സമാധി വിവാദത്തിന് അവസാനം കാണാന്‍ ഉറച്ച് പൊലീസും ജില്ലാ ഭരണകൂടവും; ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചുപരിശോധിക്കും; കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം; നടപടികള്‍ സബ് കളക്ടറുടെ സാന്നിധ്യത്തില്‍; പൊളിക്കാനായി പൊലീസ് വന്നാല്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് ഗോപന്‍ സ്വാമിയുടെ മകന്റെ മറുപടി ഇങ്ങനെ

ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചുപരിശോധിക്കും

Update: 2025-01-15 15:42 GMT

തിരുവനന്തപുരം: സമാധി വിവാദത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും. സബ് കളക്ടറുടെ സാന്നിധ്യത്തില്‍ ആയിരിക്കും നടപടികള്‍. കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

ഗോപന്‍ സ്വാമിയുടെ 'സമാധി' പൊളിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച കുടുംബത്തിന് തിരിച്ചടി നേരിട്ടിരുന്നു. പൊലീസ് നടപടികളില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കുടുംബത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ് സി എസ് ഡയസാണ് കേസ് പരിഗണിച്ചത്.

ഗോപന്‍ സ്വാമി മരിച്ചെന്ന് പറയുന്നു, എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. എങ്ങനെ മരിച്ചെന്ന് കുടുംബം വിശദീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവിലെ പോലീസ് അന്വേഷണത്തില്‍ ഇടപെടേണ്ട കാര്യം ഇല്ലെന്ന് കോടതി പറഞ്ഞു. സംശയാസ്പദ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. പോലീസിന് നടപടികളുമായി മുന്നോട്ടു പോകാം.

ഗോപന്‍ സ്വാമിയുടെ കുടുംബം എതിര്‍ക്കുമോ?

അതേസമയം, സമാധി സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത് മുസ്ലീങ്ങളെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇത്രയും പ്രശ്‌നങ്ങള്‍ വരാനുള്ള കാരണമെന്തെന്ന് ഇതുവരെയും അന്വേഷിച്ചിട്ടില്ല. 99 ശതമാനം പ്രശ്‌നമുണ്ടാക്കിയ ആള്‍ക്കാര്‍ മുസ്ലീങ്ങള്‍ തന്നെയാണ്. അവരാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയത് -സനന്ദന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം, ഹിന്ദു സംഘടനകളോട് ചോദിച്ചിട്ട് ഉത്തരം പറയാമെന്നായിരുന്നു മറുപടി.

പരാതി നല്‍കിയിരിക്കുന്നത് വിശ്വംഭരനും യേശുദാസനും ഉള്‍പ്പെടെ വിവിധ ജാതി മതസ്ഥരല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സനന്ദന് മറുപടി ഉണ്ടായിരുന്നില്ല. വിശ്വംഭരന്‍ തങ്ങളുടെ ശത്രു തന്നെയാണെന്നായിരുന്നു ഇതിനോടുള്ള പ്രതികരണം. ഇല്ലാത്ത കഥകളെല്ലാം കെട്ടിച്ചമച്ച് വിശ്വംഭരന്‍ സ്റ്റേഷനില്‍ പരാതി കൊടുക്കാനുള്ള കാരണം ക്ഷേത്രത്തിന്റെ സൈഡിലൂടെ തങ്ങള്‍ വഴി കൊടുക്കാത്തതു കൊണ്ടാണ്. വിശ്വംഭരന്‍ പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

കോടതി ഉത്തരവിടുന്നപക്ഷം പൊളിക്കാനായി പൊലീസ് വന്നാല്‍ അനുവദിക്കുമോ എന്ന ചോദ്യത്തിനും ഹിന്ദു സംഘടനകളോട് ചോദിച്ചിട്ട് പറയാമെന്നായിരുന്നു സനന്ദന്റെ മറുപടി. നിയമപരമായ നിര്‍ദേശങ്ങളെ പിന്തുണക്കുമെന്ന് ഹിന്ദു സംഘടനകള്‍ വ്യക്തമാക്കിയ സ്ഥിതിക്ക് എന്താണ് നിലപാടെന്ന് ചോദിച്ചപ്പോള്‍ താന്‍ അവരോട് ചോദിച്ച് നോക്കട്ടെ എന്നായിരുന്നു പ്രതികരണം.

സമാധി പോസ്റ്റര്‍ അച്ചടിച്ചത് താനാണെന്നും സനന്ദന്‍ പറഞ്ഞു. വ്യാഴാഴ്ച ആലുംമൂട് നിന്നാണ് പ്രിന്റ് എടുത്തത്. പൊലീസ് കഴിഞ്ഞ ദിവസവും മൊഴി രേഖപ്പെടുത്തി. ഇതുവരെ പൊലീസ് നോട്ടിസ് നല്‍കിയിട്ടില്ലെന്നും സനന്ദന്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗോപന്‍ സ്വാമിയുടെ സമാധി വിവരം പോസ്റ്റര്‍ പതിപ്പിച്ചു കൊണ്ട് പുറം ലോകത്തെ അറിയിക്കുന്നത്. പോസ്റ്റര്‍ പതിച്ചപ്പോഴാണ് മരണ വിവരം അയല്‍വാസികള്‍ അടക്കം അറിഞ്ഞത്. തുടര്‍ന്ന് ദുരൂഹത ഉയര്‍ത്തി നാട്ടുകാര്‍ രംഗത്തെത്തി.

സമാധി സീല്‍ ചെയ്ത നെയ്യാറ്റിന്‍കര പൊലീസ്, കളക്ടറോട് സമാധി പൊളിക്കാന്‍ വേണ്ട ഉത്തരവിന് വേണ്ടി അപേക്ഷ നല്‍കി. അതേസമയം സമീപവാസിയായ വിശ്വംഭരനും ഗോപന്‍ സ്വാമിയെ കാണാനില്ല എന്ന മിസിങ് കേസ് നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച (ജനുവരി 13) രാവിലെ അസിസ്റ്റന്റ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് ഐഎഎസ് സ്ഥലത്ത് എത്തി സമാധി പൊളിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

എന്നാല്‍ തങ്ങള്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഒരു മുന്നറിയിപ്പോ, കത്തോ നല്‍കാതെ താങ്കളുടെ അച്ഛന്റെ സമാധി പൊളിക്കാനുള്ള ശ്രമം ആസൂത്രിതമാണെന്ന് മക്കള്‍ ആരോപിച്ചു. ചില താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് കുടുംബം രംഗത്തെത്തിയത്. ഏതാനും ഹൈന്ദവ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടുകൂടി സ്ഥിതിഗതികള്‍ വഷളായി. തുടര്‍ന്ന് പ്രതിഷേധങ്ങള്‍ കാരണം പൊലീസിന് പിന്നോട്ട് പോകേണ്ടി വന്നു.

Tags:    

Similar News