പൊട്ടിത്തെറിയുണ്ടായത് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയില്‍; മിനി ബോയിലര്‍ പൊട്ടിത്തെറിയ്ക്ക് കാരണം സുരക്ഷാ സംവിധാനത്തിന്റെ അപര്യാപ്തത; എടയാറിലെ ഫോര്‍മല്‍ ട്രേഡ് ലിങ്കില്‍ മരിച്ചത് ഒഡീഷക്കാരന്‍; മാനദണ്ഡ ലംഘനം അപകടമായി

അപകടമുണ്ടായി ഇത്രയും നേരമായിട്ടും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയില്ല

Update: 2024-10-06 03:02 GMT

കൊച്ചി: എടയാറില്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പൊട്ടിത്തെറിയുണ്ടാകുമ്പോള്‍ ഉയരുന്നത് വമ്പന്‍ സുരക്ഷാ ആശങ്ക. മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയായ അജയ് വിക്രമന്‍ എന്നയാളാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ വിശദ അന്വേഷണം നടത്തും.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം വന്നത്. എന്നാല്‍ അതല്ലെന്ന് പിന്നീട് വ്യക്തമായി സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. അജയ് വിക്രമന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബിനാനിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

സംഭവം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലീസും ഉടന്‍ സ്ഥലത്തെത്തിയത് നിര്‍ണ്ണായകമായി. ഉടന്‍ തീ ഉടന്‍ അണയ്ക്കാന്‍ കഴിഞ്ഞത് മറ്റ് അപകടങ്ങള്‍ ഉണ്ടാക്കുന്നത് തടഞ്ഞു. ഫോര്‍മല്‍ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം പുറത്ത് വന്നത് എങ്കിലും കനിയിലെ മിനി ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ഫോര്‍മല്‍ ട്രേഡ് ലിങ്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തിനാല്‍ ഈ കമ്പനി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിരുന്നു. സെപ്തംബര്‍ മൂന്നിനാണ് നോട്ടീസ് നല്‍കിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പൊട്ടിത്തെറിയുണ്ടായ സ്ഥാപനത്തിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് മാനദണ്ഡം പാലിക്കാതയാണെന്ന് ഇവര്‍ ആരോപിച്ചു.

അപകടമുണ്ടായി ഇത്രയും നേരമായിട്ടും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയില്ല. കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Tags:    

Similar News