ബോബി ചെമ്മണ്ണൂര്‍ പരമനാറിയെന്ന് ജി സുധാകരന്‍; അയാള്‍ക്ക് ഒരു സംസ്‌കാരമേയുള്ളൂ, അത് ലൈംഗിക സംസ്‌കാരമാണ്; പണത്തിന്റെ അഹങ്കാരത്തില്‍ എന്തും ചെയ്യാമെന്ന് തോന്നലാണ്; 'ആലപ്പുഴയിലായിരുന്നെങ്കില്‍ തല്ലിയേനെ'; രൂക്ഷ വിമര്‍ശവുമായി മുതിര്‍ന്ന സിപിഎം നേതാവ്

ബോബി ചെമ്മണ്ണൂര്‍ പരമനാറിയെന്ന് ജി സുധാകരന്‍

Update: 2025-01-09 06:33 GMT

ആലപ്പുഴ: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍മന്ത്രി ജി സുധാകരന്‍. ബോബി ചെമ്മണ്ണൂരിന് പണത്തിന്റെ അഹങ്കാരമെന്നും എന്തും ചെയ്യാമെന്ന തോന്നലാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ തല്ലിയനെയെന്നും അദ്ദേഹം പറഞ്ഞു. കായംകുളം എംഎസ്എം കോളേജില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുതിര്‍ന്ന സിപിഎം നേതാവ്.

പതിനഞ്ച് വര്‍ഷം മുന്‍പ് തന്നെ ഞാന്‍ എന്റെ ഭാര്യയോട് അവന്‍ പരമനാറിയാണെന്ന് പറഞ്ഞിരുന്നു. അയാള്‍ പ്രാകൃതനും കാടനുമാണ്. അയാള്‍ക്ക് ഒരു സംസ്‌കാരമേയുള്ളൂ, അത് ലൈംഗിക സംസ്‌കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാന്‍ ആരും കേരളത്തില്‍ ഇല്ലാതായിപ്പോയി. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി? അയാള്‍ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യേണ്ടതായിരുന്നില്ലേ? എന്നിട്ട് അറസ്റ്റ് ചെയ്‌തോ? പല സ്ത്രീകളെയും അയാള്‍ അപമാനിച്ചു. അവര്‍ ആരും അനങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് ജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡിയപേക്ഷയും ഇതിനൊപ്പം നല്‍കും. ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. ജാമ്യ ഹരജിയില്‍ അഭിഭാഷകനായ ബി. രാമന്‍ പിള്ളയുടെ രാമന്‍പിള്ള അസോഷ്യേറ്റ്‌സാണ് ഹാജരാകുന്നത്.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ബോബി പറഞ്ഞു. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും പൊലീസിനോടു പറഞ്ഞു. ബോബി ചെമ്മണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണും പൊലീസ് കോടതിയില്‍ ഹാജരാക്കും.

എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്നലെ രാവിലെയാണ് വയനാട് മേപ്പാടിയിലെ എസ്റ്റേറ്റില്‍നിന്ന് ബോബിയെ കസ്റ്റഡിയിലെടുത്തത്. രാത്രി 7.20ഓടെ കൊച്ചിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ സ്റ്റേഷനില്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി. വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള 'ബോചെ ആയിരമേക്കര്‍' എസ്റ്റേറ്റില്‍നിന്നു പുറത്തേക്കു വരുമ്പോള്‍ ബോബിയുടെ വാഹനം വളഞ്ഞ് എറണാകുളം സെന്‍ട്രല്‍ പൊലീസും വയനാട് എസ്.പിയുടെ പ്രത്യേക സംഘവും ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പുത്തൂര്‍വയല്‍ എ.ആര്‍ ക്യാമ്പിലെത്തിച്ചശേഷം കൊച്ചിയിലേക്ക് പുറപ്പെട്ടു. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്ത് വൈദ്യപരിശോധനക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ചൊവ്വാഴ്ച ഹണി റോസ് പരാതി നല്‍കിയ ഉടന്‍ ബോബിക്കെതിരെ കേസെടുത്ത് നടപടികള്‍ ആരംഭിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. തുടര്‍ന്ന് ബോബി വയനാട്ടിലുണ്ടെന്ന് മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാത്രിതന്നെ അവിടേക്ക് തിരിച്ചു. ഇതിനിടെ, ഹണി റോസ് മുഖ്യമന്ത്രി പിണറായി വിജയനോടും പരാതി സംബന്ധിച്ച് സംസാരിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷക്കും ഒളിവില്‍ പോകാനും അവസരം ലഭിക്കാതിരിക്കാന്‍ അതിവേഗത്തിലായിരുന്നു പൊലീസ് നടപടികള്‍.

പ്രത്യേക അന്വേഷണസംഘത്തലവന്‍ സെന്‍ട്രല്‍ എ.സി.പി കെ. ജയകുമാര്‍, എസ്.എച്ച്.ഒ അനീഷ് ജോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രാഥമിക ചോദ്യം ചെയ്യലും നടന്നു. ബോബിയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹണി റോസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രണ്ട് മണിക്കൂറോളം രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെങ്കില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. ദ്വയാര്‍ഥ പ്രയോഗത്തിലൂടെ ഒരാള്‍ അപമാനിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ബോബി ചെമ്മണൂരിന്റെ പേര് വെളിപ്പെടുത്താതെ ഹണി റോസ് രംഗത്തെത്തിയത്.

Tags:    

Similar News