ബാലഗോപാലിനേയും റിയാസിനേയും ഒഴിവാക്കി അമിത് ഷായുടെ വീട്ടില്‍ പിണറായി എത്തിയത് ചീഫ് സെക്രട്ടറിയുമായി; കേന്ദ്ര ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും ആശയ വിനിമയം നടത്തിയത് ഒറ്റയ്ക്കൊറ്റയ്ക്കോ? പതിവ് ശീലങ്ങള്‍ വിട്ട് ഔദ്യോഗിക വസതിയില്‍ കേരളാ നേതാവിനെ കണ്ട് അമിത് ഷാ; നാളെ മോദിയുമായി 'നയതന്ത്രം'! പിണറായിയുടെ ഡല്‍ഹി ദൗത്യം വിജയമാകുമോ?

Update: 2025-10-09 08:46 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി സന്ദര്‍ശനം അതിനിര്‍ണ്ണായകം. വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. നാളെ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി കാണും. വിവാദ വിഷയങ്ങളോടൊന്നും മുഖ്യമന്ത്രി പ്രതികരിച്ചില്ല. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. അതായത് ബിജെപി നേതൃത്വത്തിലെ രണ്ടു പ്രധാനികളെയാണ് പിണറായി കണ്ടത്.

വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം. പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയായിരുന്നു കേരളം ചോദിച്ചതെങ്കില്‍ ഇതുവരെ 206. 56 കോടി രൂപമാത്രമാണ് അനുവദിച്ചത്. ഹൈക്കോടതിയിലെ കേസിലും കടുത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. പിണറായിയെ കാണാന്‍ അമിത് ഷായും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. സാധാരണ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറ്.

അപൂര്‍വ അവസരങ്ങളില്‍ മാത്രമേ ഔദ്യോഗിക വസതിയില്‍ അമിത്ഷാ കൂടിക്കാഴ്ച അനുവദിക്കാറുള്ളൂ. മുഖ്യമന്ത്രി അമിത് ഷായെ കണ്ടത് കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയിലാണ്. മന്ത്രിമാരായ കെഎന്‍ ബാലഗോപാലും മുഹമ്മദ് റിയാസും ഡല്‍ഹിയിലുണ്ട്. എന്നാല്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറി മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. അമിത് ഷായുമായി മുഖ്യമന്ത്രി ഒറ്റയ്‌ക്കൊറ്റയ്ക്ക് സംസാരിച്ചെന്നും സൂചനകളുണ്ട്. ഇതിന് വേണ്ടിയാണ് മന്ത്രിമാരെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എയിംസ് എന്ന ആവശ്യവുമായാണ് ആരോഗ്യമന്ത്രി ജെപി നദ്ദയേയും മുഖ്യമന്ത്രി കണ്ടു.

മുണ്ടക്കൈ- ചൂരല്‍മല പ്രത്യേക സാമ്പത്തിക പാക്കേജ്, ദേശീയപാത വികസനം, കേരളത്തിന് എയിംസ് തുടങ്ങിയ വിഷയങ്ങളാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയിലെ ദൗത്യം. ധനമന്ത്രി നിര്‍മല സീതാരാമന്‍, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായും കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്. പ്രധാനമായും വയനാട് ദുരന്തനിവാരണത്തിനായുള്ള ധനസഹായമാണ് കൂടിക്കാഴ്ചയിലെ അജണ്ട എന്നു വ്യക്തമാണ്.

2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം നേരത്തെ തന്നെ കേരളം മുന്നോട്ട് വെച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എം പിമാര്‍ നേരിട്ടായിരുന്നു ആഭ്യന്തരമന്ത്രിയെ നിവേദനം നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപയായിരുന്നു. മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനര്‍ നിര്‍മാണത്തിന് ഒക്ടോബര്‍ 1 ന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്തമല്ലെന്ന് അമിത് ഷായെ മുഖ്യമന്ത്രി അറിയിച്ചു.

കേരളം ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ് ഇപ്പോള്‍ അനുവദിച്ച തുക. ദുരന്തമുണ്ടായി ഒരുവര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് കേന്ദ്ര സഹായം പ്രഖ്യാപിക്കുന്നത്. ഉത്തരാഖണ്ഡിന് 1658.17 കോടിയും, ഹിമാചല്‍ പ്രദേശിന് 2006.40 കോടിയും നേരത്തെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിന് നല്‍കിയ തുക വളരെക്കുറവാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

Tags:    

Similar News