സാമ്പത്തിക തര്‍ക്ക പരാതി കേള്‍ക്കുന്നതിന് പകരം മോശം വാക്കുകള്‍ ഉപയോഗിച്ചു; താന്‍ പരാതി നല്‍കിയ ആളുകളുടെ മുന്നില്‍ വച്ച് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു; മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടും നടപടിയില്ല; ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമാ നിര്‍മ്മാതാവ് ഹൈക്കോടതിയില്‍

ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമാ നിര്‍മ്മാതാവ് ഹൈക്കോടതിയില്‍

Update: 2025-10-09 17:29 GMT

കൊച്ചി: കസ്റ്റഡി മര്‍ദന ആരോപണങ്ങളില്‍ ഉള്‍പ്പെട്ട ആലപ്പുഴ മുന്‍ ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമാ നിര്‍മാതാവ് ഷീല കുര്യന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്നോട് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് ഷീല കുര്യന്‍ കോടതിയെ സമീപിച്ചത്. കേസില്‍ ജസ്റ്റിസ് ജി.ഗിരീഷ് സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരോട് വിശദീകരണം തേടി. ഒരു മാസത്തിനകം മറുപടി നല്‍കണം. മധു ബാബുവിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് നവംബര്‍ 13ന് വീണ്ടും പരിഗണിക്കും.

2021ല്‍ തന്റെ പക്കല്‍ നിന്ന് ആലപ്പുഴ സ്വദേശി 15 ലക്ഷം രൂപ കടമായി വാങ്ങുകയും പല തവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ തന്നില്ലെന്നുമുള്ള ഷീല കുര്യന്റെ പരാതിയാണ് കേസിനാസ്പദം. തുടര്‍ച്ചയായി ആലപ്പുഴ സ്വദേശിയെ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ പണം നല്‍കിയില്ല. തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പുഴ സ്വദേശിയുടെ ഭാര്യ തന്നെ ഫോണില്‍ വിളിച്ച് മോശമായി പെരുമാറിയെന്ന് ഷീല കുര്യന്‍ പറയുന്നു. പിറ്റേന്ന് തന്നെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കു ശേഷം ഡിവൈഎസ്പി മധു വിളിപ്പിച്ചെന്ന് ഷീല കുര്യന്‍ പറയുന്നു. സ്റ്റേഷനില്‍ ആലപ്പുഴ സ്വദേശിയും അയാളുടെ സഹായിയും ഹാജരായിരുന്നു.

സ്റ്റേഷനില്‍ വെച്ച് തന്റെ പരാതി കേള്‍ക്കുന്നതിനു പകരം ഡിവൈഎസ്പി മോശം വാക്കുകള്‍ ഉപയോഗിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതായി ഷീല കുര്യന്‍ പറയുന്നു. താന്‍ പരാതി നല്‍കിയവരുടെ മുന്നില്‍ വെച്ചാണ് ഇത് നടന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിവൈഎസ്പിക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയതെന്നും നടപടി ഉണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഷീല കുര്യന്‍ വ്യക്തമാക്കി.

മധു ബാബുവിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

കസ്റ്റഡി മര്‍ദ്ദന ആരോപണങ്ങളെ തുടര്‍ന്ന് ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. ജില്ലാ സ്പെഷല്‍ ബ്രാഞ്ചിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഡിവൈഎസ്പി മധുബാബുവിനെതിരെ കസ്റ്റഡി മര്‍ദ്ദന ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

നേരത്തെ കോന്നി സി.ഐ ആയിരിക്കെ, എസ്.എഫ്.ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചുവെന്ന പരാതിയും മധുബാബുവിനെതിരെ ഉയര്‍ന്നിരുന്നു. 2012-13 കാലയളവില്‍ കോന്നി സി.ഐ ആയിരുന്ന മധുബാബു തന്നെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതായും, ചെവിയുടെ ഡയഫ്രം തല്ലിപ്പൊട്ടിച്ചെന്നും, കാല്‍വെള്ളയില്‍ ചൂരല്‍ കൊണ്ട് അടിച്ചുപൊട്ടിച്ച ശേഷം കുരുമുളക് സ്പ്രേ ഉപയോഗിച്ചതായും ജയകൃഷ്ണന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഏറ്റവുമൊടുവില്‍ തൊടുപുഴ മലങ്കര സ്വദേശിയായ വി.കെ മുരളീധരനാണ് പരാതിയുമായി രംഗത്തെത്തിയത്. തൊടുപുഴ ഡിവൈഎസ്പിയായിരിക്കെ മധു ബാബു ഓഫീസില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നു മുരളീധരന്റെ ആരോപണം. സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും മുരളീധരന്‍ പരാതിപ്പെട്ടിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി മര്‍ദ്ദിക്കുകയും പിന്നീട് ചൊറിയണം (കൊടിത്തൂവ) ദേഹത്ത് തേക്കുകയും ചെയ്ത സംഭവത്തില്‍ 2006-ല്‍ ഇദ്ദേഹത്തിനെതിരെ കേസ് വന്നിരുന്നു. 2024 ഡിസംബറില്‍ ചേര്‍ത്തല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈ കേസില്‍ പ്രതിയെ ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.

ഇതുകൂടാതെ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നും ഇദ്ദേഹത്തിനെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. നിരവധി കേസുകളില്‍ ഉള്‍പ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശി വിജയന്‍ ആചാരിയും രംഗത്തെത്തിയിരുന്നു. ബിജു വി. നായര്‍ ആയിരിക്കും ഇനി ആലപ്പുഴയുടെ പുതിയ ഡിവൈഎസ്പി.

Tags:    

Similar News