രാജവാഴ്ച അവസാനിച്ചു, ഇപ്പോള്‍ ജനാധിപത്യമാണ്; നിയമവാഴ്ചയാണ് നിലനില്‍ക്കുന്നത്; നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ: ആന എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ല; ദേവസ്വങ്ങള്‍ അവരുടെ വാശി ഒഴിവാക്കണമെന്നും ഹൈക്കോടതി
കൊച്ചി: ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തുന്നത് അസാധ്യമെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനയുടെ പരിപാലനവും പരിഗണിച്ചാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടതി വ്യക്തമാക്കി. രാജാവിന്റെ കാലം മുതല്‍ നടക്കുന്നതിന്റെ പേരില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ദേവസ്വങ്ങള്‍ ഇക്കാര്യത്തില്‍ പിടിവാശി പിടിക്കരുതെന്നും കോടതി വ്യക്തമാക്കി.
ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാന്‍ കഴിയില്ല. അകല പരിധി കുറയ്ക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങള്‍ പരിഗണിച്ച് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. രണ്ടാനകള്‍ക്കിടയില്‍ മൂന്ന് മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണമെന്ന് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗരേഖയിലുണ്ടായിരുന്നു. ഇതില്‍ തൃപ്പൂണിത്തുറ ക്ഷേത്രോത്സവത്തിനടക്കം ഇളവ് വേണമെന്നതായിരുന്നു ഹൈക്കോടതിയുടെ മുന്നിലേക്ക് വന്ന ആവശ്യം.
പുതിയ മാര്‍ഗ രേഖ പ്രകാരണമാണെങ്കില്‍ ക്ഷേത്രോത്സവത്തിന് മുന്‍ വര്‍ഷങ്ങളിലെപ്പോലെ കൂടുതല്‍ ആനകളെ നിര്‍ത്താന്‍ സാധിക്കാതെ വരുമെന്നും അതിനാല്‍ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം. ഇതിലാണ് കോടതി കടുപ്പിച്ചത്. ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. രാജാവിന്റെ കാലം മുതല്‍ നടക്കുന്നുവെന്നതിന്റെ പേരില്‍ ഇളവ് അനുവദിക്കാനാകില്ല. രാജവാഴ്ച അവസാനിച്ചു, ഇപ്പോള്‍ ജനാധിപത്യമാണ്. നിയമവാഴ്ചയാണ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ. അനിവാര്യമായ മതാചാരങ്ങള്‍ മാത്രമേ അനുവദിക്കാന്‍ കഴിയൂ എന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗരേഖ നിലവിലുള്ള നിയമത്തെ വ്യാഖ്യാനിച്ചുകൊണ്ട് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. പുതിയ നിയന്ത്രണങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. പൂരത്തിന്റെ ഭംഗിയും പ്രൗഡിയും ഇല്ലാതാവും. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. തമിഴ്‌നാട്ടിലെ എല്ലാവരും ഒരുമിച്ച് നിന്ന് ജല്ലിക്കെട്ടിന് അനുകൂല ഉത്തരവ് നേടിയെടുത്തു. കോടതിയെ എതിര്‍ക്കാനില്ല. ആചാരത്തെ അതിന്റേതായ രീതിയില്‍ കണ്ട് ഇളവുകള്‍ വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ ആവശ്യപ്പെട്ടു.