ഭാര്യയുടെ അറസ്‌റ്റൊഴിവാക്കാന്‍ 'പൂഴിക്കടകന്‍' പുറത്തെടുത്ത കളരിയാശാന്‍! കാറിലെ കണ്ണാടിയില്‍ ബൈക്കിടിച്ച ഡെലിവറി ബോയിയെ പകയില്‍ കൊന്ന മലയാളിയുടെ ഭാര്യാ സ്‌നേഹം ഞെട്ടിക്കുന്നത്; അപകടമുണ്ടാകുമ്പോള്‍ കാറില്‍ ഭാര്യയുണ്ടായില്ലെന്ന് മൊഴി നല്‍കി മനോജ് കുമാര്‍; മാസ്‌ക് ധരിച്ചെത്തി ഭര്‍ത്താവിനൊപ്പം അപകട സ്ഥലത്തെ തെളിവുകള്‍ നശിപ്പിച്ച ഭാര്യയും; ആരതി ശര്‍മ്മയും ഭര്‍ത്താവും കാട്ടിയത് കൊടുംക്രൂരത
ബെംഗളൂരു: ബൈക്ക് യാത്രക്കാരനായ ഭക്ഷണവിതരണ ജീവനക്കാരന്‍ കാറിടിച്ച് മരിച്ച സംഭത്തില്‍ ഭാര്യയെ രക്ഷിക്കാനുള്ള മനോജ് കുമാര്‍ എന്ന കളരിയാശാന്റെ ശ്രമം പൊളിച്ചത് തെളിവ് നശീകരണ ശ്രമം. ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. ദര്‍ശനെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍, മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍ (32), ഭാര്യ ആരതി ശര്‍മ (30) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 25നായിരുന്നു സംഭവം. റോഡപകടം എന്നു കരുതിയ സംഭവം സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്.
പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടിലാണ് സംഭവം നടന്നത്. ബൈക്ക് കാറിന്റെ കണ്ണാടിയില്‍ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍, ക്ഷമാപണം നടത്തിയ ദര്‍ശന്‍ ഭക്ഷണ വിതരണത്തിനായി പോയി. എന്നാല്‍ മനോജ് കുമാര്‍ ബൈക്കിനെ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ കാര്‍ ബൈക്കിന്റെ പിന്നില്‍ ഇടിച്ചു. ഇത് പോലീസ് കണ്ടെത്തി. മനോജ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തു. ഈ ഘട്ടത്തില്‍ ഭാര്യയെ രക്ഷിക്കാനും മനോജ് ശ്രമിച്ചു. താന്‍ ഒറ്റയ്ക്കാണ് കാറില്‍ സഞ്ചരിച്ചതെന്ന് മനോജ് പൊലീസിനു മൊഴി നല്‍കി. കാറിന്റെ ഭാഗങ്ങള്‍ എടുക്കാനായാണ് ആരതി സ്ഥലത്തേക്ക് വന്നതെന്നും മൊഴിയിലുണ്ടായിരുന്നു. ഇത് കൊലക്കുറ്റത്തില്‍ നിന്നും ഭാര്യയെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍ മുഖം മൂടി ധരിച്ച് കാറിന്റെ ഭാഗങ്ങള്‍ എടുക്കാനെത്തിയ ഭാര്യയും തെളിവ് നശീകരണത്തില്‍ പങ്കാളിയായി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. അപകടമുണ്ടാകുമ്പോള്‍ ഭാര്യ വാഹനത്തിലുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട ദര്‍ശന്‍ അവിവാഹിതനാണ്. മാതാപിതാക്കള്‍ക്കും സഹോദരിക്കും ഒപ്പമാണ് താമസം.
അപകട ശേഷം നാട്ടുകാര്‍ ദര്‍ശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദര്‍ശന്റെ സഹോദരി ജെപി നഗര്‍ ട്രാഫിക് പൊലീസില്‍ പരാതി നല്‍കി. സംഭവസ്ഥലത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന് മിനിട്ടുകള്‍ക്കു മുന്‍പ് ബൈക്ക് യാത്രക്കാരനുമായി ദമ്പതികള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. അപകട സ്ഥലത്ത് ബൈക്കില്‍ ഇടിച്ചപ്പോള്‍ ഇളകി വീണ കാറിന്റെ ചില ഭാഗങ്ങള്‍ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസിടിവിയില്‍ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്. കാറിന്റെ ഭാഗങ്ങള്‍ വച്ച് തങ്ങളെ പിടികൂടാതിരിക്കാനായിരുന്നു ഈ കരുതല്‍. എന്നാല്‍ അത് തെളിവായി മാറുകയും ചെയ്തു.
കൊല്ലപ്പെട്ട ദര്‍ശന്‍ തന്റെ സുഹൃത്ത് വരുണിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മനോജ് കുമാര്‍, ഭാര്യ ആരതി ശര്‍മ്മ എന്നിവര്‍ സഞ്ചരിച്ച കാറിന്റെ മിററില്‍ തട്ടിയത്. തുടര്‍ന്ന് ദമ്പതികള്‍ രണ്ടു കിലോമീറ്ററോളം യുവാക്കളുടെ ബൈക്ക് പിന്തുടരുകയും ഇടിച്ചു വീഴ്ത്തുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദര്‍ശനും വരുണും റോഡില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. സിസിടിവി പതിഞ്ഞ ദൃശ്യങ്ങളില്‍ കോപാകുലരായ ദമ്പതികള്‍ മോട്ടോര്‍ സൈക്കിളില്‍ പിന്തുരുകയും ഇരുവരെയും ഇടിച്ചു വീഴ്ത്തിയതായി കണ്ടെത്തി. അപകടത്തെത്തുടര്‍ന്ന്, ദമ്പതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് മുഖംമൂടി ധരിച്ച് തിരിച്ചെത്തുകയായിരുന്നു.
കാര്‍ ഇടിച്ചുവീഴ്ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടിച്ചുവീഴ്ത്തണം എന്ന ലക്ഷ്യത്തോടെയാണ് ദമ്പതികള്‍ ബൈക്കിന് പുറകെ വിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ആദ്യം അവസരം ഒത്തെങ്കിലും നടന്നില്ല. പിന്നീട് യൂ ടേണ്‍ എടുത്ത് വന്നാണ് ബൈക്കിന് പുറകില്‍ ഇടിച്ചത്. ശേഷം സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ദമ്പതികള്‍, അല്‍പ സമയം കഴിഞ്ഞ് മാസ്‌ക് ധരിച്ച് തിരിച്ചെത്തി തകര്‍ന്ന് വീണ കാറിന്റെ ഭാഗങ്ങളെടുത്ത് മടങ്ങുകയും ചെയ്തു. അപകട മരണം എന്ന നിലയ്ക്കാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണ് കൊലപാതകം എന്ന് തെളിഞ്ഞത്. തുടര്‍ന്ന് കുമാറിനും ശര്‍മ്മയ്ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
ദര്‍ശനെ കൊലപ്പെടുത്തിയ കുറ്റമാണ് മനോജ് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാന്‍ ഭര്‍ത്താവിനെ സഹായിച്ച കുറ്റത്തിനാണ് മനോജിന്റെ ഭാര്യ ആരതി ശര്‍മ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഒരു നിസ്സാര തമാശയില്‍ നിന്ന് ഉടലെടുത്ത റോഡ് രോഷം ഒരു മനുഷ്യന്റെ ജീവനെടുക്കുന്ന തരത്തിലേക്ക് വളര്‍ന്ന ഈ സംഭവം, റോഡുകളിലെ ക്ഷമയില്ലായ്മയുടെയും അതിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളുടെയും ഗൗരവമായ ഓര്‍മ്മപ്പെടുത്തലായി മാറുന്നു.
