താലിബാന് ഭീകരത പോരെന്ന് ഐസിസ്! 'സമാധാനത്തിന്റെ' മാര്‍ഗം പിന്തുടരുന്നത് അംഗീകരിക്കാനാവില്ല; ഹഖാനി ശൃംഖല മറുകണ്ടം ചാടിയതോടെ ഐഎസിന്റെ വരുമാനം മുട്ടി; അതേ നാണയത്തില്‍ തിരിച്ചടിച്ച് താലിബാനും; ഭീകരരുടെ ചേരിപ്പോരില്‍ അഫ്ഗാനികള്‍ ചെകുത്താനും കടലിനും ഇടയില്‍
വാളെടുത്തവന്‍ വാളാല്‍ എന്നൊക്കെ കേട്ടിട്ടില്ലേ. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ സംഭവിക്കുന്നതും ഏതാണ്ട് അതൊക്കെയാണ്. ലോകത്തെ വിറപ്പിക്കുന്ന രണ്ട് ഇസ്ലാമിക സംഘടനകള്‍ അവിടെ നേര്‍ക്കുനേര്‍ നില്‍ക്കയാണ്. ഒന്ന് ഐഎസ്ഐഎസ് എന്ന ഐസിസും, രണ്ട് ഭരണകക്ഷികൂടിയായ താലിബാനും. അധികാരം കിട്ടിയപ്പോള്‍ താലിബാന്‍ സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് പോയി എന്നും ഭീകരതയില്‍ വിട്ടുവീഴ്ചയില്ലെന്നുമാണ് ഐസിസ് പറയുന്നത്!
ഇത് കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നിയേക്കാം. പക്ഷേ സംഭവം സത്യമാണ്. 2021-മുതല്‍ അഫ്ഗാനില്‍ ഐസിസും താലിബാനും തമ്മില്‍ പോരാട്ടം ശക്തമാണ്. തങ്ങളുടെ കൂടി ഫണ്ടിങ് ഏജന്‍സിയായ ഹഖാനി നെറ്റ്വര്‍ക്കിനെ താലിബാന്‍ ഭരണത്തിന്റെ ഭാഗമാക്കിയതും ഐസിസിന് തിരിച്ചടിയായി. മയക്കുമരുന്ന് കച്ചവടവും, ആഗോള തീവ്രവാദ ഫണ്ടിങ്ങുമൊക്കെയായി ഹഖാനി നെറ്റ്വര്‍ക്കിലുടെ വരുന്ന പണമായിരുന്നു ഐസിസിന്റെ പ്രധാന വരുമാനം. ഇത് ഇല്ലാതായായതും ഐസിസിന്റെ പക വര്‍ധിപ്പിച്ചു. അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ മന്ത്രി അടക്കം നിരവധി പേര്‍ മരിച്ചതിന് പിന്നില്‍ ഐസിസ് ആണെന്നാണ് കരുതുന്നത്.
പരസ്പരം കൊന്നുതള്ളുന്നവര്‍
കാബൂളില്‍ അഭയാര്‍ഥി കാര്യ മന്ത്രാലയത്തില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍, മന്ത്രി ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനിയാണ് കൊല്ലപ്പെട്ടത്. മന്ത്രിക്കൊപ്പം മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടതായാണ് വിവരം. മന്ത്രാലയത്തിലെത്തിയ ഒരു അഭയാര്‍ഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീല്‍ ഹഖാനി. അമേരിക്കയുടെ ഉപരോധ പട്ടികയിലുളള നേതാവാണ് ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനി. തീവ്രവാദ ഗ്രൂപ്പായ ഹഖാനി ശൃംഖലയുടെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരനാണ് ഖലീല്‍. താലിബാന്റെ രണ്ടുപതിറ്റാണ്ട് നീണ്ട പോരാട്ടത്തിനിടെ ഏറ്റവും നാശം വിതച്ച ആക്രമണങ്ങള്‍ നടത്തിയ തീവ്രവാദ ഗ്രൂപ്പാണ് ഹഖാനി. എല്ലായ്‌പ്പോഴും ഓട്ടോമാറ്റിക് തോക്കും കൈയ്യിലേന്തിയാണ് ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനി പ്രത്യക്ഷപ്പെടാറുള്ളത്.
അഫ്ഗാനിസ്ഥാനില്‍ മൂന്ന് വര്‍ഷം മുമ്പ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ വ്യക്തിയാണ് ഹഖാനി. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് വിദേശസേന പിന്‍വാങ്ങിയതിന് ശേഷമാണ് ഖലീല്‍ ഹഖാനി താലിബാന്റെ ഇടക്കാല സര്‍ക്കാരില്‍ മന്ത്രിയാകുന്നത്. യുദ്ധത്തില്‍ യുഎസ് നേതൃത്വത്തിലുള്ള സേനയ്ക്ക് എതിരായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട തീവ്രവാദ വിഭാഗമായ ഹഖാനി ശൃംഖലയുടെ മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം. നിലവിലെ ആഭ്യന്തര മന്ത്രിയായ സിറുജുദ്ദീന്‍ ഹഖാനിയുടെ അമ്മാവനാണ് ഖലീല്‍.
അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നിരവധി താലിബാന്‍ നേതാക്കള്‍ ഐസിസുകാരാല്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ പ്രവിശ്യാ ഗവര്‍ണര്‍മാര്‍, കമാന്‍ഡര്‍മാര്‍, മതപുരോഹിതര്‍ എന്നിവരുള്‍പ്പെടുന്നു. മിക്ക ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു. തങ്ങളുടെ സ്പേസ് കവര്‍ന്നവരായിട്ടാണ് ഐസിസ് അവരെ കാണുന്നത്. അതുപോലെ താലിബാനും ഹഖാനി നെറ്റവര്‍ക്കും ഒന്നായതോടെ ഐസിസിന്റെ സാമ്പത്തിക സ്ഥിതി വഷളായി. മന്ത്രി ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനിയെ വകവരുത്തി ഐസിസ് നല്‍കുന്നത് കൃത്യമായ സൂചനയാണ്.
ഹഖാനി ശൃംഖലയ്ക്ക് പിന്നില്‍
അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും പാക് ചാരസംഘടനയായ ഐഎസ്‌ഐയും പാല്‍കൊടുത്ത് വളര്‍ത്തിയവര്‍ എന്നും ഹഖാനി ശൃംഖലയെ വിശേഷിപ്പിക്കാം. ജലാലുദ്ദീന്‍ ഹഖാനിയാണ് ഇതിന്റെ സ്ഥാപകന്‍. 2018 ല്‍ മരിക്കും വരേക്കും ജലാലുദ്ദീന്‍ തന്നെയാണ് ഈ അതിതീവ്ര സംഘത്തെ നയിച്ചിരുന്നത്. ഇപ്പോള്‍ മകന്‍ സിറാജുദ്ദീന്‍ ഹഖാനിയാണ് നേതൃത്വത്തിലുള്ളത്. 2010 കളോടെ തന്നെ സിറാജുദ്ദീന്‍ ഹഖാനി ശൃംഖലയുടെ സായുധ സംഘത്തിന്റെ തലവനായി മാറിയിരുന്നു. പുതിയ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിപദവും സിറാജുദ്ദീന്‍ ഹഖാനിയ്ക്കാണ്.
തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ സദ്രാന്‍ പഷ്തൂണ്‍ ഗോത്രത്തിലെ മെസി വിഭാഗമാണ് ഹഖാനി കുടുംബം. ജലാലുദ്ദീന്‍ ഹഖാനി പഠിച്ച പാകിസ്ഥാനിലെ ദാരുള്‍ ഉലൂം ഹഖാനിയ എന്ന മദ്രസയില്‍ നിന്നാണ് ഹഖാനി എന്ന പേര് വന്നത്. 1980 കളില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്തുകൊണ്ടായിരുന്നു ജലാലുദ്ദീന്‍ ഹഖാനിയുടെ തുടക്കം. അതിനെ വെറുമൊരു തുടക്കം എന്ന് വിശേഷിപ്പിച്ച് അവസാനിപ്പിക്കാന്‍ ആവില്ല. അഫ്ഗാന്‍ മുജാഹിദ്ദീനുകള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ജലാലുദ്ദീന്‍ ഹഖാനിയുടേയും പോരാട്ടം. അക്കാലത്ത് റൊണാള്‍ഡ് റീഗന്‍ ആണ് അമേരിക്കയുടെ പ്രസിഡന്റ്. റീഗന്റെ കൂടി ആശീര്‍വാദത്തോടെ, സിഐഎ ഏറെ താത്പര്യത്തോടെ വളര്‍ത്തിക്കൊണ്ടുവന്ന സംഘമാണ് ഹഖാനി ശൃംഖല.
സോവിയറ്റ് യൂണിയനെതിരെയുള്ള യുദ്ധം മാത്രമായിരുന്നു അന്ന് അമേരിക്കയുടെ ലക്ഷ്യം. പാക് ചാരസംഘടനയായ ഐഎസ്‌ഐയും ഹഖാനി ശൃംഖലയെ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അമേരിക്കയ്ക്കും പാകിസ്ഥാനും ഏറെ വെല്ലുവിളികള്‍ സൃഷ്ടിച്ചതും ഇതേ ഹഖാനി ശൃംഖല തന്നെ ആയിരുന്നു. 1995 വരെ ഒരു സ്വതന്ത്ര സംഘമായിട്ടായിരുന്നു ഹഖാനി ശൃംഖല നിലനിന്നിരുന്നത്. എന്നാല്‍ താലിബാന്‍ ആദ്യമായി അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതോടെ അവര്‍ സര്‍ക്കാരില്‍ പങ്കാളികളായി. ഒടുവില്‍ താലിബാന്റെ ഭാഗമാവുകയും ചെയ്തു. ഹഖാനി ശൃംഖല എന്നൊരു സംവിധാനമേ ഇപ്പോഴില്ല എന്നാണ് ഹഖാനി നേതാക്കളും താലിബാനും വ്യക്തമാക്കിയിരുന്നത്. എല്ലാം താലിബാന്‍ മാത്രം എന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇത് ഐസിസിന് പിടിച്ചില്ല. അതാണ് കാര്യങ്ങള്‍ വഷളാക്കിയത്.
മുമ്പും ഹീനമായ കൊലകള്‍
2021 ഒക്ടോബര്‍ -4 നിരവധി പേര്‍ മരിക്കാനിടയായ കാബൂള്‍ പള്ളി സ്‌ഫോടനത്തിനുപിന്നാലെ ഐസിസ് ഭീകരര്‍ക്കെതിരെ താലിബാനും ശക്തമായി പ്രത്യാക്രമണം നടത്തിയിരുന്നു. ഭീകരരുടെ ഒളിത്താവളത്തില്‍ കടന്നുചെന്ന് നിരവധി ഐസിസുകാരെയാണ്, അന്ന് താലിബാന്‍ കൊലപ്പെടുത്തിയത്. താലിബാന്‍ ഔദ്യോഗിക വക്താവ് സബീഹുല്ലാ മുജാഹിദിന്റെ മാതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ കാബൂളിലെ ഈദ് ഗാഹ് പള്ളിയുടെ പ്രവേശനകവാടത്തില്‍ ബോംബ് സ്‌ഫോടനം നടന്നത്. നിരവധി താലിബാന്‍കാര്‍ തടിച്ചുകൂടിയിരുന്ന ചടങ്ങുകള്‍ക്കിടയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഐസിസ് ഒളിത്താവളങ്ങളില്‍ താലിബാന്‍ ആക്രമണം നടത്തുകയായിരുന്നു.
2019-ല്‍ അമേരിക്കന്‍ സേന നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ അഫ്ഗാന്‍ ഐസിസ് 2020-ലാണ് വീണ്ടും സാന്നിധ്യം അറിയിച്ചത്. ആ വര്‍ഷം ഒരു ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ ഐസിസ് നടത്തിയ ഭീകരാക്രമണത്തില്‍ ചോരക്കുഞ്ഞുങ്ങളും അമ്മമാരുമടക്കം കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം 2021 ആദ്യം ഐസിസ് ഒരു സ്‌കൂളിനു നേര്‍ക്കും ബോബാക്രമണം നടത്തി. പിന്നീട്, താലിബാന്‍ അധികാരത്തിലേറിയതിനു പിന്നാലെയാണ് അഫ്ഗാനിസഥാനില്‍ ഐസിസ് പരസ്യമായി പ്രത്യക്ഷപ്പെട്ടത്.
കാബൂളില്‍നിന്നും അഫ്ഗാനികള്‍ വിദേശരാജ്യങ്ങളിലേക്ക് വിമാനമാര്‍ഗം രക്ഷപ്പെടുന്നതിനിടെ വിമാനത്താവളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയാണ് ഐസിസ് ഇസാന്നിധ്യമറിയിച്ചത്. അമേരിക്കന്‍ സൈനികരടക്കം കൊല്ലപ്പെട്ട ആക്രമണത്തിന് പകരം ചോദിക്കുമെന്ന് അമേരിക്ക അന്നു തന്നെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ ഐസിസ് കേന്ദ്രങ്ങളില്‍ പൈലറ്റില്ലാ വിമാനങ്ങളില്‍ ആക്രമണം നടത്തി നിരവധി ഭീകരരെ വധിച്ചതായും പിന്നീട് അമേരിക്ക അവകാശപ്പെട്ടിരുന്നു.
അതിനിടെ, താലിബാനും ഐസിസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായിരുന്നു. അഫ്ഗാന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി താലിബാനെതിരെ ആക്രമണങ്ങള്‍ നടന്നു. ഇവയില്‍ പലതിനും പിന്നില്‍ ഐസിസ് ആണെന്ന് താലിബാന്‍ ആരോപിച്ചു. അതിനു പിന്നാലെ വ്യത്യസ്ത ആക്രമണങ്ങളില്‍ ഐസിസുകാരെ വധിച്ചതായി താലിബാന്‍ അവകാശപ്പെട്ടു.
തങ്ങളുടെ അതേ പാത പിന്തുടരുന്ന സായുധ സംഘങ്ങളുമായി പോരാട്ടത്തിന്റെ പാതയിലാണ് ഇപ്പോള്‍ താലിബാന്‍. താലിബാന്‍ ഭീകരപാത വെടിഞ്ഞ് സമാധാനത്തിന്റെ മാര്‍ഗം പിന്തുടരുകയാണെന്ന് ഐസിസ് നേരത്തെ ആരോപിച്ചിരുന്നു. ഈ രണ്ട് ഭീകരസംഘടനകളും ഒരുപോലെ തകര്‍ക്കുന്നത് അഫ്ഗാനികളുടെ ജീവിതമാണ്. ശരിക്കും ചെകുത്താനും കടലിനും ഇടയിലായ അവസ്ഥയിലാണ് അവര്‍.