2200 ആകുമ്പോഴേക്കും ഭൂമിയിലെ താപനില ഉയരും; കാട്ടുതീയും കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവും പതിവാകും; തീരദേശ നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്നതോടെ ആളുകളുടെ കൂട്ടപ്പലായനവും പ്രതീക്ഷിക്കാം; ആഗോളതാപനം നിയന്ത്രണാതീതം ആകുമ്പോള്‍ സംഭവിക്കുന്നത്

ആഗോളതാപനം നിയന്ത്രണാതീതം ആകുമ്പോള്‍ സംഭവിക്കുന്നത്

Update: 2025-03-26 12:10 GMT

ലോസ് ഏഞ്ചല്‍സ്: ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് കാര്‍ബണിന്റെ പുറന്തള്ളല്‍. ഭാവിയില്‍ ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞാലും ഭാവി തലമുറയെ കാത്തിരിക്കുന്നത് നിരവധി പ്രശ്നങ്ങളാണ്. ആഗോള താപനം ഭാവിയില്‍ വന്‍തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2200 ആകുമ്പോഴേക്കും ഭൂമിയുടെ താപനില 12.6 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ അളവ് കുറഞ്ഞാലും ഇത് തന്നെ ആയിരിക്കും സംഭവിക്കുന്നത്.

ജര്‍മ്മനിയിലെ പോട്‌സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സാധാരണ വിളകള്‍ക്ക് ശരിയായി വളരാന്‍ കഴിയാത്തത്ര ചൂടായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ഇത് ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും പട്ടിണിക്കും കാരണമാകുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം മഞ്ഞ് ഉരുകുന്നത് മൂലം സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഫലമായി വെള്ളപ്പൊക്കം ഉണ്ടാകുന്നത് കാരണം തീരദേശ നഗരങ്ങളില്‍ നിന്ന് പലായനം ചെയ്യാന്‍ ആളുകള്‍ നിര്‍ബന്ധിതരാകും.

അത്തരമൊരു സാഹചര്യത്തില്‍, വരള്‍ച്ച, ഉഷ്ണതരംഗങ്ങള്‍, കാട്ടുതീ, ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍, വെള്ളപ്പൊക്കം തുടങ്ങിയ തീവ്രമായ പല സംഭവങ്ങളും ഈ കാലയളവില്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വേനല്‍ക്കാലത്ത് താപനില അപകടകരമാംവിധം ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തും. കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ അളവ് വന്‍ തോതില്‍ കുറയ്ക്കുന്നതാണ് നേരത്തേ തന്നെ നമുക്ക് ചെയ്യാന്‍ കഴിയുന്ന കരുതല്‍ നടപടിയെന്നാണ് ശാസ്ത്ര്ജ്ഞന്‍മാര്‍ പറയുന്നത്.

താപനില വന്‍തോതില്‍ ഉയരാനുള്ള സാധ്യത എല്ലാവരും ഗൗരവകരമായി തന്നെ കണക്കിലെടുക്കണം എന്നാണ് ഇവര്‍ പറയുന്നത്. കല്‍ക്കരിയുടേയും പ്രകൃതിവാതകത്തിന്റെയും അമിതമായ ഉപയോഗമാണ് കാര്‍ബണ്‍ഡയോക്സൈഡും മീഥെയിനും എല്ലാം കൂടുതലായി ഉത്പ്പാദിപ്പിക്കപ്പെടാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. പഠനത്തിനായി, ഭാവിയിലെ ആഗോളതാപന സാഹചര്യങ്ങള്‍ അനുകരിക്കാന്‍ സംഘം ക്ലൈമ്പര്‍ എക്സ് എന്ന് വിളിക്കപ്പെടുന്ന അവരുടെ സ്വന്തം പുതുതായി വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ സംവിധാനമാണ് ഉപയോഗിച്ചത്.

സുപ്രധാന ഭൗതിക, ജൈവ, രാസ പ്രക്രിയകളെ ഏകോപിച്ച് പഠനം നടത്താന്‍ ഇത് ഏറെ സഹായകരമായി മാറും. ഇതുവരെയുള്ള മിക്ക കാലാവസ്ഥാ പഠനങ്ങളും ഭാവിയില്‍ 2300 വരെയുള്ള കാര്യങ്ങള്‍ മാത്രമേ പ്രവചിക്കുന്നുള്ളൂ എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഈ സഹസ്രാബ്ദത്തിലെ ആഗോള താപനം മുന്‍കാല കണക്കുകൂട്ടലുകളെ എ്ല്ലാം കടത്തിവെട്ടുമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്. ഇവിടെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന ഒരു മാറ്റം മറ്റൊന്നിന് ആക്കം കൂട്ടുന്നതായിട്ടാണ് കാണുന്നത്. ഉദാഹരണമായി മഴക്കാലത്ത് പുല്ലുകള്‍ വന്‍തോതില്‍ വളരും പിന്നീട് വേനല്‍ക്കാലമാകുമ്പോള്‍ അവയെല്ലാം ഉണങ്ങി കാട്ടുതീ പടരാനും കാരണമാകുന്നു.

Tags:    

Similar News