ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി വേണ്ടി ചെലവഴിച്ചത് 100 കോടി രൂപ! മെസ്സിക്ക് 89 കോടി രൂപ പ്രതിഫലം നല്‍കി; 11 കോടി രൂപ നികുതി ഇനത്തില്‍ സര്‍ക്കാറിനും നല്‍കി; ഗോട്ട് ഇന്ത്യ ടൂര്‍ വന്‍ വിജയമായിരുന്നെന്ന് സംഘാടകര്‍; കണക്കുകള്‍ പുറത്തുവിട്ടു
ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി വേണ്ടി ചെലവഴിച്ചത് 100 കോടി രൂപ!
ന്യൂഡല്‍ഹി: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ 'ഗോട്ട് ടൂര്‍' എന്നറിയപ്പെട്ട ഇന്ത്യ പര്യടനം ലോകം ശ്രദ്ധിച്ച പരിപാടിയായിരുന്നു. മൂന്ന് ദിവസത്തെ പര്യടനത്തിനിടെ ആരാധകരും രാഷ്ട്രീയ, സാമൂഹിക, വ്യവസായ മേഖലയിലെ പ്രമുഖരും ചേര്‍ന്ന് അദ്ദേഹത്തിന് വന്‍ വരവേല്‍പ്പ് നല്‍കിയിരുന്നു. കൊല്‍ക്കത്തയിലെ പരിപാടി ആക്രമണത്തില്‍ കലാശിച്ചെങ്കിലും ഗോട്ട് ഇന്ത്യ ടൂര്‍ വന്‍ വിജയമായിരുന്നെന്നാണ് സംഘാടകര്‍ പറയുന്നത്.
രാജ്യം സംഘടിപ്പിച്ച ഏറ്റവും ചെലവേറിയ പരിപാടികളില്‍ ഒന്നായിരുന്നു ഗോട്ട് ഇന്ത്യ ടൂര്‍. ഹൈദരാബാദിലും മുംബൈയിലും ഡല്‍ഹിയിലും ആയിരക്കണക്കിന് ഫുട്ബാള്‍ പ്രേമികളാണ് മെസിയെ കാണാന്‍ ടിക്കറ്റെടുത്തത്. കുട്ടികളുമായും സെലിബ്രിറ്റികളുമായും കായിക താരങ്ങളുമായും സന്ദര്‍ശനത്തിലുടനീളം മെസി സൗഹൃദം പങ്കിട്ടിരുന്നു. ഇപ്പോഴിതാ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ കണക്കുകള്‍ പുറത്തുവന്നു.
മെസ്സിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് 89 കോടി രൂപ പ്രതിഫലം ലഭിച്ചതായാണ് സംഘാടകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാറിന് 11 കോടി രൂപ നികുതിയായും നല്‍കി. 100 കോടി രൂപയാണ് ടൂറിന്റെ ആകെ ചെലവ്. തുകയുടെ 30 ശതമാനം സ്‌പോണ്‍സര്‍മാരില്‍നിന്നാണ് കണ്ടെത്തിയത്. ബാക്കി 30 ശതമാനം ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചു.
അതേസമയം, മൊത്തം വരുമാനത്തില്‍ 30 ശതമാനം ടിക്കറ്റ് വില്‍പനയില്‍നിന്നും 30 ശതമാനം സ്‌പോണ്‍സര്‍മാരില്‍നിന്നും ലഭിച്ചെന്നാണ് ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ട്. മുഖ്യ സംഘാടകന്‍ സതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദത്തയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ് ഈ കണക്ക്. എന്നിരുന്നാലും പരിപാടിയുടെ ചെലവും വരുമാനവും സംബന്ധിച്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്.
കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഉപയോഗിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ദത്തയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 22 കോടി പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ദത്തയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. സ്‌പോണ്‍സര്‍മാരില്‍നിന്ന് ലഭിച്ചതാണോ ഈ പണം എന്ന കാര്യം അവ്യക്തമാണ്.
മെസ്സിയുടെ പര്യടനത്തിനിടെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് അറസ്റ്റിലായ ദത്തയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. നിരവധി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രണ്ട് കേസുകളാണ് സംഭവത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെസ്സി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായത്. സൂപ്പര്‍താരത്തെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ലെന്ന് ആരോപിച്ച് ഗാലറിയിലുണ്ടായിരുന്നവര്‍ സ്റ്റേഡിയത്തിലേക്ക് കുപ്പിയെറിയുകയും സീറ്റുകള്‍ നശിപ്പിക്കുകയുമായിരുന്നു.
സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ പീയുഷ് പാണ്ഡെ, ജാവേദ് ഷമീം, സുപ്രതിം സര്‍ക്കാര്‍, മുരളീധരന്‍ എന്നിവരടങ്ങുന്ന എസ്.ഐ.ടി രൂപീകരിച്ചു. സുരക്ഷാ വീഴ്ചയെ കുറിച്ചും സംഭവത്തില്‍ സംഘാടകരുടെയും ഉദ്യോഗസ്ഥരുടെയും പങ്കിനെ കുറിച്ചും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. മെസ്സിയെ കാണാന്‍ 150 ഗ്രൗണ്ട് പാസുകള്‍ മാത്രമേ നല്‍കിയിരുന്നുള്ളൂവെന്നാണ് സതാദ്രു ദത്ത പൊലീസിനോട് പറഞ്ഞത്.
