*ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി; എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥര്‍; ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍; സ്‌ട്രോങ് റൂം പരിശോധന ശനിയാഴ്ച
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. എസ് ശശിധരന്‍ ഐപിഎസിന്റെ നേതൃത്വത്തിലുളള എസ്‌ഐടിയില്‍ വാകത്താനം എസ്‌ഐ അനീഷ്, കയ്പമംഗലം എസ്‌ഐ ബിജു രാധാകൃഷ്ണന്‍, തൈക്കാട് സൈബര്‍ പൊലീസ് സ്റ്റേഷന്‍ എ എസ്‌ഐ സുനില്‍ കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും എസ് ഐ ടി പ്രവര്‍ത്തിക്കുക.
നിലവില്‍ അന്വേഷണം നടത്തിവരുന്ന ദേവസ്വം വിജിലന്‍സ് നാളെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം, ശനിയാഴ്ച മുതല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കളുടെ പരിശോധന ആരംഭിക്കും. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി. ശങ്കരനാണ് സ്‌ട്രോങ് റൂം അടക്കമുള്ളവ പരിശോധിക്കുക. ജസ്റ്റിസ് ശങ്കരന്‍, ഞായറാഴ്ച സന്നിധാനത്തെത്തി പുതുതായി സ്വര്‍ണ്ണം പൂശിയ ദ്വാരപാലക ശില്‍പങ്ങളും പരിശോധിക്കും.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണ്ണം പൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ടാരിയെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. 2019-ല്‍ സ്വര്‍ണ്ണം പൂശിയ ശില്‍പങ്ങള്‍ 2025-ല്‍ വീണ്ടും പൂശിയതിനെക്കുറിച്ചും വിശദീകരണം തേടുന്നുണ്ട്. ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ദേവസ്വം വിജിലന്‍സ് നാളെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് മുന്നോട്ടുപോകാനാണ് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.
അതിനിടെ, ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപ്പാളി തനിക്ക് ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ബംഗളൂരുവിലെ വ്യവസായി വിനീത് ജെയിന്‍ നിഷേധിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം സന്നിധാനത്ത് പോയിട്ടുണ്ട് എന്നത് ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കാണാതായതിനെ തുടര്‍ന്നാണ് അവിടുത്തെ അമൂല്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കാന്‍ ജസ്റ്റീസ് കെ.ടി. ശങ്കരനെ ഹൈക്കോടതി നിയോഗിച്ചത്.