ചുമരിൽ ചാരി നിരനിരയായി ഇരിക്കുന്ന കുഞ്ഞുങ്ങൾ; അവർക്ക് മുന്നിൽ തീർത്തും വിചിത്രമായ രീതിയിൽ ഭക്ഷണം വിളമ്പൽ; പിള്ളേരെ മൈൻഡ് ചെയ്യാതെ അധ്യാപകരും; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ കുട്ടികൾക്ക് പാത്രങ്ങൾക്ക് പകരം കടലാസിൽ ഭക്ഷണം വിളമ്പിയ സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തെത്തുടർന്ന്, പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പി.യുമായ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മധ്യപ്രദേശ് സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.
കഴിഞ്ഞ ദിവസമാണ് ഷിയോപൂർ ജില്ലയിലെ ഹുല്ലാപൂർ സർക്കാർ സ്കൂളിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സ്കൂളിൽ പാത്രങ്ങളുടെയും ജീവനക്കാരുടെയും കുറവ് കാരണം കഴിഞ്ഞ ഒരാഴ്ചയായി പഴയ കടലാസിലാണ് കുട്ടികൾക്ക് ഭക്ഷണം വിളമ്പിയതെന്ന് കണ്ടെത്തി. പുറത്തുവന്ന വീഡിയോയിൽ സംഭവസ്ഥലത്തുള്ള അദ്ധ്യാപകരെ ആരെയും കാണാനില്ലായിരുന്നു.
സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണം വിളമ്പാൻ കരാറെടുത്ത സ്വയംസഹായ സംഘത്തെ സസ്പെൻഡ് ചെയ്യുകയും സ്കൂളിലെ പ്രധാന അദ്ധ്യാപകന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. സ്കൂളിന്റെ ചുമതലയുള്ള ഭോഗിറാം ധാക്കഡിനെയും ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും സസ്പെൻഡ് ചെയ്തു.
ഈ സംഭവം സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് പോഷകസമൃദ്ധവും ശുചിത്വവുമുള്ള ഭക്ഷണം നൽകാൻ ഉദ്ദേശിച്ചുള്ള 'പ്രധാൻമന്ത്രി പോഷൺ ശക്തി നിർമ്മാൺ' (പിഎം പോഷൺ) പദ്ധതിയുടെ നടത്തിപ്പിലെ പോരായ്മകളാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്.
രാഹുൽ ഗാന്ധി സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രിക്കും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും നേരെ രൂക്ഷവിമർശനം ഉന്നയിച്ചു. "ഈ കാഴ്ച എന്റെ ഹൃദയം തകർത്തു. പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണം," അദ്ദേഹം എക്സിൽ കുറിച്ചു. 20 വർഷത്തിലധികമായി ഭരണം കൈയ്യാളുന്ന ബിജെപി സർക്കാർ കുട്ടികളുടെ പ്ലേറ്റുകൾ പോലും അപഹരിച്ചെന്നും അവരുടെ വികസനം വെറും മിഥ്യയാണെന്നും രാഹുൽ പരിഹസിച്ചു. സംഭവം കൂടുതൽ വഷളായതിനെ തുടർന്ന് അദ്ദേഹം മധ്യപ്രദേശിലേക്ക് യാത്ര തിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
