'എന്തു പ്രഹസനമാണ് സജീ..'; പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രി സജി ചെറിയാന് പാര്‍ട്ടി നിര്‍ദ്ദേശം; വ്യക്തിപരമായ വിമര്‍ശനങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കരുത്; തല്‍ക്കാലത്തേക്ക് ജി. സുധാകരനെ വെറുതെവിട്ട് സി.പി.എമ്മിന്റെ അടവുനയം
തിരുവനന്തപുരം: സര്‍ക്കാരിനെയും പാര്‍ട്ടി ജില്ലാ നേതൃത്വത്തെയും നിരന്തരം വിമര്‍ശിക്കുന്ന ജി. സുധാകരനെ പ്രകോപിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ മന്ത്രി സജി ചെറിയാനും ആലപ്പുഴ ജില്ലാ കമ്മിറ്റിക്കും സി.പി.എം നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ്് അടുത്ത സാഹചര്യത്തില്‍ കുടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കി. പരസ്യ ശാസനയും തരംതാഴ്ത്തലും നേരിട്ടുകഴിഞ്ഞ ജി. സുധാകരന്‍െ്റ പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങള്‍ കാരണം സി.പി.എം വീണ്ടും അച്ചടക്ക നടപടി കൈക്കൊള്ളുമെന്ന പ്രചരണം ശക്തമാകുന്നതിനിടെയാണ് പാര്‍ട്ടി അടവുനയം സ്വീകരിക്കുന്നത്.
സി.പി.എം നേതൃത്വവുമായി അകന്നു നില്‍ക്കുന്ന മുതിര്‍ന്ന നേതാവായ ജി. സുധാകരന്‍ സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മന്ത്രി സജി ചെറിയാനും എ.കെ ബാലനും പ്രതികരിച്ചത്. ഇതില്‍ കൂട്ടുചേര്‍ന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറും രംഗത്തെത്തിയിരുന്നു. ഇവരുടെ പരാമര്‍ശങ്ങളില്‍ രൂക്ഷമായ വിയോജിപ്പാണ് ജി. സുധാകരന്‍ പ്രകടിപ്പിച്ചിരുന്നത്. സുധാകരന്‍ പാര്‍ട്ടിയോട് ചേര്‍ന്നു പോകണമെന്ന സജി ചെറിയാന്‍െ്റ അഭിപ്രായത്തിന് സജിക്ക് തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ ഇല്ലെന്നായിരുന്നു ജി. സുധാകരന്‍െ്റ പ്രതികരണം. ഞാന്‍ പാര്‍ട്ടിയോട് ചേര്‍ന്നല്ല, പാര്‍ട്ടിക്കുള്ളിലാണ് പോകുന്നത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ സജി ചെറിയാനുമുണ്ട്. സജി ചെറിയാന്റെ കൂട്ടര്‍ എന്നെ ബി.ജെ.പിയില്‍ വിടാന്‍ ശ്രമിച്ചു. എന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരന്‍െ്റ പ്രതികരണം ശരിയായില്ലെന്നാണ് ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞത്.
അവഗണിക്കപ്പെടുന്നെന്ന തോന്നല്‍ ജി സുധാകരനുണ്ടെന്നും അത് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും പറഞ്ഞ എ.കെ ബാലന്‍ ജി. സുധാകരന്‍ ഇതുവരെ മാറിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടതും സുധാകരനെ പ്രകോപിപ്പിച്ചിരുന്നു. ഞാന്‍ മാറിയിട്ടില്ല. അന്നത്തെ പോലെ തന്നെ ലളിത ജീവിതം നയിക്കുകയാണ്. രാഷ്ട്രീയത്തിലൂടെ പൈസയൊന്നുമുണ്ടാക്കിയിട്ടില്ല. ബാലന്‍ മാറിയെന്നാണ് അദ്ദേഹം പറയുന്നത്. എനിക്ക് ബാലനെപ്പോലെ മാറാന്‍ പറ്റില്ലെന്നും സുധാകരന്‍ തിരിച്ചടിച്ചിരുന്നു. സ്വര്‍ണ്ണപ്പാളി മോഷ്ടിച്ചു കൊണ്ടുപോയതില്‍ നമ്മള്‍ നമ്പര്‍ വണ്‍ ആണെന്നും നടക്കുന്ന വൃത്തികേടുകളിലെല്ലാം മുന്‍പന്തിയിലാണെന്നും കോണ്‍ഗ്രസ് വേദിയില്‍ സുധാകരന്‍ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. ഇതില്‍ സുധാകരനെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന പ്രചരണം ശക്തമായിരുന്നു. വിഷയം ചര്‍ച്ചയാകുന്നത് തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി പ്രതിഫലിക്കുമെന്ന് കണ്ടാണ് ഇപ്പോള്‍ വിവാദം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്.
മുതിര്‍ന്ന നേതാവായ ജി. സുധാകരന് പാര്‍ട്ടി അച്ചടക്ക നടപടികള്‍ പുതുതല്ല. താക്കീത്, ശാസന, പരസ്യ ശാസന, തരംതാഴ്ത്തല്‍, സസ്‌പെന്‍ഷന്‍, അംഗത്വത്തില്‍ നിന്ന് പുറത്താക്കല്‍ എന്നിങ്ങനെയാണ് സി.പി.എമ്മിലെ അച്ചടക്ക നടപടിയുടെ ആരോഹണക്രമം. ഇതില്‍ പരസ്യ ശാസനയും തരംതാഴ്ത്തലും സുധാകരന്‍ നേരിട്ടുകഴിഞ്ഞു. രണ്ടുതവണയും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണം ഉന്നയിച്ചായിരുന്നു നടപടി. 2002 ല്‍ പാര്‍ട്ടി പിടിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി വിഭാഗീയത ആരോപിച്ച് സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയായിരുന്നു. എന്നാല്‍, അടുത്ത സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയിലേക്കു തിരികെയെത്തിയ സുധാകരന്‍ ആലപ്പുഴ ജില്ലയിലെ ഏതിരാളികളില്ലാത്ത നേതാവായി ഉയര്‍ന്നു. വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന സുധാകരന്‍ കളംമാറി പിണറായി പക്ഷത്തായതോടെ ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയില്‍ വിഎസിന്റെ സ്വാധീനം നഷ്ടമായി തുടങ്ങി. വിഭാഗീയത വലിയ പ്രശ്‌നമായിരുന്ന കാലത്ത് സുധാകരന്റെ നിലപാടുകള്‍ക്കനുസരിച്ചായിരുന്നു പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ സഞ്ചാരം.
പിണറായിയോടുള്ള അടുപ്പം സംഘടനാ രംഗത്തും പാര്‍ട്ടിയിലും സുധാകരനെ കരുത്തനാക്കി. വിഎസ് മന്ത്രിസഭയില്‍ മന്ത്രിയായി. ഒന്നാം പിണറായി സര്‍ക്കാരിലും സുപ്രധാന വകുപ്പ് ലഭിച്ചു. സുധാകരന്‍- തോമസ് ഐസക് പോര് പാര്‍ട്ടിയില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ക്കിടയാക്കിയെങ്കിലും സുധാകരനായിരുന്നു പാര്‍ട്ടിയില്‍ പരിഗണന. ഒരു തവണകൂടി അമ്പലപ്പുഴ സീറ്റ് പ്രതീക്ഷിച്ച സുധാകരനു വലിയ മാനസിക ആഘാതമായിരുന്നു സീറ്റ് നിഷേധിക്കല്‍. വളരെക്കാലം മുന്‍പ് തന്നെ ആലപ്പുഴയിലെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിരുന്ന ഐസക് പ്രതിഷേധിക്കാതെ പാര്‍ട്ടി തീരുമാനം അംഗീകരിച്ചപ്പോള്‍ സുധാകരന്‍ തെറ്റായ വഴിയില്‍ സഞ്ചരിച്ചു എന്നാണ് പാര്‍ട്ടി തന്നെ കണ്ടെത്തിയത്. പിന്നീട് പിണറായി വിജയനുമായി സുധാകരന്‍ അകലുകയായിരുന്നു.
ആലപ്പുഴയിലെ പാര്‍ട്ടിയിലും സുധാകരന്‍ ദുര്‍ബലനായി. മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെ പാര്‍ട്ടി ശക്തി കേന്ദ്രമായതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വിശ്വസ്തരില്‍ പലരും കളം മാറുകയും ചെയ്തു. തുടര്‍ന്ന്, 2021 ലാണ് ജി.സുധാകരനെ പാര്‍ട്ടി പരസ്യമായി ശാസിച്ചത്. തുടര്‍ഭരണം ലക്ഷ്യമാക്കി മുന്നോട്ടു പോകുമ്പോള്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പാണ് പരസ്യ ശാസനയിലൂടെ പാര്‍ട്ടി ജി.സുധാകരനു നല്‍കിയത്. പാര്‍ലമെന്ററി വ്യാമോഹം നേതാക്കളിലും പ്രവര്‍ത്തകരിലും കൂടിവരുന്നതായി സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. ജി.സുധാകരനും പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായെന്നും തെറ്റു തിരുത്തുന്നതിന്റെ ഭാഗമായി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുയാണെന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.