ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം കേക്ക് മുറിച്ചത് മുസ്ലിം ധര്‍മ ശാസ്ത്രത്തിന് വിരുദ്ധം; ലീഗിന്റെ മുന്‍ നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ മാതൃക കാണിച്ചിട്ടുണ്ട്; പാണക്കാട് തങ്ങള്‍ക്കെതിരെ സമസ്ത നേതാവ്; സമസ്തയില്‍ ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറിയെന്നും ഹമീദ് ഫൈസിയുടെ വിമര്‍ശനം

ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം കേക്ക് മുറിച്ചത് മുസ്ലിം ധര്‍മ ശാസ്ത്രത്തിന് വിരുദ്ധം

Update: 2025-01-11 08:54 GMT

കോഴിക്കോട്: മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനവുായി സമസ്ത നേതാവ് രംഗത്ത്. സമസ്ത വിമത പക്ഷത്തുള്ള ഹമീദ് ഫൈസി അമ്പലക്കടവാണ് വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയത്. സാദിഖലി തങ്ങള്‍ ക്രൈസ്തവ ആചാരങ്ങളുടെ ഭാഗമാകുന്നതിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഇതര മതങ്ങളുടെ ആചാരങ്ങളുടെ ഭാഗമാകുന്നത് മുസ്ലിം ധര്‍മ ശാസ്ത്രത്തിന് വിരുദ്ധമാണെന്നാണ് വിമര്‍ശനം. സാദിഖലി തങ്ങള്‍ ക്രൈസ്തവ പുരോഹിതന്മാര്‍ക്കൊപ്പം കേക്ക് മുറിച്ചു കഴിച്ചതിന്റെ പേരിലാണ് സമസ്ത നേതാവ് പാണക്കാട് തങ്ങള്‍ക്കെതിരെ തിരിഞ്ഞത്. വൈലത്തൂരില്‍ നടന്ന എസ്‌കെഎസ്എസ്എഫ് ആദര്‍ശ സമ്മേളനത്തിലായിരുന്നു ഹമീദ് ഫൈസിയുടെ വിമര്‍ശനം.

ജമാഅത്ത് ഇസ്ലാമിയെയും പിഎംഎ സലാമിനെയും ഹമീദ് ഫൈസി അമ്പലക്കടവ് വിമര്‍ശിക്കുന്നുണ്ട്. പിഎംഎ സലാം മുസ്ലിംലീഗിലേക്ക് തിരിച്ചെത്തിയതിനു പിന്നിലും ചരട് വലിച്ചത് ജമാഅത്തെ ഇസ്ലാമിയെന്നാണ് കുറ്റപ്പെടുത്തല്‍. സമസ്തയില്‍ ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറി. മുസ്ലീംലീഗിനും സമസ്തക്കും ഇടയില്‍ ജമാഅത്തെ ഇസ്ലാമി വിള്ളലുണ്ടാക്കി. മുസ്ലീം ലീഗിനെ പിളര്‍ത്തി ഐഎന്‍എല്‍ ഉണ്ടാക്കിയതില്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തിനും സിമിയുടെ കോഴിക്കോടുള്ള ആസ്ഥാനമായ ഇസ്ലാമിക് യൂത്ത് സെന്ററിനും പങ്കുണ്ട്.

അന്ന് ഐഎന്‍എല്‍ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിലേക്ക് സിമി നേതാവായിരുന്ന എം എ വഹാബിനെ നിര്‍ദേശിച്ചത് ജമാഅത്തെ ഇസ്ലാമിയാണെന്നും ഹമീദ് ഫൈസി പറഞ്ഞു. സമസ്തയില്‍ ലീഗ് വിരുദ്ധ വിഭാഗം ഉണ്ടെന്ന് ആദ്യമായി ആരോപിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ ചാനലാണെന്നും ഹമീദ് ഫൈസി കുറ്റപ്പെടുത്തുന്നു. ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങളെ ജാഗ്രതയോടുകൂടി കൈകാര്യം ചെയ്യണമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

നേരത്തെ ക്രിസ്മസ് ദിനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുമെന്ന് സന്ദര്‍ശനത്തിന് ശേഷം തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ ആശംസകള്‍ അറിയിക്കാനായി തങ്ങള്‍ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദര്‍ശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ പ്രതികരണം. മുസ്ലിം ലീഗ് നേതാക്കളായ ഡോ. എം കെ മുനീര്‍ എംഎല്‍എ, ഉമര്‍ പാണ്ടികശാല, പി ഇസ്മായില്‍, ടിപിഎം ജിഷാന്‍, എന്‍ സി അബൂബക്കര്‍ എന്നിവരും സാദിഖലി തങ്ങള്‍ക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് ബാവാ ഇന്നലെ പാണക്കാട് സന്ദര്‍ശനം നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു കെസിബിസി പ്രസിഡന്റ് പാണക്കാടെത്തിയത്. മുസ്ലിം ലീഗ് നേതാക്കള്‍ ക്ലീമിസ് ബാവായെ സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെസിബിസി പ്രസിഡന്റ് ചര്‍ച്ച നടത്തി. സമകാലിക രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. യുഡിഎഫിലെ വിഷയങ്ങളും ഇവര്‍ ചര്‍ച്ച ചെയ്തു. സാമുദായിക നേതൃത്വങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നീക്കം നടത്തുന്നതിനിടെയിലാണ് ക്ലീമിസ് ബാവാ പാണക്കാട് എത്തിയിരിക്കുന്നത്. രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചയെന്നാണ് വിവരം.

നേരത്തെ മുനമ്പം വിഷയത്തില്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്നത്തെ സാഹചര്യത്തില്‍ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ ആവശ്യമാണെന്നുമായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍ അന്ന് പ്രതികരിച്ചത്. മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത്.

Tags:    

Similar News