കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കില്ല; ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചു; മന്ത്രിയുടെ വിശദീകരണത്തോടെ ധാര്‍മ്മികതാ വിഷയം തല്‍ക്കാലം കയ്യാലപ്പുറത്തുവെക്കാന്‍ എല്‍ഡിഎഫ്; തെരഞ്ഞെടുപ്പു വേദിയില്‍ പിണറായി സര്‍ക്കാറിന്റെ സ്ത്രീപക്ഷ നിലപാടിലെ പൊള്ളത്തരം ചര്‍ച്ചയാക്കാന്‍ യുഡിഎഫ്
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കില്ല; ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചു
തിരുവനന്തപുരം: കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഗണേഷ് കുമാറിനെ വീട്ടില്‍ കണ്ടുവെന്ന ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലില്‍ ഗതാഗത മന്ത്രി രാജിവെക്കില്ല. വിവാദ സാഹചര്യം ഗണേഷ് മുഖ്യമന്ത്രിയെ കണ്ട് വിശദീകരിച്ചു. ഇതോടെ ഗണേഷിന്റെ രാജി വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാറു മുന്നണിയും എത്തിയിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ഗണേഷിന്റെ വിഷയം ഉയര്‍ന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബപ്രശ്‌നമെന്ന് പറഞ്ഞ് ഒത്തുതീര്‍പ്പാക്കിയെന്നുമാണ് മുഖ്യമന്ത്രിയോട് ഗണേഷ് വിശദീകരിച്ചത്. ഇപ്പോള്‍ രാജിവെച്ചാല്‍ പത്തനാപുരത്ത് മത്സരിക്കാന്‍ കഴിയാത് സാഹചര്യവും ഗണേഷിനുണ്ടാകും. ഈ സാഹചര്യത്തിലാണ് രാജി വേണ്ടെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതേസമയം ഗണേഷിന്റെ രാജി വേണ്ടെന്ന നിലപാടോടെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയരുകയാണ്.
സ്ത്രീപക്ഷ നിലപാടികളിലെ പിണറായി സര്‍ക്കാറിന്റെ പൊള്ളത്തരങ്ങളാണ് ഇതോടെ പുറത്താകുന്നത്. പിണറായി സര്‍ക്കാരിന് ഏറ്റവും വലിയ നേട്ടമായി പറയുന്നത് സ്ത്രീപക്ഷ നിലപാടുകളാണ്. എന്നാല്‍ ഗണേഷിനെ മന്ത്രിസഭയില്‍ ഇരുത്തിക്കൊണ്ട് മുഖ്യമന്ത്രിക്ക് ആ സ്ത്രീപക്ഷ അവകാശ വാദം ആവര്‍ത്തിക്കാനാകില്ല. വീട്ടില്‍ കയ്യേറ്റമടക്കമുണ്ടായെന്ന 112 വിളിച്ച് മന്ത്രിയുടെ ഭാര്യ പരാതിപ്പെട്ടപ്പോള്‍ വന്ന പൊലീസ് ഒരു നടപടിയും എടുത്തില്ല. ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞു.
മുഖ്യമന്ത്രിയുടെ മകളെ വിവരം അറിയിച്ചെന്ന വെളിപ്പെടുത്തലുമുണ്ടായി. പരാതി ഒത്തുതീര്‍പ്പാക്കുമ്പോഴും ഒരു ഇടപെടലുമുണ്ടായില്ലെന്ന പ്രശ്‌നം നിലനില്‍ക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് നടപടികള്‍ വേഗത്തിലാക്കിയ സര്‍ക്കാര്‍ ഗണേഷിന്റെ വിഷയത്തില്‍ എന്ത് ചെയ്‌തെന്ന ചോദ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷം ഉയര്‍ത്തും. പത്തനാപുരത്ത് ഗണേഷിന്റെ സ്ഥാനാര്‍ത്ഥിത്വം വരുമ്പോഴുമൊക്കെ ഇടത് നിലപാട് ചോദ്യം ചെയ്യപ്പെടും. അതേസമയം ഗണേഷ് മന്ത്രിയായി തുടരുന്നതില്‍ മുന്നണിയില്‍ സിപിഐയ്ക്ക് ഉള്‍പ്പടെ എതിര്‍പ്പുണ്ട്.
നേരത്തെ രാഷ്ട്രീയ കോളിളക്കമായി വളര്‍ന്നുവന്ന മന്ത്രി കെ.ബി. ഗണേഷ്‌കുമാറും ഭാര്യ ബിന്ദുമേനോനും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍ന്നത് ഗണേഷ് കുമാര്‍ വിളിച്ചു ക്ഷമ ചോദിച്ചതോടെയാണ്. ഗണേഷ് കുമാര്‍ ഫോണ്‍വിളിച്ച് ക്ഷമ ചോദിച്ചുവെന്നും താന്‍ എല്ലാം മാപ്പാക്കിയെന്നും ബിന്ദുമേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടുവെന്നും അതിന്റെ ഫോട്ടോ കൈയിലുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ ഇവര്‍, എല്ലാം ഒത്തുതീര്‍ന്നതായി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
'തെറ്റ് പറ്റിപ്പോയി എന്ന് എന്റെ ഹസ്ബന്‍ഡ് തുറന്നുപറഞ്ഞു. അദ്ദേഹം ക്ഷമാപണം നടത്തി. ഇന്നലെ രാത്രി തന്നെ എന്നെ ഫോണ്‍ വിളിച്ചിരുന്നു. ഞാന്‍ ഫോണ്‍ എടുക്കാത്തതിനാല്‍ എന്റെ സിസ്റ്ററെ വിളിച്ച്, തെറ്റുപറ്റിയെന്ന് പറഞ്ഞു. ഇന്ന് എന്നെയും ഫോണില്‍ വിളിച്ചു ക്ഷമാപണം നടത്തി. എന്റെ ഹസ്ബന്‍ഡില്‍നിന്ന് ഇതാണ് ഞാന്‍ പ്രതീക്ഷിച്ചത്. 5000 പ്രണയമുണ്ടെന്നും 112ല്‍ വിളിക്കുന്നവര്‍ക്ക് വട്ടാണ് എന്നും മന്ത്രി പറഞ്ഞപ്പോള്‍ എന്റെ വൈകാരിക വിക്ഷോഭത്തില്‍ ഞാന്‍ പരസ്യമായി പ്രതികരിച്ചു പോയതാണ്. എന്നാല്‍, ഇപ്പോള്‍ എല്ലാം പിന്‍വലിച്ചിരിക്കുന്നു.
ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. അതെല്ലാം ക്ഷമിക്കുന്നു. ഇനി ഞങ്ങള്‍ തമ്മില്‍ പ്രശ്‌നം ഇല്ല. മന്ത്രി പൊതുജനങ്ങളോട് മാപ്പ് പറയേണ്ടതില്ല. ഞാനാണ് കൂടെ ജീവിക്കുന്നത്, എന്നോട് ക്ഷമ പറഞ്ഞാല്‍ മതി. അത് പറയുകയും ചെയ്തു. പ്രതികാരവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തില്‍ ഇനി ഇടപെടരുതെന്ന് എല്ലാവരോടും റിക്വസ്റ്റ് ചെയ്യുകയാണ്' -ബിന്ദുമേനോന്‍ പറഞ്ഞു.
ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായാണ് ഇന്നലെ ഭാര്യ ബിന്ദു മേനോന്‍ രംഗത്തെത്തിയത്. മന്ത്രിയെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടുവെന്നും അതിന്റെ ഫോട്ടോ കൈയിലുണ്ടെന്നും പരാതിപ്പെട്ടിട്ടും പൊലീസ് കൈയൊഴിഞ്ഞുവെന്നും ബിന്ദു പറഞ്ഞിരുന്നു.
'മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. പറയാന്‍ പോലും പറ്റാത്ത കാര്യമാണിത്. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. മന്ത്രിയുടെ ഫോട്ടോയും അന്ന് എടുത്തിരുന്നു. ആ ഫോട്ടോകളെല്ലാം തന്റെ കൈയിലുണ്ട്. വാളകത്തെ വീട്ടില്‍ തനിക്ക് വളരെ മോശം അനുഭവങ്ങളുമുണ്ടായി. പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു, ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. പുറത്തു കടക്കാന്‍ അനുവദിക്കാതെ വാതില്‍ അടച്ചു. തിരുവനന്തപുരത്തെ ബി.ജെ.പി കൗണ്‍സിലറും തന്റെ ബന്ധുവുമായ മുന്‍ ഡി.ജി.പി ശ്രീലേഖയുടെ നിര്‍ദേശ പ്രകാരം പൊലീസ് സഹായം തേടി. പൊലീസിനെ വിളിച്ചതിന് പിന്നാലെ മന്ത്രിക്കൊപ്പം കണ്ട സ്ത്രീയെ കാറില്‍ കയറ്റിവിട്ടു. അവര്‍ പോയതിന് പിന്നാലെ മന്ത്രി മുറിയില്‍ കയറി വാതില്‍ അടച്ചു. എന്നാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കൈയൊഴിയുകയാണ് ചെയ്തത്. തനിക്ക് വട്ടാണെന്ന് ഗണേഷ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ചതുകൊണ്ടാണ് എല്ലാം തുറന്നുപറയേണ്ടി വന്നത്' -എന്നാണ് ഇന്നലെ ബിന്ദു മേനോന്‍ പറഞ്ഞത്.
'സാറിന് തെറ്റ് പറ്റിപ്പോയെന്ന് മന്ത്രിയുടെ സ്റ്റാഫിലുള്ളവര്‍ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിനും ശ്രമമുണ്ടായി. മൊബൈല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചത് സഹായിയായ ശാന്തന്‍ ആണ്. പ്രദീപ് ആണ് വാതില്‍ അടച്ചത്. ശാന്തന്‍ തന്നെയാണ് സ്ത്രീയെ കാറില്‍ കയറ്റിക്കൊണ്ട് പോയത്. വീട്ടില്‍ കണ്ടതിനെല്ലാം തെളിവുകളുണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാല്‍ നിയമ നടപടിക്ക് ഇല്ല' -ബിന്ദു വ്യക്തമാക്കിയിരുന്നു.
