കലൂര്‍ സ്‌റ്റേഡിയം നവീകരണത്തിനായി മുടക്കിയ പണം ലീഗലാണോ? സ്‌പോണ്‍സര്‍ക്കായി പണം ഇറക്കിയത് ചിട്ടി മുതലാളി; 70 കോടി ചിലവഴിക്കുന്നതില്‍ തെറ്റില്ല, ട്രാന്‍സ്പറന്‍സി വേണം; കായിക മന്ത്രിയെ നയിക്കുന്നത് കച്ചവട താല്‍പ്പര്യങ്ങള്‍; കലൂര്‍ സ്റ്റേഡിയം വിഷയത്തില്‍ ആരോപണങ്ങളുമായി ഹൈബി ഈഡന്‍; വിഷയം രാഷ്ട്രീയമായി നേരിടാന്‍ സിപിഎമ്മും

സ്‌പോണ്‍സര്‍ക്കായി പണം ഇറക്കിയത് ചിട്ടി മുതലാളി

Update: 2025-10-29 09:27 GMT

കൊച്ചി: മെസിയുടെ വരവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയം നവീകരിച്ച സംഭവത്തില്‍ കായിമന്ത്രിക്കും ജിസിഡിഎക്കുമെതിരെ ആരോപണം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. വിഷയത്തില്‍ ജിസിഡിഎക്കെതിരെ ആരോപണങ്ങളുമായി ഹൈബി ഈഡന്‍ എംപി രംഗത്തുവന്നു. മെസ്സിയുടെ പേരു പറഞ്ഞ് കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നത് കൃത്യമായ കരാറിന്റെ അടിസ്ഥാനത്തിലാണോ എന്നാണ് എറണാകുളം എം പി ഉന്നയിക്കുന്ന ചോദ്യം. കലൂര്‍ സ്‌റ്റേഡിയം നവീകരിക്കുന്നതിന് എതിരല്ല. എന്നാല്‍, അതില്‍ സുതാര്യത വേണമെന്ന് ഹൈബി ആവശ്യപ്പെട്ടു.

സ്റ്റേഡിയം നവീകരണത്തിനായി ലീഗലായ പണമാണോ ഇറക്കിയിരിക്കുന്നത് എന്ന ചോദ്യമാണ് ഹൈബി ഉയര്‍ത്തിയത്. സ്‌പോണ്‍സര്‍ക്കായിപണം ഇറക്കിയത് ചിട്ടിമുതലാളിയാണ് പണം ഇറക്കിയതെന്നും ഹൈബി ആരോപിച്ചു. സ്റ്റേഡിയം വിട്ടുനല്‍കിയതിന്റെ മാനദണ്ഡം എന്താണെന്നും അദ്ദേഹം ചോദിച്ചു. കായിക മന്ത്രിക്കെതിരയും ഹൈബി ആരോപണം ഉന്നയിച്ചു. വി അബ്ദുറഹിമാനെ കായിക താല്‍പ്പര്യങ്ങളേക്കാര്‍ നയിക്കുന്ത് കച്ചവട താല്‍പ്പര്യങ്ങളാണെന്നും ഹൈബി ആരോപിച്ചു.

അതേസമയം സ്റ്റേഡിയം നവീകരണത്തില്‍ സംശയങ്ങള്‍ ശക്തമാകുകയാണ്. 70 കോടി മുതല്‍ മുടക്കെന്നത് പബ്ലിസിറ്റി മാത്രമാണെന്ന് ജിസിഡിഎയുടെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നവര്‍ പറയുന്നു. എന്തൊക്കെ നടക്കുന്നുവെന്ന് ആര്‍ക്കും ബോധ്യമില്ല. ജിസിഡിഎക്ക് എഞ്ചിനീയറിംഗ്, പ്ലാനിംഗ് വിഭാഗങ്ങള്‍ ഉണ്ട്. എസ്‌കെഎഫിന് മേല്‍നോട്ട ചുമതലയും. ടെണ്ടര്‍ പോലുമില്ലാതെ മറ്റൊരു കമ്പനി അറ്റകുറ്റപ്പണികള്‍ നടത്തുന്നു. ചെലവഴിക്കുന്ന തുകയും എസ്റ്റിമേറ്റ് വിവരങ്ങളും പുറത്ത് വിടണമെന്നാണ് കരാറുകാരുടെ ആവശ്യം.

അന്താരാഷ്ട്ര മത്സരം നടക്കാത്ത സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് എഐവൈഎഫ്.സ്വകാര്യ വ്യക്തിയുമായുളള കരാറിനെക്കുറിച്ച് ജിസിഡിഎയും സര്‍ക്കാരും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തം. സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഐഐവൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറി കെ.ആര്‍. റെനീഷ് പറഞ്ഞു.

അതേസമയം കലൂര്‍ സ്റ്റേഡിയം സ്വകാര്യവല്‍ക്കരിക്കുന്നു എന്നത് തെറ്റായ പ്രചാരണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. ജിസിഡിഎയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ല. ഇന്നലെ സ്റ്റേഡിയം നശിപ്പിക്കാന്‍ സംഘടിതമായ ശ്രമം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്റ്റേഡിയം നവീകരണത്തില്‍ ഒന്നും മറയ്ക്കാനില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പറഞ്ഞു. സ്‌പോണ്‍സറുമായി ജിസിഡിഎക്ക് കരാറില്ല. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായാണ് കരാര്‍. ജിസിഡിഎയുടെ മേല്‍നോട്ടം ഉണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനത്തിനാണ് ജി.സി.ഡി.എ സ്റ്റേഡിയം കൈമാറിയത്. മുടക്ക് മുതല്‍ 70 കോടി എന്ന് ആരാണ് പറഞ്ഞതെന്ന് ചന്ദ്രന്‍ പിള്ള ചോദിച്ചു.

സ്‌പോണ്‍സര്‍ പറഞ്ഞത് അറിയില്ല. ചുറ്റുമതില്‍ നിര്‍മിക്കാനാണ് മരം മുറിച്ചത്. എല്ലാ അനുമതിയും തേടിയാണ് മരം മുറി നടന്നത്. വിഷയത്തെ രാഷ്ട്രീയമയി നേരിടാനാണ് സിപിഎം ഒരുങ്ങുന്നത്. കോണ്‍ഗ്രസിന് മുതലെടുപ്പിന് അവസരമൊരുക്കരുതെന്നാണ് സിപിഐഎം പാര്‍ട്ടി ഫ്രാക്ഷന്‍ തീരുമാനം. വിഷയത്തില്‍ ഭിന്നാഭിപ്രായം പാടില്ലെന്നും തീരുമാനമെടുത്തു. ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നതിന് മുന്‍പാണ് പാര്‍ട്ടി ജില്ല നേതൃത്വം സിപിഐഎം അഗങ്ങളുടെ യോഗം വിളിച്ചത്. സ്റ്റേഡിയം കൈമാറ്റത്തില്‍ ജിസിഡിഎയ്ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് കെ ചന്ദ്രന്‍പിള്ള പാര്‍ട്ടി ഫ്രാക്ഷനില്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ എല്ലാം പാലിച്ചാണ് സ്റ്റേഡിയം കൈമാറിയതെന്നും ചന്ദ്രന്‍പിള്ള അറിയിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മുതലെടുപ്പിനെ പ്രതിരോധിക്കാനാണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. അതേസമയം ജിസിഡിയിയേക്ക് എതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുകയാണ്. രാവിലെ ബിഡിജെഎസും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ച് നടത്തി. ഉച്ചയ്ക്കുശേഷം ജിസിഡിക്ക് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ഫുട്ബോളുകളിയും തീരുമാനിച്ചിട്ടുണ്ട്.

നവീകരണത്തിനായി ചുറ്റുമുള്ള മരങ്ങള്‍ മുറിച്ചത് എന്തിനെന്ന് ചോദ്യവും ഉയരുന്നുണ്ട്. സ്റ്റേഡിയം പരിസരത്തേക്ക് സ്ഥിരമായി വ്യായാമത്തിനടക്കം എത്തുന്നവരാണ് മരം മുറിക്കെതിരെ രംഗത്തെത്തിയത്. അനുവദിച്ചതില്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കാമെന്നാണ് ജിസിഡിഎയുടെ നിലപാട്. ബാനര്‍ജി റോഡില്‍ നിന്നും സ്റ്റേഡിയത്തിലേക്കുള്ള നാലുവരിപ്പാതയുടെ ഇരുവശത്തും നിരവധി മരങ്ങള്‍ ഉണ്ട്. ഈ മരങ്ങള്‍ക്ക് ചുറ്റും കൃത്യമായി തറകെട്ടി സംരക്ഷിച്ചിട്ടുണ്ടായിരുന്നു.

സ്റ്റേഡിയത്തിന് ചുറ്റും നടക്കാന്‍ ഇറങ്ങുന്ന ആളുകള്‍ വിശ്രമിച്ചിരുന്നതും ഈ മരങ്ങള്‍ക്ക് താഴെയാണ്. നവീകരണത്തിന്റെ പേരില്‍ ഇവയുടെ കൊമ്പുകള്‍ വ്യാപകമായി വെട്ടി. പല മരങ്ങളുടെയും പകുതിയിലേറെ വെട്ടിക്കളഞ്ഞു. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ നിന്നിരുന്ന ചെറിയ മരങ്ങള്‍ കാണാനേയില്ല. സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന് മുന്നിലെ ഞാവലടക്കമുള്ള വലിയ മരങ്ങള്‍ പൂര്‍ണ്ണമായി പിഴുതെറിഞ്ഞിട്ടുണ്ട്. ഇതൊക്കെ എന്തിനെന്ന് ചോദ്യമാണ് ആളുകള്‍ ഉയര്‍ത്തുന്നത്.

മരം മുറിക്കാന്‍ ജിസിഡിഎ അനുമതി നല്‍കിയിട്ടുണ്ടെന്ന് സ്‌പോണ്‍സര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയത്തിന്റെ നവീകരണത്തില്‍ ജിസിഡിഎയോട് ചോദ്യങ്ങളുമായി എറണാകുളം എംപി ഹൈബി ഈഡന്‍ ഇന്നലെയും രംഗത്തെത്തിയിരുന്നു. സ്‌പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിന്റെ പകര്‍പ്പടക്കം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എട്ട് ചോദ്യങ്ങളുയര്‍ത്തിയാണ് ഹൈബിയുടെ കത്ത്. നേരത്തെ യുഡിഎഫിലെ പലരും ഇക്കാര്യത്തില്‍ സംശയം ഉയര്‍ത്തി രംഗത്ത് വന്നിരുന്നു.

മെസ്സിപ്പട നവംബറിലെത്തില്ലെന്ന് ഉറപ്പായെങ്കിലും സ്റ്റേഡിയത്തിന്റെയും പരിസരത്തിന്റെയും നവീകരണപ്രവൃത്തി തുടരുന്നുമുണ്ട്. ഈ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറുടെ പങ്കെന്താണ്? നവീകരണവും അര്‍ജന്റീനന്‍ ടീമിന്റെ ആതിഥേയത്വം സംബന്ധിച്ചും എന്ത് കരാറാണ് സ്‌പോണ്‍സറുമായുളളത്? മത്സരം ഇല്ലാത്ത സാഹചര്യത്തില്‍ സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയത്തില്‍ അവകാശം ഉണ്ടോ എന്നതടക്കമുളള ചോദ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത് .സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍, കേര ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ അതും വ്യക്തമാക്കണമെന്നും ഹൈബി ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News