കാര്‍ഗില്‍ കൊടുമുടികളില്‍ ഒളിച്ചിരുന്ന് ഇന്ത്യയെ വേട്ടയാടിയ പാക്‌സൈന്യത്തിന് ചുട്ട മറുപടി നല്‍കിയ റോക്കറ്റ് വിക്ഷേപിണി; പരമശിവന്റെ വില്ലിന്റെ പേര് നല്‍കിയ പിനാക ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്നു; മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ കണ്ട് മോഹിച്ച് ലോകത്തിലെ രണ്ടാമത്തെ ആയുധ വിതരണക്കാരായ ഫ്രാന്‍സ്; ചരിത്രം വഴിമാറുന്നു
ഇന്ത്യയുടെ പിനാക കണ്ട് മോഹിച്ച് ഫ്രാന്‍സ്
ന്യൂഡല്‍ഹി: 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍( MBRL). കൊടുമുടികളില്‍ ഒളിച്ചിരുന്ന് ഇന്ത്യയെ വേട്ടയാടിയവര്‍ക്കുള്ള ചുട്ട മറുപടിയായിരുന്നു പിനാക. ഇപ്പോഴിതാ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി പിനാക വാങ്ങാന്‍ ഫ്രാന്‍സും എത്തിയിരിക്കുകയാണ്.
ഭാരതീയ പുരാണങ്ങളില്‍ പരമശിവന്റെ വില്ലാണ് പിനാക. വിശ്വകര്‍മ്മാവ് ശിവന് നിര്‍മ്മിച്ചു നല്‍കിയ വില്ലാണ് പിനാക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് വിക്ഷേപിണിയ്ക്ക് ശിവന്റെ വില്ലായ പിനാക എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ആയുധങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നതില്‍ ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫ്രാന്‍സ് ആയുധത്തിനായി ഇന്ത്യയുടെ മുന്നില്‍ കൈനീട്ടിയ അദ്ഭുതമാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആയുധം വാങ്ങിയ ചരിത്രം ഫ്രാന്‍സിനില്ല. അതുകൊണ്ട് തന്നെ പിനാക റോക്കറ്റ് വിക്ഷേപിണി വാങ്ങാന്‍ ഫ്രാന്‍സ് ആലോചിക്കുന്നു എന്നത് തന്നെ ചരിത്രത്തിലെ നാഴികക്കല്ലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ പിനാക വിഷയവും ഉള്‍പ്പെടുന്നതായാണ് സൂചന. ലോക ആയുധ വ്യാപാരത്തില്‍ ഇന്ത്യക്ക് വച്ചടി കയറ്റമാണെന്ന റിപ്പോര്‍ട്ടുകളെ സ്ഥികരിക്കുന്നതാണ് ഫ്രാന്‍സ് പിനാകയ്ക്ക് നല്‍കുന്ന അംഗീകാരം. മൂന്നു മാസം മുന്‍പ് ഫ്രാന്‍സില്‍ നിന്നുള്ള പ്രതിനിധി സംഘം പിനാകയുടെ ശേഷിയില്‍ മതിപ്പ് പ്രകടിപ്പിച്ചാണ് മടങ്ങിയത്.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചതാണ് പിനാക. മാര്‍ക്-1, മാര്‍ക്-2 എന്നീ വകഭേദങ്ങളാണ് നിലവില്‍ പിനാകയ്ക്കുള്ളത്. മാര്‍ക്1 വകഭേദത്തിന്റെ ദൂരപരിധി 45 കിലോമീറ്ററും മാര്‍ക്2 വകഭേദത്തിന്റെ പരിധി 90 കിലോമീറ്ററുകമാണ്. 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള വകഭേദവും അണിയറയിലുണ്ട്. 44 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 12 തവണ വരെ പിനാകയില്‍ റോക്കറ്റുകള്‍ ലോഞ്ച് ചെയ്യാനാകും.
മണിക്കൂറില്‍ 5800 കിലോമീറ്റര്‍ വേഗത്തില്‍ പിനാകയില്‍ നിന്ന് റോക്കറ്റുകള്‍ തൊടുക്കാനാകും. പിനാക സംവിധാനത്തിനെ പൂര്‍ണമായും ഒരു ഫയര്‍ കണ്‍ട്രോള്‍ കംപ്യൂട്ടര്‍ ആണ് നിയന്ത്രിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ സ്വന്തമായും പ്രവര്‍ത്തിക്കും. ഇതിന് പുറമെ സ്റ്റാന്‍ഡ് എലോണ്‍ മോഡ്, റിമോട്ട് മോഡ്, മാനുവല്‍ മോഡ് തുടങ്ങിയ രീതിയിലും ഉപയോഗിക്കാം.
നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന് നാല് പിനാക റെജിമെന്റുകളാണുള്ളത്. അടുത്തിടെ അര്‍മേനിയ ഇന്ത്യയില്‍ നിന്ന് പിനാക റോക്കറ്റ് സംവിധാനം വാങ്ങിയിരുന്നു. 2000 കോടിരൂപയുടെ ഇടപാടായിരുന്നു അത്. ഇന്തോനേഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും പിനാകയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
പിനാക ഇന്ത്യയില്‍ നിന്നും വാങ്ങാന്‍ ഫ്രാന്‍സ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് ബെംഗളൂരുവില്‍ എയ്‌റോ ഇന്ത്യ എയറോസ്‌പേസ് എക്‌സിബിഷനില്‍ വെച്ച് ഡിആര്‍ഡിഒയുടെ മിസൈല്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഉമ്മലനേനി രാജ ബാബുവാണ് വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ആയുധക്കയറ്റുമതി പടിപടിയായി വര്‍ധിച്ചുവരികയാണ്. ബ്രഹ്‌മോസ് ക്രൂസ് മിസൈല്‍, ഡ്രോണിയര്‍ 228 എയര്‍ക്രാഫ്റ്റ്, ആകാശ് എയര്‍ ഡിഫന്‍സ് മിസൈലുകള്‍, പിനാക മിസൈല്‍ വിക്ഷേപിണി, പിനാക റോക്കറ്റുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് പ്രതിരോധ രംഗത്തെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും ആത്മനിര്‍ഭര്‍ ഭാരതും സഹായകമായിട്ടുണ്ട്.