എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാം; നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം; ഹാരിസണിനും എല്‍സ്റ്റണും തിരിച്ചടി; സര്‍ക്കാരിന് കരുത്തായി ഹൈക്കോടതി വിധി; ദുരിത ബാധിതര്‍ക്കും ആശ്വാസം; ചൂരല്‍മലയിലെ പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള തടസ്സം നീങ്ങുന്നു; നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി

Update: 2024-12-27 05:25 GMT

കൊച്ചി: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി. ഇത് സര്‍ക്കാരിന് ആശ്വാസമാകുന്നതും ദുരന്തബാധിതര്‍ക്ക് പ്രതീക്ഷയുമാണ്. അതി സുപ്രധാന വിധിയാണ് ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കാമെന്നാണ് ഉത്തരവ്. ഉടന്‍ സര്‍ക്കാരിന് നടപടികളിലേക്കും കടക്കാന്‍ കഴിയും.

നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ടൗണ്‍ഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സര്‍ക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും, നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിധിക്കെതിരെ സ്ഥാപനങ്ങള്‍ അപ്പീല്‍ നല്‍കുമോ എന്നതും നിര്‍ണ്ണായകമാണ്. ഏതായാലും ഇപ്പോഴത്തെ വിധി സര്‍ക്കാരിന് ആശ്വാസമാണ്.

നാളെ മുതല്‍ സര്‍ക്കാരിനെ ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ടൗണ്‍ഷിപ്പിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കിയ കരട് പട്ടികയ്‌ക്കെതിരെ വ്യാപക പരാതി നിലനില്‍ക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവോടെ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് ദുരന്ത ബാധിതര്‍. ചൂരല്‍മല പുനരധിവാസം ചര്‍ച്ച ചെയ്യാനുള്ള മന്ത്രിസഭായോഗം ജനുവരി ഒന്നിന് ചേരുന്നുണ്ട്. എംടി വാസുദേവന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം മാറ്റിവെച്ചത്. മുണ്ടക്കൈ പുനരധിവാസ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കും.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കുന്ന സുപ്രധാന തീരുമാനവും മന്ത്രിസഭായോഗത്തില്‍ കൈക്കൊളളും. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാന്‍ 2 ടൌണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും.ഒന്ന് കല്‍പ്പറ്റയിലും മറ്റൊന്ന് മേപ്പാടി നെടമ്പാലയിലുമാണ് ഉണ്ടാവുക. രണ്ട് ടൌണ്‍ഷിപ്പുകളും ഒറ്റഘട്ടമായി പൂര്‍ത്തിയാക്കും. 1000 സ്‌ക്വയര്‍ ഫീറ്റുളള ഒറ്റനില വീടുകളാണ് ദുരിതബാധിതര്‍ക്കായി നിര്‍മ്മിക്കുക. എല്ലാ സൗകര്യങ്ങളോടും കൂടിയുളള ടൌണ്‍ഷിപ്പുകള്‍ക്ക് 750കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ടൗണ്‍ഷിപ്പ് നിര്‍മ്മാണം ഉരാളുങ്കലിനാകും. കിഫ്ബിയെ മേല്‍നോട്ട ചുമതല ഏല്‍പ്പിക്കും.

നേരത്തെ നടന്ന മന്ത്രിസഭായോഗത്തില്‍ പുനരധിവാസ പദ്ധതിയുടെ കരട് അവതരിപ്പിച്ചിരുന്നു. പവര്‍ പോയിന്റ് പ്രസന്‍േറഷനില്‍ വീടുകളുടെ ഡിസൈനടക്കമുളള കാര്യങ്ങള്‍ അന്ന് വിശദമാക്കിയിരുന്നു. 50 വീടുകള്‍ മുതല്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്‌പോണ്‍സര്‍മാരായി കണക്കാക്കും. പുനരധിവാസത്തിനായി സഹായം വാഗ്ദാനം ചെയ്ത 38 പേരുമായിമുഖ്യമന്ത്രി നേരിട്ട് സംസാരിക്കും.

Tags:    

Similar News