'എട്ടുമുക്കാല്‍ അട്ടി വച്ചതുപോലെ': പ്രതിപക്ഷാംഗത്തിന് എതിരായ മുഖ്യമന്ത്രിയുടെ 'ബോഡി ഷെയിമിങ്' പ്രയോഗം കൂത്തുപറമ്പ് ഭാഗത്തെ പരിഹാസ പ്രയോഗം; ന്യൂജെന്‍കാര്‍ക്ക് അന്യമായ പ്രയോഗത്തിന്റെ യഥാര്‍ഥ അര്‍ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ; പ്രവൃത്തിയാണ് പൊക്കമെന്നും പൊളിറ്റിക്കല്‍ കറക്ടനസില്‍ വാചാലരാകുന്ന ഇടതുസുഹൃത്തുക്കള്‍ എവിടെ എന്നും ഷാഫി പറമ്പില്‍
മുഖ്യമന്ത്രിയുടെ 'ബോഡി ഷെയിമിങ്' പ്രയോഗം കൂത്തുപറമ്പ് ഭാഗത്തെ പരിഹാസ പ്രയോഗം
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എയുടെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിപക്ഷം ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയും പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ശബരിമലയിലെ വിഷയത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസത്തെ പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതിന് ശേഷം സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രതിപക്ഷ പ്രതിഷേധത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി, വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ വരെ പ്രതിപക്ഷ അംഗം ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇതിനിടയിലാണ്, 'എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനമുണ്ട്, എട്ടുമുക്കാലട്ടി വെച്ചതുപോലെ. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി നോക്കണ്ടേ. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയായിരുന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചു,' എന്ന് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബോഡി ഷെയ്മിംഗ് ആണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഉയരം കുറഞ്ഞവരെ മുഖ്യമന്ത്രി പുച്ഛത്തോടെയാണോ കാണുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി ഈ പ്രസ്താവന പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ സഭാ രേഖകളില്‍ നിന്ന് അത് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'പുരോഗമനവാദികള്‍ എന്ന് പറയുമ്പോഴും വായില്‍ നിന്ന് വരുന്നത് ഇത്തരം പരാമര്‍ശങ്ങളാണ്. ഉയരക്കുറവിനെ കളിയാക്കാന്‍ പാടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ഥം..
കണ്ണൂരിലെ ചില ഭാഗങ്ങളില്‍ ഉയരക്കുറവിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന 'മുക്കാല്‍ അട്ടി വെച്ചതുപോലെ' എന്ന പ്രയോഗത്തെയാണ് മുഖ്യമന്ത്രി എട്ടുമുക്കാല്‍ എന്ന് വിശേഷിപ്പിച്ചത്. എട്ടുമുക്കാല്‍ എന്നത് പഴയകാല നാണയമാണ്. പണ്ടത്തെ നാണയമായ ഓട്ടമുക്കാല്‍ എട്ടെണ്ണം അട്ടിവച്ചത് പോലെ എന്നാണ് ഉദ്ദേശിക്കുന്നത്. ഓട്ടമുക്കാല്‍ എട്ടെണ്ണം അട്ടി വച്ചാലും അതിന് വലിയ ഉയരമുണ്ടാകില്ല. നടുഭാഗം ഓട്ടയുമായിരിക്കും. ബലമോ ഉള്‍ക്കാമ്പോ ഇല്ലാത്തത് എന്ന അര്‍ഥത്തിലാണ് എട്ടുമുക്കാല്‍ അട്ടിവച്ചതുപോലെ എന്ന് പ്രയോഗിക്കുന്നത്. കണ്ണൂരില്‍ പ്രത്യേകിച്ച് കൂത്തുപറമ്പ് ഭാഗത്താണ് ഈ പ്രയോഗമുള്ളത്. നാണയങ്ങള്‍ എത്ര അട്ടിവച്ചാലും അതിന് വലിയ ഉയരം തോന്നില്ല എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇത് പിന്നീട് ഉയരക്കുറവിനെ പരിഹസിക്കാനുള്ള ഒരു പ്രയോഗമായി മാറി.
പ്രവര്‍ത്തിയാണ് പൊക്കം, അല്ലാതെ ശരീരത്തിന്റെ ഉയരമല്ലെന്ന് ഷാഫി
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ എംഎല്‍എയ്‌ക്കെതിരെ നടത്തിയ ശരീരത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ (ബോഡി ഷെയ്മിംഗ്) രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്. 'പ്രവര്‍ത്തിയാണ് പൊക്കം, അല്ലാതെ ശരീരത്തിന്റെ ഉയരമല്ല' എന്ന് ഷാഫി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തെ ഉദ്ധരിച്ചാണ് ഷാഫിയുടെ വിമര്‍ശനം.
'എട്ടടി പൊക്കമുള്ള പദ്ധതികളിലൂടെ പെരിന്തല്‍മണ്ണയിലെ യുവജനങ്ങളെ സിവില്‍ സര്‍വീസ് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത വ്യക്തിയാണ് നജീബ് കാന്തപുരം. അദ്ദേഹത്തിന്റെ 'തലപ്പൊക്ക'ത്തിന്റെ പേരാണ് ഉയരം,' ഷാഫി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പരാമര്‍ശം 'അമ്പലം വിഴുങ്ങുന്ന സര്‍ക്കാരിന്റെ തലവന്‍ എത്ര വിദ്വേഷത്തോടെയാണ് പ്രതിഷേധ സ്വരങ്ങളെ കാണുന്നത്' എന്നതിന്റെ തെളിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സഭയില്‍ നടത്തിയ പരാമര്‍ശം 'എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ അത്രയും ഉയരമുള്ള ഒരാളാണ് ഇവിടെ ആക്രമിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്, സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലാന്ന് കാണുന്നവര്‍ക്കറിയാം' എന്നായിരുന്നു. ഈ വാക്കുകളെ ഭരണപക്ഷം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചത് കേരളം കണ്ടതാണ് എന്ന് ഷാഫി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ ശരിതെറ്റുകളെക്കുറിച്ച് വാചാലരാകുന്ന ഇടതുപക്ഷ സുഹൃത്തുക്കള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.