ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍; മരിച്ച സ്ത്രീയുടെ പേരിലും ഫോട്ടോ, വോട്ടര്‍ ഐഡി കാര്‍ഡില്‍ ചേര്‍ത്തു; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കണ്ടെത്തലുമായി ഇന്ത്യ ടുഡേ; രണ്ടുവര്‍ഷത്തിലേറെ കാലം മുമ്പ് മരിച്ച ഗുനിയയുടെ പേരും വിലാസവും ബ്രസീലിയന്‍ മോഡലിന്റെ ചിത്രത്തിനൊപ്പം കണ്ട് ഞെട്ടി കുടുംബം
മരിച്ച സ്ത്രീയുടെ പേരിലും ഫോട്ടോ, വോട്ടര്‍ ഐഡി കാര്‍ഡില്‍ ചേര്‍ത്തു
ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ബലം പകരുന്ന വിവരങ്ങള്‍ പുറത്ത്. ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം 22 തവണ വന്നതായി രാഹുല്‍ അവകാശപ്പെട്ടിരുന്നു. 2022 മാര്‍ച്ചില്‍ മരിച്ച ഗുനിയ എന്ന യുവതിയുടെ പേരില്‍, ഇതേ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വോട്ടര്‍ ഐ.ഡി കാര്‍ഡില്‍ ഉപയോഗിച്ചതായി ഇന്ത്യ ടുഡേ കണ്ടെത്തി.
വിനോദിന്റെ ഭാര്യ ഗുനിയ രണ്ടുവര്‍ഷത്തിലേറെ കാലം മുമ്പ് മരിച്ചിരുന്നു. ഗുനിയയുടെ പേര് ഇപ്പോഴും വോട്ടര്‍ പട്ടികയില്‍ വിദേശ യുവതിയുടെ ചിത്രത്തോടെ പ്രത്യക്ഷപ്പെട്ടത് കണ്ട് ഞെട്ടിപ്പോയെന്ന് അവരുടെ കുടുംബം പ്രതികരിച്ചു.
ഇതെങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങള്‍ക്കറിയില്ല,' ഗുനിയയുടെ മരണ സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ചുകൊണ്ട് അവരുടെ അമ്മായിയമ്മ പറഞ്ഞു. മരണത്തിന് മുമ്പ് ഗുനിയ വോട്ട് ചെയ്തിരുന്നതായും, എന്നാല്‍ ഫോട്ടോയിലെ ഈ അപാകതയെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നെന്നും കുടുംബം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ ആരോപണം
ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി 2024-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയതോതിലുള്ള വോട്ടര്‍ തട്ടിപ്പ് നടന്നതായി ആരോപിച്ചത്. സീമ, സ്വീറ്റി, സരസ്വതി തുടങ്ങിയ പേരുകളിലാണ് ബ്രസീലിയന്‍ മോഡലിന്റെ ചിത്രംആവര്‍ത്തിച്ചുപയോഗിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
വോട്ട് 'മോഷ്ടിക്കാന്‍' ബി.ജെ.പി.യും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ ഏകദേശം 12% വരുന്ന 25 ലക്ഷം വ്യാജ വോട്ടര്‍ എന്‍ട്രികള്‍ തന്റെ ടീം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
'ഹരിയാനയില്‍ രണ്ട് കോടി വോട്ടര്‍മാരുണ്ട്, അതില്‍ 25 ലക്ഷം പേര്‍ വ്യാജമാണ്,' രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിജയം തോല്‍വിയാക്കാന്‍ ലക്ഷ്യമിട്ടുള്ള 'വ്യവസ്ഥാപരമായ കൃത്രിമം' (systemic manipulation) ആണിതെന്നും അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു.
മോഡല്‍ ലാറിസയുടെ പ്രതികരണം
വിവാദത്തിന് തിരികൊളുത്തിയ ചിത്രത്തിന് ഉടമയായ ലാറിസ എന്ന മോഡലും പ്രതികരിച്ചു. തന്റെ ചിത്രം ഉപയോഗിച്ചതില്‍ അവര്‍ ആശ്ചര്യം പ്രകടിപ്പിച്ചു: ഇത് തന്റെ ആദ്യകാല മോഡലിംഗ് സമയത്തെ ഒരു പഴയ സ്റ്റോക്ക് ഫോട്ടോഗ്രാഫാണ് എന്നും, തന്റെ അറിവില്ലാതെയാണ് ഇത് ഉപയോഗിച്ചതെന്നും അവര്‍ വ്യക്തമാക്കി.
'എനിക്ക് ഇന്ത്യയിലെ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. എന്റെ ഫോട്ടോ ഒരു സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമില്‍ നിന്ന് വാങ്ങിയതാണ്, എന്റെ അറിവില്ലാതെ ഉപയോഗിച്ചു. അത് ഞാനല്ല, ഞാന്‍ ഇന്ത്യയില്‍ പോലുമില്ല,' ലാറിസ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താന്‍ ഒരു ബ്രസീലിയന്‍ ഡിജിറ്റല്‍ ഇന്‍ഫ്‌ലുവന്‍സറും ഹെയര്‍ഡ്രെസ്സറുമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
: രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനത്തിന് ശേഷം തന്റെ ഫോട്ടോ വൈറലായതോടെ ഇന്‍സ്റ്റാഗ്രാമില്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ സന്ദേശങ്ങളും കമന്റുകളും നിറഞ്ഞു.
'ഇപ്പോള്‍ എനിക്ക് ധാരാളം ഇന്ത്യന്‍ ഫോളോവേഴ്സിനെ ലഭിച്ചുവെന്ന് തോന്നുന്നു! ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതുപോലെയാണ് ആളുകള്‍ എന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തത്! അത് ഞാനായിരുന്നില്ല, എന്റെ ഫോട്ടോ മാത്രമായിരുന്നു,' അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
