രുദ്രാക്ഷ ജപമാലയും തിലക കുറിയും ചാർത്തി ഒരു സുന്ദരി; കാഷായവേഷത്തിനൊപ്പം മേക്കപ്പും ലിപ്സ്റ്റിക്കുമിട്ടെത്തിയത് എല്ലാവരും ശ്രദ്ധിച്ചു; ആരെയും ആകർഷിക്കുന്ന കണ്ണുകൾ; കുംഭമേളയിൽ മനം കവർന്ന് 'ബ്യൂട്ടിഫുൾ ഹർഷ'; ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ; അവളുടെ സൗന്ദര്യത്തെ പുകഴ്ത്തിപ്പാടി ആരാധകർ; ഒടുവിൽ വിവാദമായതോടെ സംഭവിച്ചത്!

Update: 2025-01-24 12:11 GMT

പ്രയാഗരാജ്: രാജ്യത്ത് ഒന്നര നൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം നടക്കുന്ന മഹാകുംഭമേള ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഇപ്പോൾ നടക്കുകയാണ്. അപൂർവനിമിഷത്തിനു സാക്ഷികളാകാനും ത്രിവേണീസംഗമപുണ്യം നുകരാനും വിദേശികൾ ഉൾപ്പെടെയുള്ള തീർഥാടകർ ഒഴുകിയെത്തുന്നു. 45 നാൾ നീളുന്ന മേളയിൽ 35 കോടിയിലേറെ പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നതെന്ന് പറയുന്നു.

ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടകസംഗമമായ കുംഭമേളയില്‍ ഇത്തവണ 40 കോടി പേര്‍ പങ്കെടുക്കുമെന്നാണ് പറയുന്നത്. ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിൽ പല ഭാഗങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ ഇവിടെ സംഗമിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുവരെ ഭക്തർ കുംഭമേളയിൽ പങ്ക് എടുക്കാനായി എത്തും.

ഇപ്പോഴിതാ, കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ 'വൈറല്‍ സന്യാസിനി'യെപ്പറ്റിയുള്ള ചർച്ചയിലാണ് സോഷ്യൽ മീഡിയ. 30-കാരിയായ ഹര്‍ഷ റിച്ചാരിയയാണ് 'സുന്ദരിയായ സാധ്വി' എന്ന പേരില്‍ വൈറലായത്. കുംഭമേളയില്‍ പരമ്പരാഗത കാഷായവേഷത്തിനൊപ്പം രുദ്രാക്ഷ ജപമാലയും തിലകവും ധരിച്ച്, മേക്കപ്പും ലിപ്സ്റ്റിക്കുമിട്ടെത്തിയ ഹര്‍ഷയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചു. 'ബ്യൂട്ടിഫുള്‍ സാധ്വി', 'വൈറല്‍ സാധ്വി' എന്നീ പേരുകള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ അവരെ തിരയുന്നവരുടെ എണ്ണവും വർധിക്കുന്നു. സൗന്ദര്യത്തിന്റെയും ഭക്തിയുടെയും പ്രതീകമായാണ് ഹര്‍ഷയെന്ന്‌ ആരാധകര്‍ പുകഴ്ത്തുന്നത്.

താന്‍ സന്യാസപാത തിരഞ്ഞെടുക്കുന്നുവെന്ന് ഹർഷ പ്രഖ്യാപിച്ചിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ. തന്റെ ആത്മീയയാത്രയില്‍ മഹാകുംഭമേള വലിയൊരു ഏടാണെന്നാണ് ഹര്‍ഷ പറയുന്നത്. എന്നാല്‍ സന്യാസിമാരില്‍ നിന്നും ഒട്ടേറെ വിശ്വാസികളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഹര്‍ഷയ്ക്ക് നേരിടേണ്ടിവന്നത്.

അതേസമയം, മേക്കപ്പിട്ട് എത്തിയ ഹര്‍ഷയ്‌ക്കെതിരേ സന്യാസിമാര്‍ വലിയ വിമര്‍ശനമുന്നയിച്ചു. നിരഞ്ജനി അഖാഡയിലെ അംഗങ്ങള്‍ നടത്തിയ പ്രവേശന ഘോഷയാത്രയില്‍ ഹര്‍ഷ രഥത്തിലിരുന്നതും വിവാദമായി. മോഡലുകള്‍ കുംഭമേള തങ്ങളുടെ പരസ്യപരിപാടിക്കായി ഉപയോഗിക്കരുതെന്ന് കാളിസേനാ തലവന്‍ മുന്നറിയിപ്പുനല്‍കി. സന്യാസജീവിതത്തിലേക്കുള്ള ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീ ഇത്തരം ചമയങ്ങള്‍ ധരിക്കുന്നതിനെതിരേയായിരുന്നു വിമർശനം ഏറെയും.

പക്ഷെ, താനൊരു സന്യാസിനിയല്ലെന്നും തന്നെയാരും അങ്ങനെ വിളിക്കരുതെന്നുമാണ് വിവാദമായതോടെ ഹര്‍ഷ പ്രതികരിച്ചത്. സന്യാസിനിയാണെന്ന് ഇതുവരെ അവകാശപ്പെട്ടിട്ടില്ല, മന്ത്രദീക്ഷ മാത്രമേ എടുത്തിട്ടുള്ളൂ. സന്യാസിനിയാവാന്‍ ഇനിയും സമയം വേണമെന്നും. യഥാര്‍ഥത്തില്‍ ഹര്‍ഷ ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറും മുന്‍ നടിയും മോഡലുമൊക്കെയാണ്.

നിരഞ്ജനി അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി കൈലാസാനന്ദ് ഗിരി ജി മഹാരാജിന്റെ ശിഷ്യയാണെന്നാണ് ഹര്‍ഷ പറയുന്നത്. വിവാദമായതോടെ കുംഭമേളയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതായി അവര്‍ പ്രഖ്യാപിച്ചു, ഇന്‍സ്റ്റഗ്രാമില്‍ കണ്ണീരണിഞ്ഞ് വികാരഭരിതയായിട്ടായിരുന്നു പ്രഖ്യാപനം.

Tags:    

Similar News