടമ ഇവനെ കാണുന്നത് സ്വന്തം സഹോദരനെപോലെ; 23 കോടി വില പറഞ്ഞിട്ടും വിൽക്കില്ലെന്ന് ഉറച്ച് ഉടമ; പുഷ്കർ മേളയിൽ സ്റ്റാറായി ഭീമൻ പോത്ത് അൻമോലിൻ..!
ചണ്ഡിഗഡ്: ചില വളർത്തുമൃഗങ്ങൾ ശരീരഘടന കൊണ്ടും അവയുടെ തലയെടുപ്പ് കൊണ്ടും പെട്ടെന്ന് ഫേമസ് ആകും. അങ്ങനെ ഒരു ഭീമൻ പോത്ത് ആണ് ഇപ്പോഴത്തെ താരം. ഇപ്പോഴിതാ രാജ്യത്തെ കാർഷിക മേളകളിൽ താരമായ ഭീമൻ പോത്ത് പുഷ്കർ മേളയിലും താരമാവുകയാണ്. ഹരിയാനയിൽ നിന്നെത്തിച്ച 1500 കിലോ ഭാരമുള്ള അൻമോൽ എന്ന പോത്താണ് വലിയ രീതിയിൽ പുഷ്കർ മേളയിൽ ആളുകളെ ഇപ്പോൾ ആകർഷിക്കുന്നത്.
മേള കാണാൻ എത്തുന്ന നിരവധിപ്പേരാണ് അൻമോലിൻ എന്ന ഭീമൻ പോത്തിനെ കാണാൻ എത്തുന്നത്. ചിലർ പോത്തിന് 23 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ലുക്ക് കൊണ്ടാണ് അൻമോലിൻ എന്ന ഭീമൻ പോത്ത് ആളുകൾക്കിടയിൽ ആകർഷകമായത്. കൂടാതെ അൻമോലിന്റെ ബീജം തേടി എത്തുന്നവരും നിരവധിയാണ്.
കുടുതലും ക്ഷീരകർഷകരാണ് ഇവന്റെ ബീജത്തിനായി എത്തുന്നത്. വെറും എട്ട് വയസുള്ള അൻമോലിൻ ഹരിയാനയിലെ സിർസയാണ് സ്വദേശം. ദിവസേന 1500 രൂപയിലേറെയാണ് അൻമോലിന്റെ ഭക്ഷണത്തിനായി ചിലവിടുന്നത്. ഡ്രൈ ഫ്രൂട്ട്സും കലോറി നിറഞ്ഞ ഭക്ഷണവുമാണ് അൻമോലിന്റെ പ്രത്യേക ഡയറ്റ്. 250 ഗ്രാം ബദാം, 4 കിലോ മാതള നാരങ്ങ, 30 വാഴപ്പഴം, 5 കിലോ പാൽ, 20 മുട്ട എന്നിവയ്ക്ക് പുറമേ ഓയിൽ കേക്ക്, നെയ്യ്, സോയാ ബീൻ, ചോളം എന്നിവയും അടങ്ങുന്നതാണ് അൻമോലിന്റെ ഡയറ്റ്.
ദിവസം രണ്ട് നേരമാണ് ആശാൻ കുളിക്കുന്നത്.അതും ബദാം എണ്ണയിലും കടുകെണ്ണയും തേച്ചാണ് കുളിക്കുന്നത്. പരിപാലനം വൻ ചെലവാണ് വരുത്തുന്നതെങ്കിലും അൻമോലിനെ വിൽക്കാൻ ഉടമയായ ഗിൽ ഇതുവരെ തയ്യാറല്ല. ആഴ്ചയിൽ രണ്ട് തവണയാണ് അൻമോലിന്റെ ബീജം ശേഖരിക്കുന്നത്. അൻമോലിന്റെ ബീജം മാത്രം വിറ്റ് 5 ലക്ഷം രൂപയാണ് മാസം വരുമാനം ലഭിക്കുന്നതെന്നാണ് ഗിൽ പറയുന്നു.
ചിലർ വലിയ ആഢംബര കാറുകളുടെ വില നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടും ഉടമ വിൽക്കാൻ തയ്യാറാകുന്നില്ല. സഹോദരനെ പോലെ കരുതുന്ന അൻമോലിനെ വിൽക്കാൻ തയ്യാറല്ലെന്നാണ് ഉടമയും വിശദമാക്കുന്നത്.