ഗീവര്‍ഗീസ് മാര്‍ കുറിലോസ് വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപ സ്ഥാനത്തേക്ക്; നിയമന ഉത്തരവ് കല്‍പ്പനയായി പള്ളികളില്‍ വായിച്ചു; സ്ഥാനമൊഴിഞ്ഞു രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അതേ പദവിയിലേക്ക് കുറിലോസിന്റെ മടങ്ങിവരവ്; നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപൊലീത്ത മാര്‍ ബര്‍ണബാസ് രാജിവെച്ചു

ഗീവര്‍ഗീസ് മാര്‍ കുറിലോസ് വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപ സ്ഥാനത്തേക്ക്

Update: 2025-05-18 12:50 GMT

കോട്ടയം: ഗീവര്‍ഗീസ് മാര്‍ കുറിലോസിനെ വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ നിയമനം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. നിയമന ഉത്തരവ് കല്‍പ്പനയായി പള്ളികളില്‍ വായിച്ചു. അദ്ദേഹം ജൂണ്‍ ഒന്നിന് സ്ഥാനമേറ്റെടുക്കുമെന്നാണ് വിവരം. രണ്ട് വര്‍ഷം മുമ്പ് സ്ഥാനം ത്യജിച്ചിരുന്നു അദ്ദേഹം. അതിന് ശേഷമാണ് ഇപ്പോള്‍ കുറിലോസ് അതേ സ്ഥാനത്തേക്ക തിരികെ എത്തുന്നത്.

അതേസമയം, നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപൊലീത്ത മാര്‍ ബര്‍ണബാസ് രാജിവെച്ചു. 15 വര്‍ഷത്തോളം ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ വാങ്ങാതെ ജോലി ചെയ്തതില്‍ സംതൃപ്തനാണെന്ന് രാജികത്തില്‍ പറയുന്നു. ഗീവര്‍ഗീസ് മാര്‍ കുറിലോസിന്റെ പുനര്‍നിയമനവും മാര്‍ ബര്‍ണബാസിന്റെ രാജിയും യാക്കോബായ സഭയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണെന്നും വിവരങ്ങളുണ്ട്.

2023ല്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഭദ്രാസനാധിപസ്ഥാനം ഒഴിഞ്ഞിരുന്നു. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും തന്റെ നിലപാടുകള്‍ തുറന്നുപറയുകയും ചെയ്ത് ശ്രദ്ധേയനായ പുരോഹിതനാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വളരെ ആലോചിച്ച് പ്രാര്‍ത്ഥിച്ചെടുത്ത തീരുമാനമാണെന്നും അധികാരങ്ങള്‍ക്ക് നമ്മളെ സ്വാധീനിക്കാനുള്ള സാധ്യതകളുണ്ടെന്നും ആ പ്രലോഭനങ്ങളില്‍ നിന്നൊഴിഞ്ഞുനില്‍ക്കണമെന്നുണ്ടെന്നും അദ്ദേഹം സ്ഥാനത്യാഗ വേളയില്‍ പ്രതികരിച്ചിരുന്നു.

സമാന്തര സമരവേദികളിലും സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടാറുണ്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാന്‍ അദ്ദേഹം മടികാണിക്കാറില്ല. ഇടതുപക്ഷ പരിപാടികളില്‍ പങ്കെടുക്കാറുള്ള ഇടതുപക്ഷ സഹയാത്രികനായാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നതിലും വിട്ടുവീഴ്ച കാണിക്കാറില്ല,

റാപ്പര്‍ വേടനെതിരെ പുലിപ്പല്ല് വിഷയത്തില്‍ കേസെടുത്തപ്പോഴും അദ്ദേഹം രംഗത്തെത്തിയിരുന്നു. തനിക്ക് വേടനെ കാണണമെന്നും ആലിംഗനം ചെയ്യണമെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. ലഹരിയുടെ സ്വാധീനം അല്‍പ്പമെങ്കിലും വേടനില്‍ ഉണ്ടെങ്കില്‍ അതില്‍നിന്ന് പുറത്തുവരാന്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ ഒപ്പം നില്‍ക്കാനാണ് ആഗ്രഹമെന്നും കേരളത്തിന്റെ ബോബ് മാര്‍ലി ആരോഗ്യവാനായി ഇനിയും കേരളത്തിന്റെ റിഗേ സംഗീതവിപ്ലവം അനസ്യൂതം തുടരണമെന്നും അദ്ദേഹം പറഞ്ഞു. വേടനെയും വേടന്റെ പാട്ടുകളെയും അവയുടെ രാഷ്ട്രീയത്തെയും അത്രമേല്‍ തനിക്ക് ഇഷ്ടമാണെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കലാ സാംസ്‌കാരിക ശക്തികേന്ദ്രങ്ങള്‍ വേടനെ ഭയക്കുന്നു. കാരണം വേടന്‍ പാടുന്നതും പറയുന്നതും ഇവരെല്ലാം ഉപേക്ഷിച്ച അടിത്തട്ട് വിപ്ലവമാണ്. സവര്‍ണ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന- ബാബസഹേബ് അംബേദ്കറും മഹാത്മാ അയ്യങ്കാളിയും തുടങ്ങി വച്ച സാമൂഹിക ജനാധിപത്യ വിപ്ലവം ആണ്. ''പല്ല് ' മാത്രമല്ല ''നഖവും ' ഉള്ള ഈ അടിത്തട്ടു രാഷ്ട്രീയം വേടന്‍ ഇനിയും പാടുക, പറയുക. ഒപ്പമുണ്ട്'- ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഗീവര്‍ഗീസ് കൂറിലോസിന്റെ കുറിപ്പ്

എനിക്ക് വേടനെ നേരിട്ട് കാണണം, ഒന്ന് ആലിംഗനം ചെയ്യണം, സംസാരിക്കണം. ലഹരിയുടെ സ്വാധീനം അല്പം എങ്കിലും വേടനില്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന്പുറത്തു വരാന്‍ എന്നാല്‍ കഴിയുന്ന രീതിയില്‍ ഒപ്പം നില്‍ക്കണം. കേരളത്തിന്റെ ബോബ് മാര്‍ലി ആരോഗ്യവനായി ഇനിയും കേരളത്തിന്റെ റിഗേ സംഗീതവിപ്ലവം അനസ്യുതം തുടരണം. അത്രമേല്‍ ഇഷ്ടമാണ് വേടനെ, വേടന്റെ പാട്ടുകളെ, അവയുടെ രാഷ്ട്രീയത്തെ.

എത്ര നല്ല സന്ദേശം ആണ് വേടന്‍ ഇന്ന് സമൂഹത്തിനു നല്‍കിയത്! ''തനിക്കു തെറ്റ് പറ്റി, പുകവലിയും മദ്യപാനവും നല്ല ശീലമല്ല, ഞാന്‍ തിരുത്തും ' എന്ന പ്രസ്താവന വേടനോടുള്ള ഇഷ്ടം ആയിരം ഇരട്ടി കൂട്ടുന്നു. ജാമ്യം കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നു

മാനുഷിക മുഖം പണ്ടേ നഷ്ടപ്പെട്ട ഒരു വനം വകുപ്പ്! നമ്മുടെ കേരളം ഒട്ടും പുരോഗമനപരമല്ല എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. ലഹരി പൂര്‍ണമായും ഉപേക്ഷിച്ചു ശക്തമായി മടങ്ങി വരിക പ്രിയപ്പെട്ട അനിയാ, അനിയന്റെ ചടുല സംഗീതത്തേക്കാള്‍ വലിയ ലഹരി വേറെ എന്തുണ്ട്? സീസര്‍ കാഷിയസിനെ കുറിച്ച് പറയുന്നുണ്ട് : ''അയാളില്‍ സംഗീതമില്ല, അതുകൊണ്ട് അപകടകാരി ആയിരിക്കും '

എന്നാല്‍ നമ്മുടെ മേലാളന്മാര്‍ ചിന്തിക്കുന്നത് തിരിച്ചാണ് :

''വേടനില്‍ സംഗീതം ഉണ്ട്. അതുകൊണ്ട് അപകടകാരിയാണ്, അവനെ ഇല്ലാതാക്കണം''

നമ്മുടെ മുഖ്യധാര രാഷ്ട്രീയ കലാസാംസ്‌കാരിക ശക്തികേന്ദ്രങ്ങള്‍ ഇന്ന് വേടനെ ഭയക്കുന്നു, കാരണം വേടന്‍ പാടുന്നതും പറയുന്നതും ഇവര്‍ എല്ലാം ഉപേക്ഷിച്ച അടിത്തട്ടു വിപ്ലവം ആണ്, സവര്‍ണ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന- ബാബസഹേബ് അംബേദ്കറും മഹാത്മാ അയ്യങ്കാളിയും തുടങ്ങി വച്ച സാമൂഹിക ജനാധിപത്യ വിപ്ലവം ആണ്...

''പല്ല് ' മാത്രമല്ല ''നഖവും ' ഉള്ള ഈ അടിത്തട്ടു രാഷ്ട്രീയം വേടന്‍ ഇനിയും പാടുക, പറയുക... ഒപ്പം ഉണ്ട്... അധികം വൈകാതെ നേരിട്ട് കാണണം എന്ന ആഗ്രഹത്തോടെ, ജയ് ഭീം

Tags:    

Similar News