ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച് ഗുല്‍മാര്‍ഗിലെ മഞ്ഞുമൂടിയ പ്രദേശത്ത് നാല് ദിവസം നീണ്ട ഫാഷന്‍ ഷോ; റമദാനില്‍ ഫാഷന്‍ ഷോ നടത്തിയത് അനാദരവാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം; റമദാനില്‍ ഫാഷന്‍ ഷോ നടത്തിയത് അപലപനീയമെന്ന് പറഞ്ഞ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല
റമദാനില്‍ ഫാഷന്‍ ഷോ നടത്തിയത് അനാദരവാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ നടന്ന ഫാഷന്‍ ഷോയെ ചൊല്ലി വാവാദം കൊഴുത്തതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. റമദാന്‍ മാസത്തില്‍ ഫാഷന്‍ ഷോ നടത്തിയതിനെ അപലപിച്ച മുഖ്യമന്ത്രി, സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണിതെന്നും ചൂണ്ടിക്കാട്ടി.
റമദാന്‍ അടക്കം ഒരിക്കലും നടത്താന്‍ പാടില്ലാത്ത കാര്യമാണിത്. സ്വകാര്യ പാര്‍ട്ടി മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. പരിപാടി നടത്തിയതില്‍ സര്‍ക്കാറിന് പങ്കില്ല. നിയമലംഘന പ്രവര്‍ത്തനം ഒരിക്കലും അനുവദിക്കാന്‍ സാധിക്കില്ലെന്നും ഉമര്‍ ഫാറൂഖ് വ്യക്തമാക്കി.
ഫാഷന്‍ ബ്രാന്‍ഡായ ശിവന്‍ ആന്‍ഡ് നരേഷാണ് മഞ്ഞ് വീഴ്ചയുള്ള തുറസ്സായ മേഖലയില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. ഫാഷന്‍ വ്യവസായത്തിലെ 15-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് ഏഴിനാണ് ഡിസൈനര്‍ ജോഡികളായ ശിവന്‍ ആന്‍ഡ് നരേഷ് ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച് ഗുല്‍മാര്‍ഗിലെ മഞ്ഞുമൂടിയ പ്രദേശത്തായിരുന്നു നാലു ദിവസം നീണ്ട ഫാഷന്‍ ഷോ.
പുണ്യമാസമായ റമദാനില്‍ നടന്ന ഫാഷന്‍ ഷോ ജമ്മു കശ്മീരില്‍ വലിയ വിവാദത്തിനാണ് വഴിവെച്ചത്. റമദാനില്‍ ഫാഷന്‍ ഷോ നടത്തിയത് അനാദരവാണെന്ന് ചൂണ്ടിക്കാട്ടി മത-രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ഫാഷന്‍ ഷോക്കെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലും ഉയരുന്നത്.
ഫാഷന്‍ ഷോക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജമ്മു കശ്മീര്‍ അവാമി ഇതിഹാദ് പാര്‍ട്ടി എം.എല്‍.എ ഖുര്‍ഷിദ് അഹമ്മദ് ശൈഖ് നടത്തിയത്. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന് നേരെ നടക്കുന്ന ആക്രമണമാണിതെന്ന് അഹമ്മദ് ശൈഖ് ആരോപിച്ചു. റമദാന്‍ മാസത്തില്‍ ഇത്തരം പരിപാടി സംഘടിപ്പിക്കുന്ന അപമാനകരമാണ്. സംഭവത്തില്‍ അപലപിക്കുന്നതായും മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിക്കണമെന്നും അഹമ്മദ് ശൈഖ് ആവശ്യപ്പെട്ടു.
സൂഫിവര്യന്മാരുടെ സ്ഥലമായ ജമ്മു കശ്മീരില്‍ ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത കാര്യമാണിതെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എ തന്‍വീര്‍ സാദിഖ് ചൂണ്ടിക്കാട്ടി. അര്‍ധനഗ്‌ന ഷോകള്‍ അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി വേണ്ട നടപടി സ്വീകരിക്കണമെന്നും തന്‍വീര്‍ സാദിഖ് ആവശ്യപ്പെട്ടു.ടൂറിസത്തിന്റെ പേരില്‍ അശ്ലീലം അനുവദിക്കില്ലെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വയ്‌സ് ഉമര്‍ ഫാറൂഖും പ്രതികരിച്ചു. അതേസമയം വിഷയം അനാവശ്യമായി വിവാദമാക്കുകയാണ് എന്നാണ് ബിജെപി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതികരിച്ചത്.