കെയര്‍ വര്‍ക്കര്‍ വിസ റൂട്ട് വഴി രണ്ടരക്കൊല്ലം കൊണ്ട് യു. കെയില്‍ എത്തിയത് ഒന്നര ലക്ഷത്തിലേറെ കെയറര്‍മാര്‍; 39000 പേരെ ബാധിക്കുന്നവിധം 470 കമ്പനികളെ അസാധുവാക്കി; കെയറര്‍ വിസക്ക് പിന്നിലെ അഴിമതിയും തട്ടിപ്പും അന്വേഷിക്കുന്നു

കെയര്‍ വര്‍ക്കര്‍ വിസ റൂട്ട് വഴി രണ്ടരക്കൊല്ലം കൊണ്ട് യു. കെയില്‍ എത്തിയത് ഒന്നര ലക്ഷത്തിലേറെ കെയറര്‍മാര്‍

Update: 2025-03-17 02:11 GMT

ലണ്ടന്‍: ബ്രെക്സിറ്റാനന്തര കാലഘട്ടത്തില്‍ സോഷ്യല്‍ കെയര്‍ മേഖലയിലുണ്ടായ ഒഴിവുകള്‍ നികത്താന്‍ രൂപം കൊടുത്ത വിസ പദ്ധതികള്‍, കുടിയേറ്റ തൊഴിലാളികളെ അതിദാരുണമായ രീതിയില്‍ ചൂഷണം ചെയ്യുന്നതിന് ഇടയാക്കിയതായി യു കെയിലെ ആന്റി സ്ലേവറി വാച്ച് ഡോഗ് പറയുന്നു. 2022- ല്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കെയര്‍ വര്‍ക്കര്‍ വിസ റൂട്ട്, ഒഴിവാക്കാനാവുമായിരുന്ന അപകടങ്ങളാണ് വരുത്തി വച്ചതെന്നും, അവയില്‍ ചിലത് ഗുരുതരമായ ചൂഷണങ്ങളായിരുന്നു എന്നും കമ്മീഷണര്‍ എലനോര്‍ ല്യോണ്‍സ് പറയുന്നു.

അല്ലെങ്കില്‍ തന്നെ ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന മേഖലയില്‍, വലിയ തോതില്‍ തൊഴിലാളി ക്ഷാമം കൂടി ഉണ്ടായതോടെ ഒഴിവുകള്‍ നികത്തുവാന്‍ ഏതുവിധേനയും വിദേശ തൊഴിലാളികളെ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു. എന്നാല്‍, അതിനായി നടത്തിയ നീക്കങ്ങള്‍ വിദേശ തൊഴിലാളികളെ വലിയ രീതിയില്‍ ചൂഷണം ചെയ്യുന്നതിനായി ഉപയോഗിക്കപ്പെടുകയായിരുന്നു. ബുദ്ധിപരമായ ഒരു ഇടപെടല്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാഞ്ഞതാണ് അതിന് കാരണമെന്നും ല്യോണ്‍സ് പറയുന്നു.

തട്ടിപ്പ്, ചൂഷണം, ദുരുപയോഗം എന്നിവ സംശയിച്ച് 470 കെയര്‍ കമ്പനികളുടെ, കുടിയേറ്റ തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള ലൈസന്‍സ് എടുത്തു കളഞ്ഞതായി ഹോം ഓഫീസ് വെളിപ്പെടുത്തിയതിനു പുറമെയാണ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ആന്റി സ്ലേവറി കമ്മീഷണര്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്. നേരത്തെ ബോറിസ് ജോണ്‍സന്റെ പ്രത്യേക ഉപദേഷ്ടാവായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കപ്പെട്ട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 39,000 തൊഴിലാളികള്‍ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

2022 ഫെബ്രുവരിക്കും 2024 ഡിസംബറിനും ഇടയിലായി 1,55,000 കെയര്‍ വര്‍ക്കര്‍മാരെ യു കെയില്‍ എത്തിച്ചത് ഇപ്പോള്‍ ലൈസന്‍സ് നഷ്ടപ്പെട്ട കമ്പനികളായിരുന്നു. അവിശുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് നേരെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന കര്‍ശനമായ സമീപനത്തെ സ്വാഗതം ചെയ്യുമ്പോഴും ഈ വര്‍ക്കര്‍മാരുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടെന്നാണ് ല്യോണ്‍സ് പറയുന്നത്. നിലവിലെ സ്പോണ്‍സറുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ 60 ദിവസത്തിനകം പുതിയ സ്പോണ്‍സറെ കണ്ടെത്തുകയോ അതല്ലെങ്കില്‍ നാട് വിടുകയോ ചെയ്യണം എന്നതാണ് നിലവിലെ നിയമം.

ഇത് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ കൂടുതല്‍ ചൂഷണത്തിന് വിധേയരാകാന്‍ സഹായിക്കുന്നു. അതുകൊണ്ടു തന്നെ ഈ നിയമം പരിഷ്‌കരിക്കണം എന്നാണ് ല്യോണ്‍സ് ആവശ്യപ്പെടുന്നത്. ലൈസന്‍സ് നഷ്ടപ്പെടുന്ന കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്ത വര്‍ക്കര്‍മാര്‍ക്ക് മറ്റ് ജോലികളിലേക്ക് എളുപ്പം മാറാന്‍ കഴിയണം. അതുപോലെ വിദേശത്തു നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ പഴുതടച്ച ഒരു സംവിധാനം ആവശ്യമാണ്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴയും ചുമത്തണം, അവര്‍ ആവശ്യപ്പെടുന്നു.

വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മുന്‍പായി, ഇപ്പോള്‍ തന്നെ ഇംഗ്ലണ്ടിലുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു എന്നത് തെളിയിക്കണം എന്ന ഒരു നിബന്ധന കഴിഞ്ഞയാഴ്ച കൊണ്ടുവന്നിരുന്നു. എന്നാല്‍, പ്രശ്നപരിഹാരത്തിന് ഇത് മതിയാവുകയില്ല എന്നാണ് അവര്‍ പറയുന്നത്. അത്രയും വലുതാണ് പ്രശ്നം. അടിസ്ഥാനപരമായി തന്നെ പുതിയൊരു സമീപനം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അവര്‍ പറയുന്നു.

നിയമവിരുദ്ധമായ റിക്രൂട്ട്‌മെന്റ് ഫീസ് നല്‍കാന്‍ ഇന്ത്യ, സിംബാബ്വേ, ഫിലിപൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെയുള്ളവര്‍ നിര്‍ബന്ധിതരാകുന്നതും കടക്കെണിയില്‍ പെട്ട് അടിമവേല ചെയ്യേണ്ടുന്ന സാഹചര്യം ഉണ്ടാകുന്നതുമൊക്കെ നേരത്തെ ദി ഒബ്‌സര്‍വര്‍ പുറത്തു കൊണ്ടു വന്നിരുന്നു. പാസ്സ് പോര്‍ട്ടും വേതനവും പിടിച്ചു വെച്ച അനുഭവവും പല കുടിയേറ്റ തൊഴിലാളികള്‍ക്കും ഉണ്ടായിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം നടത്തിയ മറ്റൊരു അന്വേഷണത്തില്‍ ഒരു അര്‍ഹതയുമില്ലാത്ത കമ്പനികള്‍ക്കും വിദേശ റിക്രൂട്ട്‌മെന്റിനുള്ള ലൈസന്‍സ് നല്‍കിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇവയില്‍ പലതും കേവലം കടലാസില്‍ മാത്രം ഒതുങ്ങുന്ന കമ്പനികളുമായിരുന്നു.

ഇല്ലാത്ത ഒരു കെയര്‍ ഹോമിനു വേണ്ടി 275 തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്ത കാര്യവും അന്വേഷണത്തില്‍ പുറത്തു വന്നിരുന്നു. തുടര്‍ച്ചയായ തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തിയതായി രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്ന 177 കമ്പനികള്‍ക്കും വിദേശ റിക്രൂട്ട്‌മെന്റിനുള്ള ലൈസന്‍സ് നല്‍കിയിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നത് സംബന്ധിച്ച് അധികാരത്തിലെത്തിയാല്‍ അന്വേഷണം നടത്തുമെന്ന് ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ വിഷയത്തില്‍ മൗനം പാലിക്കുകയാണ് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ എന്ന ആരോപണവും ഉയരുന്നുണ്ട്.

Tags:    

Similar News