ലക്ഷദ്വീപിലെ ബിത്ര ദ്വീപ് പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ വിജ്ഞാപനം; 105 കുടുംബങ്ങള്‍ താമസിക്കുന്ന ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തം; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ലക്ഷദ്വീപ് എം പി
ബിത്ര ദ്വീപ് പ്രതിരോധ താവളമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലൊന്നായ ബിത്രയെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം ശക്തം. നിലവില്‍ 105 കുടുംബങ്ങള്‍ താമസിക്കുന്ന ബിത്ര നിവാസികളാണ് ഈ നീക്കത്തെ എതിര്‍ത്ത് രംഗത്ത് വന്നത്. ലക്ഷദ്വീപ് എം പി മുഹമ്മദ് ഹംദുള്ള സയീദും ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സൈനിക ആവശ്യത്തിനായി ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എം പി വ്യക്താമാക്കിയിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടമാണ് ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
പദ്ധതിക്കായി ബിത്ര ദ്വീപിന്റെ സാമൂഹികാഘാത പഠനത്തിന് റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരം നല്‍കുന്നതിനും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള മുന്നോടിയായാണ് സാമൂഹികാഘാത പഠനമെന്ന് അറിയിച്ചിട്ടുണ്ട്. ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ദേശീയ സുരക്ഷാ പ്രാധാന്യവും കണക്കിലെടുത്ത്, ദ്വീപ് പൂര്‍ണമായും പ്രതിരോധ, നയതന്ത്ര ഏജന്‍സികള്‍ക്ക് കൈമാറുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യമെന്ന് നോട്ടീസില്‍ പറയുന്നു. റവന്യൂ വകുപ്പിനെ പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയായി നിശ്ചയിച്ചിട്ടുണ്ടെന്നും ഗ്രാമസഭ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചനകള്‍ നടത്തുമെന്നും നോട്ടീസില്‍ സൂചിപ്പിക്കുന്നു.
അതേസമയം, ബിത്രയെ പ്രതിരോധ താവളമാക്കാനുള്ള നീക്കത്തെ ലക്ഷദ്വീപ് എംപി ഹംദുള്ള സയീദ് ഉള്‍പ്പെടെയുള്ള തദ്ദേശവാസികള്‍ സ്വാഗതം ചെയ്യുന്നില്ല. വിജ്ഞാപനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് ബിത്രയിലെ താമസക്കാര്‍ക്ക് ഹംദുള്ള ഉറപ്പുനല്‍കി. ഒട്ടേറെ ദ്വീപുകളില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഇതിനകം ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കം പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അതിനെ ശക്തമായി എതിര്‍ക്കുമെന്നും ഹംദുള്ള സയീദ് വ്യക്തമാക്കിയിട്ടുണ്ട്. ദ്വീപ് ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തെക്കുറിച്ച് വിഷമിക്കുകയോ ഉത്കണ്ഠാകുലരാകുകയോ ചെയ്യരുതെന്ന് ഒരു വീഡിയോ സന്ദേശത്തില്‍ ബിത്ര നിവാസികളോട് ലക്ഷദ്വീപ് എംപി ഹംദുള്ള സയീദ് ആവശ്യപ്പെട്ടു. നിങ്ങളുടെ എംപി എന്ന നിലയില്‍, ബിത്രയിലെയും ലക്ഷദ്വീപിലെയും നേതാക്കള്‍ ഉള്‍പ്പെട്ട ഒരു സമ്മേളനം ഞങ്ങള്‍ നടത്തി. അവര്‍ കരഞ്ഞുകൊണ്ട് അതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. ബിത്രയിലെ ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടാന്‍ ഞങ്ങള്‍ തീരുമാനിച്ചു എന്നായിരുന്നു എംപിയുടെ പ്രതികരണം.
നിരവധി ദ്വീപുകളില്‍ പ്രതിരോധ കാര്യങ്ങള്‍ക്ക് ആവശ്യമായ ഭൂമി സര്‍ക്കാര്‍ ഇതിനകം ഏറ്റെടുത്തിട്ടുണ്ടെന്നും സയീദ് കൂട്ടിച്ചേര്‍ത്തു. പതിറ്റാണ്ടുകളായി തദ്ദേശീയ ജനങ്ങള്‍ താമസിച്ച് വരുന്ന ബിത്രയെ മറ്റൊരു ബദലും പരിഗണിക്കാതെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്നും എം പി വ്യക്തമാക്കിയിട്ടുണ്ട്. ദ്വീപുവാസികളുമായി ഒരു കൂടിയാലോചനയും നടത്താത്ത ഭരണകൂടത്തെയും അദ്ദേഹം വിമര്‍ശിച്ചു.
ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ജനവാസമുള്ള 10 ദ്വീപുകളില്‍ ഒന്നായ ബിത്ര ദ്വീപ് പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ദ്വീപില്‍ 105 കുടുംബങ്ങളാണ് അധിവസിക്കുന്നത്. സാമൂഹിക ആഘാത വിലയിരുത്തലിനായി ജൂലൈ 11 ന് ലക്ഷദ്വീപ് റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 'തന്ത്രപരമായ സ്ഥാനം', 'ദേശീയ സുരക്ഷാ പ്രസക്തി' എന്നിവ കണക്കിലെടുത്ത് മുഴുവന്‍ ദ്വീപും ഡിഫെന്‍സ് സ്ട്രാറ്റജിക് ഏജന്‍സികള്‍ക്ക് കൈമാറുക എന്നതാണ് ഉദ്ദേശ്യമെന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ ഐഎന്‍എസ് ജടായു എന്ന പുതിയ നാവികതാവളം കമ്മീഷന്‍ ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ നേവല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജിന്റെ (ലക്ഷദ്വീപ്) നിയന്ത്രണത്തിലുള്ള മിനിക്കോയ് നാവിക ഡിറ്റാച്ച്‌മെന്റാണ് ഐഎന്‍എസ് ജടായു കമ്മീഷന്‍ ചെയ്യുന്നത്. ലക്ഷദ്വീപിലെ, 0.105 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണമുള്ളതും ജനവാസമുള്ളതുമായ ഏറ്റവും ചെറിയ ദ്വീപാണ് ബിത്ര. 1945 മുതലാണ് ഇവിടെ ജനവാസം തുടങ്ങിയതെന്ന് കരുതുന്നു.