ഫെമിക്കിഷ്ടം കടന്നലുകളും തേനീച്ചകളും; കണ്ണൂരിലെ മിടുക്കിയെ തേടിയെത്തിയത് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിന്റെ ഒന്നേമുക്കാല്‍ കോടി രൂപയുടെ ഓഫര്‍; കര്‍ഷക കുടുംബത്തിലെ പെണ്‍കുട്ടിയുടെ ഗവേഷണം കടന്നലുകളുടെ 'തനി' സ്വഭാവത്തെ കുറിച്ചറിയാന്‍ ലോകത്തെ സഹായിച്ചേക്കും
കണ്ണൂരിലെ മിടുക്കിയെ തേടിയെത്തിയത് ഒന്നേമുക്കാല്‍ കോടി രൂപയുടെ ഓഫര്‍
തിരുവനന്തപുരം: കടന്നലിന്റെയും തേനീച്ചയുടെയും ഒക്കെ ഒരു കുത്തു കിട്ടിയാല്‍ പിന്നെ ജീവിതത്തില്‍ അവറ്റയുടെ സമീപത്തേക്ക് പോകാത്തവരാണ് സാധാരണക്കാര്‍. എന്നാല്‍ ഓടിക്കളിച്ചു തുടങ്ങിയ നാള്‍ മുതല്‍ വീട്ടിലെ റബര്‍ തോട്ടത്തില്‍ പിതാവ് നടത്തിയ തേനീച്ച കൃഷി കണ്ടു വളര്‍ന്ന ഫെമി ബെന്നിക്ക് കടന്നാലും തേനീച്ചയും അടക്കമുള്ള പ്രാണികള്‍ നല്ല കൂട്ടുകാരെ പോലെയാണ്. ചെറുപ്പം മുതലേ അത്യാവശ്യം കുത്തൊക്കെ കിട്ടിയിട്ടുള്ളതിനാല്‍ ആ പേടിയൊന്നും ഇപ്പോള്‍ ഫെമിക്കൊപ്പമില്ല.
മാത്രമല്ല ഈ കുത്തുകാര്‍ എങ്ങനെ അത്തരക്കാരായി എന്നത് ലോകം എത്രയോ കാലമായി കൗതുകത്തോടെ തിരയുന്ന കാര്യമാണ്. ഇപ്പോള്‍ കണ്ണൂര്‍ എടത്തൊട്ടിയിലെ ഫെമിക്കും അത് തന്നെയാണ് ഗവേഷണ വിഷയം എന്നറിഞ്ഞപ്പോള്‍ ഒന്നും നോക്കാതെയാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് (യുസിഎല്‍) ഒന്നേമുക്കാല്‍ കോടി രൂപ സ്‌കോളര്‍ഷിപ്പ് നല്‍കി നാലു വര്‍ഷത്തെ പഠനത്തിനും ഗവേഷണത്തിനും ഫെമിയെ ലണ്ടനില്‍ എത്തിച്ചിരിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് ഇത്രയും ഉയര്‍ന്ന സ്‌കോളര്‍ഷിപ്പോടെ ഒരു മലയാളി വിദ്യാര്‍ത്ഥി യുകെയില്‍ എത്തുന്നത് എന്നതും ഫെമിയുടെ കാര്യത്തില്‍ പ്രത്യേകതയാണ്.
വിവിധ ഗവേഷണങ്ങള്‍ക്കായി ആയിരക്കണക്കിന് അപേക്ഷകരില്‍നിന്ന് 40 പേരെയാണ് യുസിഎല്‍ തിരഞ്ഞെടുക്കുക. ഇതില്‍ ഏക മലയാളിയാണ് ഫെമി. കടന്നലുകളുടെ ജൈവവൈവിധ്യം സംബന്ധിച്ച 'ഇക്കോളജി ആന്‍ഡ് ബിഹേവിയര്‍' എന്നതിലാണ് ഫെമിയുടെ സ്‌പെഷലൈസേഷന്‍. എടത്തൊട്ടിയിലെ എഴുത്തുപള്ളിക്കല്‍ ബെന്നിയുടെയും ഗ്രേസിയുടെയും മകളാണ് ഫെമി. കൃഷിക്കാരാണ് ബെന്നിയും ഗ്രേസിയും. ഇവരുടെ റബര്‍ത്തോട്ടത്തില്‍ നിറയെ തേനീച്ചപ്പെട്ടികളുണ്ട്. റാണി ഈച്ചയെ ബെന്നി കയ്യിലെടുക്കുന്നതും അതിനു ചുറ്റും മറ്റു തേനീച്ചകള്‍ വട്ടമിട്ടു പറക്കുന്നതും കണ്ടു വളര്‍ന്ന ഫെമിയ്ക്ക് കുട്ടിക്കാലത്തു തന്നെ അവയോടുള്ള പേടി മാറിയിരുന്നു. പിന്നെയാണ് അവയെ കുറിച്ച് പഠിക്കാനുള്ള ആഗ്രഹമുണ്ടായത്.
കോഴിക്കോട് പ്രോവിഡന്‍സ് കോളജില്‍നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് അപ്ലൈഡ് സുവോളജിയില്‍ (എന്റമോളജി) ഒന്നാം റാങ്കോടെ എംഎസ്‌സിയും പൂര്‍ത്തിയാക്കി ജെആര്‍എഫ് നേടി ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റില്‍ (എടിആര്‍ഇഇ) ഗവേഷണം നടത്തുമ്പോഴാണ് സ്‌കോളര്‍ഷിപ്പ് കിട്ടിയത്.
ഇന്റര്‍നെറ്റിലും ജേണലുകളിലും കുറെ തിരഞ്ഞാണ് കടന്നലുകളെക്കുറിച്ചുള്ള (വാസ്പ്) ഗവേഷണത്തിന് പേരുകേട്ട, യുസിഎലിലെ ഡോ.സിറിയന്‍ സംനറിലേക്ക് എത്തിയത്. ഏഷ്യന്‍ ജയന്റ് ഹോണറ്റ് എന്ന കടന്നലിനെക്കുറിച്ച് പഠിക്കാനായിരുന്നു താല്‍പര്യം. അതിനൊപ്പം മനസിലുള്ള ആശയങ്ങളും ചേര്‍ത്തെഴുതി മെയില്‍ അയക്കുകയായിരുന്നു ആദ്യ ഘട്ടത്തില്‍ ചെയ്തത്. പിന്നാലെ അല്‍പം വൈകിയാണെങ്കിലും അനുകൂല മറുപടിയും എത്തി. പിന്നെ യുസിഎലിലെ ജനറ്റിക്‌സ് എവലൂഷന്‍ ആന്‍ഡ് എന്‍വയണ്‍മെന്റ് ഡിപ്പാര്‍ട്‌മെന്റിലേക്ക് ഗവേഷണത്തിന് അപേക്ഷിക്കുകയായിരുന്നു. വിശദപരിശോധനകള്‍ക്കും ഓണ്‍ലൈന്‍ അഭിമുഖത്തിനും ശേഷമാണ് ഷോര്‍ട്ലിസ്റ്റ് ചെയ്യുക.
തുടര്‍ന്നാണ് സ്‌കോളര്‍പ്പിനുള്ള അപേക്ഷ നേരിട്ട് യൂണിവേഴ്‌സിറ്റിക്കു നല്‍കിയത്. ഗവേഷണ ലക്ഷ്യം സംബന്ധിച്ച വിശദമായ കുറിപ്പ്, മാര്‍ക്ക് ലിസ്റ്റുകള്‍, ഐഇഎല്‍ടിഎസ് യോഗ്യത, മറ്റു രേഖകള്‍ എന്നിവയെല്ലാം സഹിതമാണ് അപേക്ഷിച്ചത്. ഇതിനൊന്നും ഒരു ചില്ലിക്കാശിന്റെ ചെലവ് പോലും ഫെമിയ്ക്കുണ്ടായില്ല.
ഇടയ്ക്ക് യുസിഎല്‍ നേരിട്ടു വിവിധ പ്രോജക്ടുകളില്‍ ഗവേഷണ സഹായികളെ ക്ഷണിക്കാറുണ്ട്. അവരുടെ വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷന്‍ നോക്കി നേരിട്ട് അപേക്ഷിക്കുകയും ചെയ്യാം. അശോകയിലെ ഗവേഷണകാലത്ത് ഫെമി മണിപ്പുര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ പ്രദേശവാസികള്‍ കഴിക്കുന്ന പ്രാണികളെക്കുറിച്ചു പഠിച്ച ഫെമി ഡോ. എ.പി.രഞ്ജിത്, ഡോ.പ്രിയദര്‍ശന്‍ ധര്‍മരാജന്‍ എന്നിവര്‍ക്കൊപ്പം കിഴക്കന്‍ ഹിമാലയത്തില്‍നിന്ന് പുതിയൊരു തരം വേട്ടാളനെയും കണ്ടെത്തി.