ദീപക് 110% നിരപരാധി! റീച്ചിന് വേണ്ടി ആ അമ്മയുടെ വായ്ക്കരി കൂടി വീഡിയോ എടുത്ത് തള്ളിക്കേറ്റൂ... തീരട്ടെ നിന്റെയൊക്കെ ആര്‍ത്തി! സൈബര്‍ വേട്ടക്കാരെ പച്ചയ്ക്ക് കത്തിച്ച് ഹാഷ്മി; വീഡിയോ വൈറല്‍; ആ 'പീഡന' വീഡിയോ നാടകമെന്ന് അഡ്വ. എം ആര്‍. അഭിലാഷും!'

സൈബര്‍ വേട്ടക്കാരെ പച്ചയ്ക്ക് കത്തിച്ച് ഹാഷ്മി;

Update: 2026-01-19 18:54 GMT

കൊച്ചി: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനലിലെ എന്‍കൗണ്ടര്‍ സംവാദ പരിപാടിയുടെ ആമുഖത്തില്‍ കത്തിക്കയറി അവതാരകന്‍ ഹാഷ്മി. 'സ്ത്രീവിരുദ്ധ ചാപ്പ കിട്ടുമോയെന്നും അറിയില്ല. കിട്ടിയാലും തരക്കേടില്ല. അമ്മയും ഒരുസ്ത്രീയാണ്. ആ കണ്ണുനീര് കേരളത്തിന്റെ വേദനയാകുന്ന ഒരു വല്ലാത്ത ദിവസം. അതുപറയാന്‍ കഴിവില്ലെങ്കില്‍ പിന്നെയീ കോട്ടുമെടുത്തിട്ട് ഇവിടെ വന്നിരുന്നിട്ട് കാര്യമുണ്ടോ? ' എന്നുപറഞ്ഞാണ് ഹാഷ്മി തുടങ്ങുന്നത്. ഈ വീഡിയോ വൈറലായി.

ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് വിശകലനം ചെയ്യുന്നത്. വീഡിയോ ദീപക് ദൂരെ നില്‍ക്കുമ്പോള്‍ തന്നെ അതീവ നൈപുണ്യത്തോടെ (ഫോട്ടോഗ്രഫി സ്‌കില്‍ ഉപയോഗിച്ച്) എടുത്തതാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് നിരീക്ഷിച്ചു.

ആദ്യം ഹാഷ്മിയുടെ ആമുഖത്തിലേക്ക്...

'എങ്ങനെയാണ് പറയേണ്ടത് എന്നറിയില്ല. പറഞ്ഞാല്‍ സ്ത്രീവിരുദ്ധ ചാപ്പ കിട്ടുമോയെന്നും അറിയില്ല. കിട്ടിയാലും തരക്കേടില്ല. അമ്മയും ഒരുസ്ത്രീയാണ്. ആ കണ്ണുനീര് കേരളത്തിന്റെ വേദനയാകുന്ന ഒരു വല്ലാത്ത ദിവസം. അതുപറയാന്‍ കഴിവില്ലെങ്കില്‍ പിന്നെയീ കോട്ടുമെടുത്തിട്ട് ഇവിടെ വന്നിരുന്നിട്ട് കാര്യമുണ്ടോ? വീടിന്റെ ഉമ്മറത്ത് അകാലത്തില്‍ അവസാന യാത്രയ്ക്ക് ഒരുങ്ങി കിടന്നവന്റെ ജന്മദിനം ഇന്നലെയായിരുന്നു. പ്രായം കേവലം 42 യേയുളളു. ആ താടി കൂട്ടിക്കെട്ടി, ചേതനയില്ലാത്ത മുഖത്തേക്ക് നോക്കി, മുത്തേ, നിന്റെ മുഖമൊക്കെ മാറിപ്പോയല്ലോടാ മോനേ എന്ന് വേദനിക്കുന്ന പെറ്റ വയറിന്റെ വേദന കണ്ടുനില്‍ക്കാവതാണോ? ലോകത്തിലെ ഏറ്റവും വലിയ വേദനയുടെ പേര് അമ്മയുടെ പുത്രദു:ഖമെന്നാണ്.

ദീപക്കിന്റെ തലയ്ക്കല്‍ കൊളുത്തിവച്ച നിലവിളക്ക് പോലെ അച്ഛനും അമ്മയ്ക്കും ആ കുടുംബത്തിനും ഒരേയൊരു വെളിച്ചം താനേയങ്ങ് കെട്ടുപോയതല്ല, റീച്ചിനും ഷെയറിനും വേണ്ടി അഹങ്കാരത്തിന്റെ ....ഒരു സ്ത്രീ അടിച്ചുകെടുത്തിയതാണ് ഒരു കുടുംബം നാനാവിധമാക്കിയതാണ്. അങ്ങയറ്റം വേദനയുണ്ടാക്കുന്ന, ആത്മഹത്യയിലേക്ക് ചാടി വീണ അവരുടെ രാഷ്ട്രീയവും മതവും ചികഞ്ഞ് പത്ത് വോട്ടിനുള്ള സ്‌കോപ്പുണ്ടോ എന്നു നോക്കുന്നവരുണ്ട്, ചിറ്ി നക്കുന്ന ചെന്നായ്ക്കള്‍ അത്തരക്കാരെ വിട്ടേക്കൂ. ഇവിടെ പ്രശ്‌നം അതല്ല.

അക്കാലമത്രയും എല്ലാവരും നല്ലതുമാത്രം പറഞ്ഞൊരാള്‍, രാവന്തിയോളം കഷ്ടപ്പെട്ട് അദ്ധാനിച്ച് കുടുംബത്തിന് വേണ്ടി ജീവിച്ച ഒരുത്തനെ സോഷ്യല്‍ മീഡിയ കമ്പോളത്തിന് വേണ്ടി സൈബര്‍ ആള്‍ക്കൂട്ടക്കൊലയില്‍ തൂക്കിവിറ്റ് കഴുവേറ്റിയതാണ്. നവീന്‍ബാബുവിന്റെ കാര്യത്തില്‍ എപ്പോഴും പറഞ്ഞതുപോലെ മരിച്ചുപോയവര്‍ക്ക് വേണ്ടി ആഞ്ഞുവാദിക്കണമെന്ന ഉത്തവാദിത്തത്തില്‍ മാത്രമല്ല, വീഡിയോ പലയാവര്‍ത്തി കണ്ട ബോധ്യത്തില്‍ പറയുന്നു, ആ യുവാവ് 110 ശതമാനം നിരപരാധി. ഭാരമുള്ളൊരു ബാഗ് ഉയര്‍ത്തുമ്പോള്‍ അറിയാതെ പറ്റിയത് റീച്ചിന് കോപ്പുകിട്ടിയെന്ന ആനന്ദത്തില്‍ ചിരിച്ചുകൊണ്ട് ലൈംഗികാതിക്രമം പകര്‍ത്തിയത് ആരോട് പറയാനാണ്? ആദ്യമിട്ടൊരു വീഡിയോ എറിച്ചില്ല. പിന്നെ സ്ലോമോഷന്‍ പല ആംഗിളില്‍ എഡിറ്റ് ചെയ്ത് സാരോപദേശം കയറ്റിയ വീഡിയോ ഇന്നലെ 27 ലക്ഷം പേര് കണ്ടെങ്കില്‍, ഒരുത്തനെ പച്ചയ്ക്ക് വെട്ടിക്കീറി ഇറച്ചിക്കഷ്ണം വില്‍പ്പനയ്ക്ക് വച്ചതിന്റെ കൂലിയാണ്.

കഷായം ഗ്രീഷ്മയ്ക്കും കൂടത്തായി ജോളിക്കും വേണ്ടി വാദിച്ചവര്‍, ഇവിടെയും ഒരു ഹാഷ്ടാഗ് അവള്‍ക്കൊപ്പം ഉണ്ടാക്കി ഇറങ്ങുന്നുണ്ട്. സ്ത്രീപക്ഷ കാപട്യക്കാരെ നാണമുണ്ടോ? ...യഥാര്‍ഥ പരാതികളെ തുലയ്ക്കലാണ് നിങ്ങളുടെ പണി. ശരിയായ പരാതിയില്‍ ആര്‍ജ്ജവത്തോടെ അവള്‍ക്കൊപ്പമാണ്്. പക്ഷേ ഈ വ്യാജങ്ങളെ സോഷ്യല്‍ മീഡിയ കോണ്ടന്റ് അപരാധങ്ങളെ സ്ത്രീസമൂഹം ചെറുക്കുന്നില്ലെങ്കില്‍, ഇനിയും അച്ഛനും മക്കളും ഭര്‍ത്താവും അടക്കം, മച്ചകത്ത് തൂങ്ങിയാടും വേട്ടയ്ക്കിരയായ ആണ്‍ശവങ്ങള്‍. ഏതോ സമാന്തര ലോകത്തെ ലൈക്കെത്രയെന്ന് നോക്കിപൂണ്ടിരിക്കുന്ന പെര്‍വര്‍ട്ടുകള്‍ അടങ്ങരുത്, ഫോണും തൂക്കിയിറങ്ങണം, ഗോവിന്ദപുരത്തെ അമ്മയുടെ കണ്ണീരും അതിന്റെ വായ്ക്കരിയും കൂടി പിടിച്ച് അതിന്റെ വീഡിയോ ...തള്ളിക്കേറ്റ്. കുത്തിക്കേറട്ടെ ലൈക്കും, ഷെയറും. തീരട്ടെ നിന്റെയൊക്കെ ആര്‍ത്തി.'

വീഡിയോയിലെ അസ്വാഭാവികത


അഡ്വ. എം ആര്‍. അഭിലാഷിന്റെ വാദങ്ങള്‍

'ഈ ആരോപണം ഉയര്‍ത്തിയ വ്യക്തി മരണപ്പെട്ട ആളില്‍ നിന്നും കുറച്ച് ദൂരം പാലിച്ചുകൊണ്ട് വളരെ വ്യക്തമായി ഒരു ഫോട്ടോഗ്രാഫറുടെ സ്‌കില്ലോടു കൂടി അയാളെ ഫ്രെയിമില്‍ ഉള്‍പ്പെടുത്തി, സുന്ദരമായ സെല്‍ഫി എടുക്കുന്ന രീതിയിലുള്ള ശൈലിയിലാണ് ഇത് പകര്‍ത്തിയിരിക്കുന്നത്.'

'ആദ്യത്തെ വിഷ്വലില്‍ അദ്ദേഹം ദൂരെ നില്‍ക്കുമ്പോള്‍ ഒരുതരത്തിലും ശാരീരികമായ സ്പര്‍ശനം ഉണ്ടാകുമെന്ന് ചിന്തിക്കാന്‍ കഴിയില്ല. അത്തരത്തില്‍ ബോധപൂര്‍വ്വം വീഡിയോ എടുത്തിട്ടുണ്ടെങ്കില്‍ ഇത് എന്തിന്റെ ഉദ്ദേശമായിരിക്കാം? ഇത് കെണി വെച്ച് പിടിക്കുകയായിരുന്നില്ലേ?'

സ്പര്‍ശനത്തിന്റെ സത്യാവസ്ഥ:

'വാഹനത്തില്‍ അദ്ദേഹത്തിന്റെ കൈ പാസീവ് ആയിട്ട് സ്പര്‍ശിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്. അദ്ദേഹം തന്റെ ബാഗോ മൊബൈല്‍ ഫോണോ മറ്റോ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ സ്പര്‍ശനം ഉണ്ടാകുന്നത്. ഫ്രാക്ഷന്‍ ഓഫ് സെക്കന്‍ഡില്‍ സംഭവിച്ച കാര്യത്തെ സ്ലോ മോഷനില്‍ ഇട്ട് കാണിക്കുമ്പോള്‍ ഉണ്ടാകുന്ന ദൈര്‍ഘ്യമാണ് ആ വീഡിയോയില്‍ ഉള്ളത്. ഇത് വലിയൊരു ദുഷ്ടലാക്കാണ്.'

നിയമസംവിധാനത്തെ തഴഞ്ഞുള്ള നടപടി:

'പോലീസിനെ ഡയല്‍ ചെയ്യാനോ കണ്ടക്ടറെ അറിയിക്കാനോ കഴിയുമായിരുന്നിട്ടും, അപകീര്‍ത്തിപ്പെടുത്തുക എന്ന ഒരേയൊരു ഉദ്ദേശത്തോടു കൂടിയാണ് വീഡിയോ പബ്ലിഷ് ചെയ്തത്. കോടതിയില്‍ പോകേണ്ടി വരും എന്നൊക്കെയുള്ള വാദങ്ങള്‍ യുക്തിരഹിതമാണ്. ഒരു സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഭീഷണിയുണ്ടായാല്‍ കേരളത്തിലെ പോലീസ് ഉടന്‍ ഇടപെടാറുണ്ട്. സത്യാവസ്ഥ പരിശോധിക്കാന്‍ ആര്‍ക്കും താല്പര്യമില്ലാത്ത അവസ്ഥയാണ്.'

മനുഷ്യാവകാശ വിഷയം:

'ഇതൊരു സ്ത്രീ-പുരുഷ വിഷയമല്ല, അടിസ്ഥാനപരമായി ഇതൊരു മനുഷ്യാവകാശ വിഷയമാണ്. മനുഷ്യാവകാശ കമ്മീഷന്‍ ഇതില്‍ ത്വരിതമായി നടപടിയെടുത്തിട്ടുണ്ട്.''മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാതെ ഇങ്ങനെ വീഡിയോ എടുക്കുന്നത് നിര്‍ത്താന്‍ ബസുകളിലും മെട്രോയിലും കൃത്യമായ അറിയിപ്പുകള്‍ നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാവരും ഇത്തരം നാടകങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരല്ല.'

Tags:    

Similar News