കേന്ദ്രത്തിന്റെ പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടില്ല; എല്ലാ വര്‍ഷവും ലഭിക്കുന്ന ഗ്രാന്റ് മുടക്കി; ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബുകളില്‍ രാസവസ്തുക്കള്‍ വാങ്ങാന്‍ കാശില്ല; പിടിഎ ഫണ്ടിലെ കുറവ് വലിയ പ്രതിസന്ധിക്ക് കാരണം; കുട്ടികള്‍ ലാബില്‍ കയറുന്നത് പേരിന് മാത്രം

Update: 2024-11-26 14:34 GMT

ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ സയന്‍സ് ലാബുകളില്‍ നേരിടുന്നത് വലിയ പ്രതിസന്ധി. പല സ്‌കൂളുകളിലും ഇരുപത് വര്‍ഷത്തിലേറെയായി പഠനത്തിനാവശ്യമായ രാസവസ്തുക്കള്‍ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. പിടിഎ ഫണ്ടിലെ കുറവും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണ ഇല്ലായ്മയുമാണ് ഈ പ്രതിസന്ധിക്ക് കാരണം. വളരെ നേരത്തെ വാങ്ങിയ ശേഷിച്ച രാസവസ്തുക്കളാണ് ഇപ്പോഴും പല സ്‌കൂളുകളിലും ഉപയോഗിക്കുന്നത്. രസതന്ത്രവും ജീവശാസ്ത്രവുമാണ് ഏറ്റവും ബാധിക്കപ്പെട്ട മേഖലകള്‍. പലയിടങ്ങളിലും പരീക്ഷണങ്ങള്‍ പേരിന് മാത്രമാണ് നടക്കുന്നത്.

സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ.) വഴി സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്കും മറ്റുമായി നല്‍കുന്ന ഗ്രാന്റ് മുടങ്ങിയതോടെയാണു പ്രശ്നം രൂക്ഷമായത്. പി.ടി.എ. ഫണ്ടില്‍ നിന്നാണ് അറ്റകുറ്റപ്പണിക്കും മറ്റും തുക വകയിരുത്തുന്നത്. ഇതോടെയാണ് രാസവസ്തുക്കള്‍ വാങ്ങുന്നതിനു പി.ടി.എ. ഫണ്ടില്ലാത്ത സ്ഥിതിയുണ്ടായത്. വളരെ നേരത്തേ വാങ്ങിയതില്‍ ബാക്കിയുള്ള രാസവസ്തുക്കളാണ് പലയിടത്തും ഉപയോഗിക്കുന്നത്.

കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായാണ് ഗ്രാന്റ് അനുവദിക്കുന്നത്. ഇതില്‍ കേന്ദ്രവിഹിതം 60 ശതമാനവും സംസ്ഥാനത്തിന്റേത് 40 ശതമാനവുമാണ്. കേന്ദ്രവിഹിതം ലഭിച്ചാല്‍ മാത്രമേ ഗ്രാന്റ് വിതരണം കാര്യക്ഷമമാകൂ. കേന്ദ്രത്തിന്റെ പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പിടാത്തതാണ് കേന്ദ്രവിഹിതം മുടങ്ങാന്‍ കാരണമെന്ന് എസ്.എസ്.കെ. അധികൃതര്‍ പറയുന്നു. 2020-ലെ പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുക, പദ്ധതിക്കു കീഴില്‍ തിരഞ്ഞെടുക്കപ്പടുന്ന സ്‌കൂളിന്റെ പേരിനൊപ്പം പി.എം. ശ്രീയെന്നു ചേര്‍ക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു ഒപ്പിടുന്നതിലുള്ള തടസ്സം.

പല വ്യവസ്ഥകളിലും അഭിപ്രായവ്യത്യാസമുള്ളതിനാല്‍ ഇതേക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാനം പരിഗണിച്ചുവരുന്നതേയുള്ളൂ. അറ്റകുറ്റപ്പണിക്കുള്ള എസ്.എസ്.കെ. ഗ്രാന്റ് ഈ അധ്യയനവര്‍ഷം ഒരു സ്‌കൂളിനും കിട്ടിയിട്ടില്ല. കഴിഞ്ഞതവണ ചില ജില്ലകളിലെ സ്‌കൂളുകള്‍ക്കു മാത്രമാണ് മുഴുവന്‍ തുകയും കിട്ടിയത്. പി.ടി.എ. ഫണ്ടില്ലാത്തതിനാല്‍ പലയിടത്തും പ്ലംബിങ്, വയറിങ് തകരാറുകള്‍ പരിഹരിക്കാനും മറ്റ് അറ്റകുറ്റപ്പണികള്‍ക്കും പ്രഥമാധ്യാപകര്‍ കൈയില്‍നിന്നു പണം മുടക്കേണ്ട സ്ഥിതിയാണ്.

വൈദ്യുതി ബില്ലടച്ച തുകപോലും സ്‌കൂളുകള്‍ക്കു കിട്ടാത്ത സ്ഥിതിയുമുണ്ട്. തദ്ദേശസ്ഥാപനമാണു പണം നല്‍കേണ്ടത്. പണമില്ലാത്തതിനാല്‍ ഫോണ്‍ വിച്ഛേദിക്കപ്പെട്ട സ്‌കൂളുകളുമുണ്ട്.

Tags:    

Similar News