ഗവര്‍ണര്‍ പറഞ്ഞത് അനുസരിച്ചതിന് പക തീരുന്നില്ല; ആദ്യം പെന്‍ഷനും മറ്റാനുകൂല്യങ്ങളും മുടക്കാന്‍ നോക്കി; മോഷണക്കുറ്റം ആരോപിച്ച് താറടിക്കാനും മടിച്ചില്ല; കൊച്ചിയില്‍ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിലും ഡോ. സിസ തോമസിന് വിലക്ക്; ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും വകവയ്ക്കാതെ പിണറായി സര്‍ക്കാര്‍
ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിലും ഡോ. സിസ തോമസിന് വിലക്ക്
തിരുവനന്തപുരം: മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള പോരിനിടയില്‍ പെട്ടത് കെടിയു മുന്‍ വിസിയും, ഡിജിറ്റല്‍ സര്‍വകലാശാല വിസിയുമായ ഡോ. സിസ തോമസാണ്. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ പാലിച്ചതിന്റെ പേരില്‍ സിസ തോമസിന്റെ പെന്‍ഷന്‍ മുടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ അവരെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി മുന്‍ ഗവര്‍ണര്‍ നിയമിച്ചിരുന്നു. ഏറ്റവുമൊടുവില്‍, കൊച്ചിയില്‍ നടത്തുന്ന ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിലെ എല്ലാ സെഷനുകളില്‍ നിന്നും സിസി തോമസിനെ ഒഴിവാക്കിയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായാണ് കൊച്ചിയില്‍ 14 നും 15 നും ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. വിവിധ സെഷനുകളില്‍ മറ്റ് വിസിമാരെയും മുന്‍ ഡിജിറ്റല്‍ വിസിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ സര്‍വകലാശാല പ്രതിനിധികള്‍ പങ്കെടുക്കുന്ന വിവിധ സെഷനുകളില്‍ നിലവിലെ വിസിമാര്‍ക്ക് അപ്രധാനമായ സെഷനുകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയപ്പോള്‍ മുഖ്യസെഷനുകളില്‍ മുന്‍ വിസിമാരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എംജി വിസി സി. അരവിന്ദ് കുമാര്‍, മുന്‍ വിസിമാരായിരുന്ന ഡോ. സാബു തോമസ്, ഡോ. ഗോപിനാഥ് രവീന്ദ്രന്‍, എം.വി. നാരായണന്‍, പി.ജി. ശങ്കരന്‍, ഗംഗന്‍ പ്രതാപ്, സജി ഗോപിനാഥ് കൂടാതെ എസ്എഫ്‌ഐ പ്രസിഡന്റ് അനുശ്രീ എന്നിവരെ ഉള്‍പ്പെടുത്തിയിരിക്കുമ്പോഴാണു ഡിജിറ്റല്‍ സര്‍വകലാശാല വിസിയെ ഒഴിവാക്കിയത്. ഡിജിറ്റല്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപെടുത്തുന്നതിന്റെ ഭാഗമായുള്ള സ്റ്റാള്‍ കോണ്‍ക്ലേവില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ വച്ച് നടന്ന ദക്ഷിണേന്ത്യയിലെ വിസിമാരുടെ കണ്‍വന്‍ഷനില്‍ മുഖ്യ മൂന്നു പ്രാസംഗികരില്‍ ഒരാളായിരുന്ന ഡോ.സിസ തോമസിനാണ് സംസ്ഥാനത്തു വിലക്ക് ഏര്‍പ്പെടുത്തിയത്. ജനുവരി 14, 15 തീയതികളില്‍ നടക്കുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെയും ഒഴിവാക്കിയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.
നേരത്തെ സിസ തോമസിന്റെ പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നു. സര്‍വകലാശാലയിലെ ചില രേഖകള്‍ കാണാനില്ലെന്നുപറഞ്ഞ് 'മോഷണക്കുറ്റം' ആരോപിച്ചിരിക്കുക പോലും ചെയ്തു. 2022 നവംബറിലാണ് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ സാങ്കേതിക സര്‍വകലാശാലാ വി.സി.യായി ചാന്‍സലര്‍ കൂടിയായ അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്. സര്‍ക്കാരിന്റെ നാമനിര്‍ദേശം തള്ളിയുള്ള ഈ നിയമനം സര്‍ക്കാരിനെ ചൊടിപ്പിച്ചു.
വിരമിക്കുന്നതിന് ഒരുമാസംമുമ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറുടെ ചുമതലയില്‍ നിന്ന് ഇവരെ സര്‍ക്കാര്‍ മാറ്റിയെങ്കിലും പകരം ചുമതല നല്‍കിയില്ല. ദൂരെ എവിടേക്കെങ്കിലും സ്ഥലംമാറ്റുമെന്ന് ഉറപ്പായതോടെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് തലസ്ഥാനത്തുതന്നെ നിയമനം നല്‍കണമെന്ന ഉത്തരവ് നേടി. ഇതിനെത്തുടര്‍ന്ന് ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലായി നിയമനം നല്‍കി. തുടര്‍ന്ന് മെമ്മോയും കിട്ടി.
സര്‍ക്കാര്‍ അനുമതിയില്ലാതെ വി.സി.യായി സ്ഥാനമേറ്റെന്നായിരുന്നു കുറ്റം. അധികചുമതലയായി വി.സി. സ്ഥാനമേറ്റത് നടപടികള്‍ പാലിച്ചാണെന്ന് ഡോ. സിസ ഇതിന് മറുപടി നല്‍കി. അതുമ കൊണ്ടും തൃപ്തരാകാതെ, വിരമിക്കുന്ന മാര്‍ച്ച് 31-ന് ഹിയറിങ്ങിന് അഡീഷണല്‍ സെക്രട്ടറിയുടെ മുന്നില്‍ ഹാജരാകണമെന്നുകാണിച്ച് തലേന്ന് ഓഫീസ് സമയത്തിനുശേഷം ഇ-മെയിലായി കത്തുനല്‍കി. വിരമിക്കല്‍ ദിവസമായതിനാലും വി.സി.യെന്ന നിലയിലും പ്രിന്‍സിപ്പലെന്ന നിലയിലും മാര്‍ച്ച് 31-ന് ബില്ലുകള്‍ മാറുന്നതടക്കമുള്ള ഉത്തരവാദിത്വങ്ങളും കാണിച്ച് ഹാജരാകാനുള്ള അസൗകര്യമറിയിച്ച് മറുപടി നല്‍കി. വിരമിച്ചശേഷം പെന്‍ഷനും ആനുകൂല്യങ്ങളും ചോദിച്ചപ്പോള്‍ അച്ചടക്കനടപടി തുടങ്ങിയതിനാല്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്ന് അറിയിച്ചു.
തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണറുടെ ഉത്തരവനുസരിക്കുന്നത് അച്ചടക്കലംഘനമല്ലെന്നും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും കോടതി വിധിച്ചു. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളിയിരുന്നു.