'മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്; ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മന്‍ ഏറ്റെടുത്തിട്ടുണ്ട്'; നിറവേറ്റിയത് നന്‍മ ചെയ്യുക എന്ന ഉത്തരവാദിത്തമെന്ന് കാന്തപുരം; നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയ രേഖയില്‍ സംശയമെന്ന് കേന്ദ്രസര്‍ക്കാര്‍

നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതില്‍ പ്രതികരിച്ച് കാന്തപുരം

Update: 2025-07-15 11:27 GMT

കോഴിക്കോട്: നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതില്‍ പ്രതികരണവുമായി നിര്‍ണായക ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മനുഷ്യന്‍ എന്ന നിലയിലാണ് താന്‍ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. നന്മ ചെയ്യുക എന്ന ഉത്തരവാദിത്തമാണ് നിറവേറ്റിയത് എന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മന്‍ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തില്‍ തുടര്‍ന്നും ഇടപെടും. ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. യമന്‍ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താന്‍ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം പറഞ്ഞു.

'പ്രാര്‍ഥനകള്‍ ഫലം കാണുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകര്‍പ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച, പ്രാര്‍ഥിച്ച എല്ലാവര്‍ക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെ.' എന്നായിരുന്നു കാന്തപുരം നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

യമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസുമായി കാന്തപുരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക തീരുമാനം പുറത്തുവന്നത്. ഇതിന് പിന്നാലെ വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വയ്ക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അറ്റോണി ജനറല്‍ ഉത്തരവ് പുറപ്പെടുവിച്ചു.

തലാലിന്റെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരണമെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. തലാലിന്റെ കുടുംബത്തിന്റെ അനുമതി ഇല്ലാതെയാണ് നിലവില്‍ വധശിക്ഷ മാറ്റിവച്ച ഉത്തരവിറങ്ങിയതും. ദയാധനം സ്വീകരിക്കുന്നതിലോ മാപ്പ് നല്‍കുന്നതിലോ അന്തിമ തീരുമാനവും പുറത്തുവന്നിട്ടില്ല. യെമനിലെ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ച വിവരം വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. അതേ സമയം വധശിക്ഷ മാറ്റിവച്ചെന്ന രീതിയില്‍ പ്രചരിച്ച രേഖകളില്‍ കേന്ദ്രസര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചു.

അതേസമയം, കാന്തപുരത്തിന്റെ നടപടി ലോകത്തിന് തന്നെ പ്രതീക്ഷയും പ്രത്യാശയുമാണെന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ കുറിച്ചു. ഭിന്നിപ്പുകളുടെ ലോകത്തില്‍ ഏറെ സാന്ത്വനവും ആശ്വാസവും പകരുന്ന ചേര്‍ത്തുനിര്‍ത്തലാണിതെന്നും നന്‍മ മാത്രമാണ് ഇതിലുള്ളതെന്നും ആളുകള്‍ കുറിക്കുന്നു.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. വിധി നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് വിധി നടപ്പാക്കുന്നത് മാറ്റിവച്ചതായുള്ള അറിയിപ്പ് വന്നത്. 2017 ജൂലൈ 25നാണ് കൊലപാതകം നടന്നത്.

യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് നിമിഷപ്രിയ തടവില്‍ കഴിയുന്നത്. ഉത്തര യെമനിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വൈകാരികത ആളിക്കത്തിയ വിഷയം കൂടിയായിരുന്നു തലാലിന്റെ മരണം. യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ 2017 ജൂലൈയില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നതാണ് കേസ്. പാലക്കാട് തേക്കിന്‍ചിറ സ്വദേശിയാണ് നിമിഷപ്രിയ. തലാലിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്കു ശേഷം 2020 ലാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഈ തീരുമാനം പിന്നീട് ഹൂതി സുപ്രീം കൗണ്‍സിലും അംഗീകരിച്ചിരുന്നു.

Tags:    

Similar News