മുത്തശ്ശിയെ കാണാനെത്തി, പാക് ബാലികയുടെ മടക്കം ഇന്ത്യന്‍ പൗരയായ മാതാവില്ലാതെ; ഭീകരര്‍ തകര്‍ത്തത് ഞങ്ങളുടെ കുടുംബം; ഹൃദയം തകരുന്നെന്ന് പതിനൊന്നുകാരി; സമയപരിധി ഇന്ന് അവസാനിക്കും; സമയപരിധി ഇന്ന് തീരവേ അട്ടാരി-വാഗാ അതിര്‍ത്തി വഴി ഇന്ത്യ വിട്ടത് 509 പാക്കിസ്താനികള്‍

മുത്തശ്ശിയെ കാണാനെത്തി, പാക് ബാലികയുടെ മടക്കം ഇന്ത്യന്‍ പൗരയായ മാതാവില്ലാതെ

Update: 2025-04-27 16:18 GMT

ന്യൂഡല്‍ഹി: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരേ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിരിക്കയാണ്. പാക്കിസ്ഥാനികളോട് ഇന്ത്യ വിടാന്‍ നിര്‍ദേശിച്ചപ്പോള്‍ നിരവധി പേരാണ് അതിവേഗത്തില്‍ പലായനം ചെയ്യേണ്ടി വന്നത്. പാക് പൗരത്വമുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ ഇന്ത്യ വിടണമെന്ന ഉത്തരവിന് പിന്നാലെ നിരവധി പേര്‍ തിരികെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനിടെ ചിലരുടെ മടക്കം ദേശീയ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് അല്‍പ്പം നൊമ്പരത്തിലാണ്. ചില കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കൂടാതെ തിരികെ പാകിസ്താനിലേക്ക് മടങ്ങേണ്ടി വന്നത്.

ഇന്ത്യാടുഡേ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. പഞ്ചാബിലെ ഇന്ത്യ -പാക് അതിര്‍ത്തിയില്‍ പതിനൊന്നുകാരി സൈനബും എട്ടുവയസുകാരന്‍ സെനീഷും മടങ്ങുന്നത് മാതാവില്ലാതെയാണ്. ഡല്‍ഹിയിലുള്ള മുത്തശ്ശിയെ കാണാന്‍ മാതാവിനൊപ്പമാണ് പാക് പൗരത്വമുള്ള സൈനബും സെനിഷും ഇന്ത്യയിലെത്തിയത്. മാതാവിന്റെ പക്കല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു.പക്ഷേ, ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു. പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമണം നടത്തിയതിന് പിന്നാലെ രാജ്യം ശക്തമായ നടപടികളിലേക്ക് കടന്നു. പാക് പൗരത്വമുള്ളവര്‍ രാജ്യം വിട്ടുപോകണമെന്ന ഉത്തരവിറക്കി. ഇതിനെത്തുടര്‍ന്നാണ് ഇരുകുട്ടികള്‍ക്കും ഇന്ത്യ വിടേണ്ടി വന്നത്. അതേസമയം ഇന്ത്യന്‍ പൗരത്വമുള്ള മാതാവിന് ഇവരോടൊപ്പമുള്ള യാത്രയ്ക്ക് അനുമതി ഇല്ലെന്നും ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അമ്മയെ ഉപേക്ഷിച്ചു പോകുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹൃദയം തകരുന്നപോലെയാണെന്നും സൈനബ് ഇന്ത്യ ടുഡേയോട് പറഞ്ഞു. പഹല്‍ഗാമില്‍ ആക്രമണം അഴിച്ചുവിട്ട ഭീകരവാദികളെ കഠിന ശിക്ഷകള്‍ക്ക് വിധേയമാക്കണം എന്ന് പറഞ്ഞ പതിനൊന്നുകാരി, തങ്ങളെപ്പോലുള്ള നിരപരാധികളെ ബുദ്ധിമുട്ടിക്കരുതെന്ന സന്ദേശവും നല്‍കി.

സമാന രീതിയില്‍ മറ്റു രണ്ടുകുടുംബങ്ങളും പ്രതിസന്ധിയിലകപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയ മുഹമ്മദ് ഇര്‍ഫാനും കുടുംബവുമാണ് പ്രതിസന്ധി നേരിടുന്ന മറ്റൊരു കുടുംബം. ഇര്‍ഫാന്റെ ഭാര്യ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളയാളാണ്. എന്നാല്‍ മകനും ഇര്‍ഫാനും പാക് പൗരന്മാരും. ഇര്‍ഫാനും മടങ്ങുന്നത് ഭാര്യ നബീലയെ കൂടെക്കൂട്ടാതെയാണ്. ഭീകരവാദികള്‍ തങ്ങളുടെ കുടുംബത്തെ നശിപ്പിച്ചെന്നും ശക്തമായ നടപടിവേണമെന്നും ഇര്‍ഫാന്‍ പറഞ്ഞു. ഭാര്യയും മകളുമായുമെത്തിയ ഇമ്രാന്‍ എന്നയാളും സമാന പ്രതിസന്ധിയിലൂടെയാണ് പോകുന്നത്.

അതേസലമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനിലേക്ക് മടങ്ങണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ മടങ്ങിയത് നൂറുകണക്കിന് പാകിസ്താനികള്‍. അതിവൈകാരിക രംഗങ്ങള്‍ക്കാണ് അതിര്‍ത്തി സാക്ഷ്യം വഹിച്ചത്. അട്ടാരി- വാഗാ അതിര്‍ത്തി വഴി വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസത്തിനിടെ ഇന്ത്യ വിട്ടത് 509 പാകിസ്താനികളാണ്. ഹ്രസ്വകാല വിസയിലെത്തിയ പാകിസ്താനികള്‍ക്ക് ഇന്ത്യ വിടാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. മൂന്നുദിവസത്തിനിടെ 745 ഇന്ത്യക്കാരും പാകിസ്താനില്‍നിന്ന് മടങ്ങിയെത്തി. 14 നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള ഇന്ത്യക്കാരാണ് അട്ടാരി-വാഗാ അതിര്‍ത്തി വഴി തിരിച്ചെത്തിയത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. സാര്‍ക് വിസയുള്ളവര്‍ ഏപ്രില്‍ 26-നകം രാജ്യം വിടണമെന്നായിരുന്നു നിര്‍ദേശം. ബിസിനസുകാര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍, തീര്‍ഥാടകര്‍ തുടങ്ങി ഹ്രസ്വകാല വിസയിലെത്തിയവര്‍ക്ക് ഏപ്രില്‍ 27 ഞായറാഴ്ചയാണ് സമയപരിധി. മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയ പാകിസ്താന്‍ പൗരന്മാര്‍ ഏപ്രില്‍ 29-നകം ഇന്ത്യ വിടണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം, ദീര്‍ഘകാല വിസയുള്ളവര്‍ക്കും നയതന്ത്ര വിസയുള്ളവര്‍ക്കും രാജ്യംവിടാനുള്ള ഉത്തരവ് ബാധകമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഏപ്രില്‍ 27-ന് ശേഷവും ഹ്രസ്വകാല വിസയുള്ള പാകിസ്താനികള്‍ ഇന്ത്യയില്‍ തങ്ങിയാല്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിച്ചേക്കാം. അതിനിടെ, ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴിയും ഒട്ടേറെ പാകിസ്താനികള്‍ രാജ്യം വിട്ടിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. പാകിസ്താനിലേക്ക് ഇന്ത്യയില്‍നിന്ന് നേരിട്ട് വിമാനസര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ മറ്റുരാജ്യങ്ങളിലേക്കാവും ഇവര്‍ ഇന്ത്യയില്‍നിന്ന് മടങ്ങിയിട്ടുണ്ടാവുകയെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം 629 ഇന്ത്യക്കാരും 13 നയതന്ത്രജ്ഞരും പാകിസ്താനില്‍ നിന്നും ഇന്ത്യയിലെത്തി.

Tags:    

Similar News