വിമാന സുരക്ഷാനിയമം ചുമത്തിയുള്ള കുറ്റപത്രത്തിന് കേന്ദ്രത്തിന്റെ അനുമതിയില്ല; പിണറായിയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കള്ള വകുപ്പുകള്‍ ചേര്‍ത്തത് വിനയാകുന്നു; എയര്‍ക്രാഫ്റ്റ് ആക്ടിലെ സെക്ഷനുകള്‍ ഫര്‍സീന്‍ മജീദിനെതിരെ നിലനില്‍ക്കില്ല; ഇന്‍ഡിഗോ വിമാനത്തിലെ കേസ് പാളിയേക്കും

Update: 2025-09-03 03:07 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ച കേസില്‍ വിമാന സുരക്ഷാനിയമം ചുമത്തിയുള്ള കുറ്റപത്രത്തിന് കേന്ദ്രത്തിന്റെ അനുമതിയില്ലാത്തത് പോലീസിന് തലവേദനയാകും. പ്രതികളായ ഫര്‍സീന്‍ മജീദ് (27), നവീന്‍ കുമാര്‍ (37), സുനീത് നാരായണന്‍ എന്നിവര്‍ക്കെതിരേ എയര്‍ക്രാഫ്റ്റ് ആക്ടിലെ സെക്ഷന്‍ 11എ, എയര്‍ക്രാഫ്റ്റ് റൂള്‍സിലെ സെക്ഷന്‍ 3(1) (എ) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഈ വകുപ്പുകള്‍ കേസില്‍ നിലനില്‍ക്കില്ലെന്നാണ് കേന്ദ്രനിലപാട്.

കേസിലെ തുടര്‍നടപടികളെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി ഡി.ജി.പിയുടെ അഭിപ്രായം തേടി. പ്രതികള്‍ യൂത്ത് കോണ്‍ഗ്രസുകാരാണ്. ഇവരെ തടഞ്ഞ ഇ.പി. ജയരാജന് ഇന്‍ഡിഗോ മൂന്നാഴ്ച യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം ജയരാജനെതിരെ കേസെടുത്തെങ്കിലും വിമാന സുരക്ഷാ നിയമം ചുമത്തിയിരുന്നില്ല. നേരത്തെ ഫര്‍സീന്‍ മജീദിന്റെ ശമ്പള വര്‍ദ്ധന തടഞ്ഞ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ കിട്ടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമാണ് ഫര്‍സീന്‍ മജീദ്.

അധ്യാപകനായ ഫര്‍സീന്റെ ഒരു വര്‍ഷത്തെ ശമ്പള വര്‍ധന തടഞ്ഞു കൊണ്ട് മുട്ടന്നൂര്‍ യുപി സ്‌കൂള്‍ മാനേജ്മെന്റ് നടപടിയെടുത്തിരുന്നു. സ്ഥാപന മേധാവിയെ അറിയിക്കാതെ യാത്ര ചെയ്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. മുഖ്യമന്ത്രിക്കെതിരെ ആക്രമണത്തിന് ശ്രമിച്ചെന്നും അധ്യാപക പദവിക്കുതന്നെ കളങ്കം വരുത്തിയെന്നും ഉത്തരവില്‍ ഉണ്ടായിരുന്നു. പതിനാല് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ ഉത്തരവ് അന്തിമമായിരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ ഇത് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണെന്നായിരുന്നു ഫര്‍സീന്റെ ആരോപണം.

2022 ജൂണ്‍ പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വധശ്രമം, ഗൂഢാലോചന, വ്യോമയാന നിയമത്തിലെ വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുതത്. 13 ദിവസം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവിലൂടെയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. നേരത്തെ ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസിന്റെ നിര്‍ദേശം വലിയ ചര്‍ച്ചയായിരുന്നു.

ഫര്‍സീന്‍ മജീദിനെ കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തണമെന്നാണ് പോലീസ് കണ്ടെത്തിയത് വിചിത്രമായാണ്. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയത്. ഇതൊന്നും പക്ഷേ നടന്നിരുന്നില്ല.

2018 മുതല്‍ ഫര്‍സീന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ആ റിപ്പോര്‍ട്ട്. രാഷ്ട്രീയമായി പകവീട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനായി പോലീസിനെ ഉപയോഗിക്കുന്നുവെന്നുമാണ് ഫര്‍സീന്‍ മജീദും കോണ്‍ഗ്രസ് നേതാക്കളും അന്ന് പ്രതികരിച്ചത്. പെറ്റി കേസ് അടക്കം കാപ്പ ചുമത്താന്‍ ഉപയോഗിച്ചുവെന്നും വ്യക്തമായിരുന്നു.

Tags:    

Similar News