രാത്രിയില്‍ ആരുമറിയാതെ ആക്‌സോ ബ്‌ളേഡ് ഉപയോഗിച്ചു സെല്‍ മുറിച്ചു; പുതപ്പും കയറും കൂട്ടിക്കെട്ടി റോപ്പാക്കി; അതി സുരക്ഷാ ജയിലില്‍ നിന്നുമുള്ള ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ത്രില്ലര്‍ സിനിമകളെ വെല്ലും വിധത്തില്‍; അറിയേണ്ടത് ഒറ്റക്കയ്യന്‍ എല്ലാം ചെയ്തത് ഒറ്റയ്ക്കാണോ എന്ന് മാത്രം
രാത്രിയില്‍ ആരുമറിയാതെ ആക്‌സോ ബ്‌ളേഡ് ഉപയോഗിച്ചു സെല്‍ മുറിച്ചു
കണ്ണൂര്‍: ആക്ഷന്‍ സിനിമകളെ വെല്ലുന്ന തരത്തിലുള്ള ജയില്‍ ചാട്ടമാണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി നടത്തിയത്. ജയില്‍ സെല്ലിന്റെ ഇരുമ്പഴികള്‍ രാത്രിയില്‍ ആരുമറിയാതെ ആക്‌സോ ബ്‌ളേഡ് ഉപയോഗിച്ചു മുറിച്ച ഗോവിന്ദച്ചാമി രണ്ടു മതിലുകളാണ് ചാടിക്കടന്നത്. പുതുപ്പുവടമാക്കി കെട്ടിയാണ് ഗോവിന്ദച്ചാമി ജയില്‍ മതില്‍ ചാടി കടന്നത്. ഏഴ് അടി ഉയരമുള്ള ജയില്‍ മതിലും കൂറ്റന്‍ പുറം ജയില്‍ മതിലും ചാടിയതിനു ശേഷം ദേശീയപാതയിലൂടെ നടക്കുകയായിരുന്നു. എങ്ങനെയാണ് ഒരു കൈ മാത്രമുള്ള ഇയാള്‍ക്ക് ഇതിന് കഴിഞ്ഞ തെന്നാണ് ഉയരുന്ന ചോദ്യം.
സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയതിനു പിന്നാലെ മണിക്കൂറുകള്‍ക്കകമാണ്‌പോലീസിന്റെ പിടിയിലായത്. കണ്ണൂര്‍ തളാപ്പ് എല്‍ ഐ സി ഓഫീസിനടുത്ത സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ കിണറില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷ ക്രമീകരണമുള്ള പത്ത് ബി ബ്ലോക്കില്‍ നിന്നുമാണ് ഇന്നു പുലര്‍ച്ചെ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിന്റെ ഉപ ബ്ലോക്കായ ബി-ബ്ലോക്കിലെ നാലാം സെല്ലില്‍ നിന്നാണ് രക്ഷപ്പെട്ടത്. ബി-ഉപബ്ലോക്കില്‍ വിവിധ സെല്ലുകളിലായി 68 തടവുകാരാണുള്ളത്. ഗോവിന്ദച്ചാമിയുടെ കൂടെ സുരേഷ് കണ്ണന്‍ എന്ന മറ്റൊരു പ്രതിയുമുണ്ടായിരുന്നു. സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ചു മാറ്റി പത്താംബ്ലോക്കിന്റ മതില്‍ മറികടന്ന് സെന്‍ട്രല്‍ ജയിലിന്റെ വടക്കു ഭാഗത്ത് ആകാശവാണിയോട് ചേര്‍ന്നുള്ള കൂറ്റന്‍ മതിലിന് മുകളില്‍ കയറി പുതപ്പും കയറും കൂട്ടിക്കെട്ടി തൂക്കിയിട്ട് ഇതിലൂടെയാണ് ജയില്‍ വളപ്പില്‍ നിന്നും പുറത്ത് കടന്നത്. മതിലിനു മുകളില്‍ സുരക്ഷയ്ക്കായി വൈദ്യുതി കടത്തിവിട്ടുള്ള വേലിയുണ്ടെങ്കിലും ഇതുള്‍പ്പടെ മറികടന്നായിരുന്നു രക്ഷപ്പെടല്‍. പത്താം ബ്ലോക്കിന്റെ ചുറ്റുമായുള്ള മതിലിനു സമീപം കന്നാസുകളും കണ്ടെത്തിയിട്ടുണ്ട്. മതിലിലേക്ക് കയറാനായിഇതും ഉപയോഗിച്ചിട്ടുണ്ടാവാം.
ജയില്‍ചാട്ടത്തിനു പിന്നില്‍ ഏറെ ദുരൂഹതയും ഉയരുന്നുണ്ട്. ജയിലിനകത്ത് നിന്നും പുറത്തു നിന്നും പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സംശയം. മതിലിനു മുകളിലെ വൈദ്യുതി വേലിയിലെ വൈദ്യുതി സംവിധാനം കാര്യക്ഷമമായിരുന്നോ എന്ന കാര്യത്തിലും സംശയമുണ്ട്. ജയിലില്‍ നിരീക്ഷണ കാമറകളും ഇതു നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരുമുണ്ടെങ്കിലും ജയില്‍ ചാട്ടം ആരുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നതും അതീവ ഗൗരവമുള്ള വിഷയമാണ്. പുലര്‍ച്ചെയാണ് പ്രതി രക്ഷപ്പെട്ടതെങ്കിലും ജയിലധികൃതര്‍ ഇന്നു രാവിലെ അഞ്ചോടെയാണ് അറിയുന്നത്. ആദ്യമെത്തിയ ജയില്‍ ജീവനക്കാരും സംഭവം അറിഞ്ഞില്ലെന്നാണ് അറിയുന്നത്. ഇന്നലെ വൈകുന്നേരം ആറോടെ സെല്ലിനകത്ത് കയറ്റിയ ഗോവിന്ദച്ചാമിയെ സെല്ലില്‍ കയറ്റിയത്.തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രക്ഷപ്പെട്ട വിവരം അറിയുന്നത്.
സംഭവത്തെ തുടര്‍ന്ന് ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയിട്ടുണ്ട്. ജയിലധികൃതരും പോലീസും കണ്ണൂരിലും പരിസരങ്ങളിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു. കൂടാതെ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസിലേക്കും വിവരം കൈമാറുകയും ചെയ്തിരുന്നു.. ജയിലില്‍ പരിശോധനക്കെത്തിച്ച പോലീസ് നായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്കാണ് ഓടിയത്. ഇതിനിടയില്‍ രക്ഷപ്പെട്ട ഗോവിന്ദച്ചാമി റോഡിലൂടെ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
2011 ഫെബ്രുവരി ഒന്നിനായിരുന്നു ട്രെയിന്‍ യാത്രക്കാരിയായ സൗമ്യയെ തമിഴ്‌നാട് സ്വദേശിയും ഒറ്റക്കൈയനുമായ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. എറണാകുളത്ത് നിന്നും ഷൊര്‍ണൂരിലേക്കു പോകുന്ന ട്രെയിനിലെ ലേഡീസ് കോച്ചിലെ യാത്രക്കാരിയായിരുന്നു സൗമ്യ. ആക്രമണത്തില്‍ പരിക്കേറ്റ സൗമ്യ പിന്നീട് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സൗമ്യ വധക്കേസില്‍ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.