പുതിയ ആദായനികുതി ബില്ല് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍; പരിഷ്‌കരിച്ച പതിപ്പ് വീണ്ടും പാര്‍ലമെന്റിലേക്ക്; പുതിയ നിയമത്തില്‍ ഭാഷയും വാക്കുകളും ലളിതമായിരിക്കും; ഗുരുതരമല്ലാത്ത പിഴവുകള്‍ക്കുള്ള ശിക്ഷയും പിഴയും മറ്റും കുറയ്ക്കുമെന്നും നിര്‍മ്മല സീതാരാമന്‍

പുതിയ ആദായനികുതി ബില്ല് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍

Update: 2025-08-08 11:55 GMT

ന്യൂഡല്‍ഹി: 2025 ലെ പുതിയ ആദായനികുതി ബില്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. 1961 ലെ ആദായനികുതി നിയമത്തിന് പകരമായി ഫെബ്രുവരി 13 ന് ലോകസഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്ലാണ് പിന്‍വലിച്ചിരിക്കുന്നത്. പുതുക്കിയ പതിപ്പ് തിങ്കളാഴ്ച ലോകസഭയില്‍ അവതരിപ്പിക്കും. ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സിലക്ട് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ ബില്ലും പരിഷ്‌കരിച്ചത്. ബില്ലിന്റെ ഒന്നിലധികം പതിപ്പുകള്‍ മൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും വ്യക്തവും പുതുക്കിയതുമായ ഒരു പതിപ്പ് നല്‍കുന്നതിനുമായി, മുന്‍പ് അവതരിപ്പിച്ച ബില്ലില്‍ മാറ്റങ്ങള്‍ വരുത്തി, പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് സഭയുടെ പരിഗണനയ്ക്കായി അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിലവിലെ ആദായനികുതി നിയമം-1961ന് പകരമാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം പുതിയ ബില്‍ (ആദായ നികുതി ബില്‍-2025) അവതരിപ്പിച്ചത്. നിയമങ്ങളിലും ചട്ടങ്ങളിലും മാത്രമല്ല, ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിലും നികുതിദായകരുടെ സൗകര്യാര്‍ഥം മാറ്റങ്ങള്‍ പുതുതായി അവതരിപ്പിക്കുന്ന ഇന്‍കം ടാക്‌സ് ബില്‍-2025ല്‍ ഉണ്ടാകും. എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാനാവുക, നൂലാമാലകള്‍ ഒഴിവാക്കി നികുതി റിട്ടേണ്‍ സമര്‍പ്പണം സുഗമമാക്കുക, തര്‍ക്കങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. അതേസമയം, നികുതി നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. പ്രോപ്പര്‍ട്ടി ഇന്‍കം, പ്രോപ്പര്‍ട്ടി, പെന്‍ഷന്‍ ഡിഡക്ഷനുകള്‍ എന്നിവയിലും നികുതിദായകര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ 21ന് ആണ് സിലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 4,500 പേജുകളിലായി 285 നിര്‍ദേശങ്ങള്‍ സമിതി നല്‍കിയിട്ടുണ്ട്. ഇവ പരിഗണിച്ചാണ് പരിഷ്‌കരിച്ച ബില്‍ അവതരിപ്പിക്കാനുള്ള തീരുമാനമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും വ്യക്തമാക്കി. പുതിയ നിയമത്തില്‍ ഭാഷയും വാക്കുകളും ലളിതമായിരിക്കും. ഗുരുതരമല്ലാത്ത പിഴവുകള്‍ക്കുള്ള ശിക്ഷയും പിഴയും മറ്റും കുറയ്ക്കും. ആദായ നികുതി സ്ലാബ്, മൂലധന നേട്ട നികുതി, സമയപരിധി തുടങ്ങിയവയിലും മാറ്റമുണ്ടാകില്ല.

നിലവില്‍ ആദായനികുതി സംബന്ധിച്ച മാറ്റങ്ങള്‍ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന് (സിബിഡിടി) പാര്‍ലമെന്റിന്റെ അനുവാദം ആവശ്യമാണ്. പുതിയ നിയമം വരുന്നതോടെ സിബിഡിടിക്കും കരുത്തേറും. ആദായനികുതി സ്‌കീമുകള്‍, വ്യവസ്ഥങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് സിബിഡിടിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാകും. ഉദ്യോഗസ്ഥൃതല കാലതാമസവും മറ്റും ഒഴിവാക്കാനാണിത്. നിലവിലെ ആദായ നികുതി നിയമം-1961ല്‍ ഇതിനകം 4,000ഓളം ഭേദഗതികള്‍ വന്നിട്ടുണ്ട്. 5 ലക്ഷത്തിലേറെ വാക്കുകളുമുണ്ട്. ഇത് പുതിയ ബില്ലില്‍ ഏകദേശം പാതിയായി കുറച്ചു. എംഎസ്എംഇകള്‍, മറ്റ് ചെറുകിട ബിസിനസ് സംരംഭകര്‍, സാധാരണക്കാര്‍ തുടങ്ങിയവര്‍ക്ക് അനുയോജ്യമായ വിധമാണ് ബില്‍ പരിഷ്‌കരിച്ചത്.

ആദായ നികുതി അടയ്ക്കുന്നത് അനായാസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലളിതമാക്കിയ ചട്ടങ്ങളോടെ ആദായനികുതി നിയമം അവതരിപ്പിച്ചത്. 536 സെക്ഷനുകളും 23 അധ്യായങ്ങളും അടക്കം 622 പേജുകളാണ് പുതിയ ആദായനികുതി ബില്ലിലെന്നായിരുന്നു റിപ്പോര്‍ട്ട്. പുതിയ നിയമത്തില്‍ ഷെഡ്യൂളുകളും അധ്യായങ്ങളും കൂടിയത് ആദായനികുതി നിയമത്തോടുള്ള ഘടനാപരമായ സമീപനം കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത് ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍, ബിസിനസ്സുകള്‍ക്കും വ്യക്തികള്‍ക്കും ഉള്ള കാര്യക്ഷമമായ വ്യവസ്ഥകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതിനാലാണ് ഷെഡ്യൂളുകളും അധ്യായങ്ങളും പുതിയ നിയമത്തില്‍ കൂടിയത് എന്നാണ് കണക്കുകൂട്ടുന്നത്. നികുതി തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനായി ഓഹരി ഇടപാടുകളെ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍, കൂടുതല്‍ വ്യക്തതക്കായി കഴിഞ്ഞ 60 വര്‍ഷത്തെ ജുഡീഷ്യല്‍ വിധി ന്യായങ്ങള്‍ എന്നിവയും പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

എന്നാല്‍ ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ഇവ തിരുത്തി, വീണ്ടും അവതരിപ്പിക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    

Similar News