'എന്റെ മക്കള്‍ പുതിയ സ്‌കൂളിലേക്ക്; അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു തന്നെ; അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്'; ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനി പുതിയ സ്‌കൂളിലേക്ക്; പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പിതാവ്

'എന്റെ മക്കള്‍ പുതിയ സ്‌കൂളിലേക്ക്; അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു തന്നെ

Update: 2025-10-29 04:42 GMT

കൊച്ചി: സെന്റ് റീത്താസ് സ്‌കൂളില്‍ യൂണിഫോം കോഡ് തെറ്റിച്ചതിന് ടിസി വാങ്ങിയ പെണ്‍കുട്ടി പുതിയ സ്‌കൂളില്‍ അഡ്മിഷനെടുത്തു. മകള്‍ പുതിയ സ്‌കൂളില്‍ചേരുന്നതായി അളറിയിച്ച് പുതാവ് അനസ് നൈന ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 'പ്രിയപെട്ടവരെ, മക്കള്‍ ഇന്ന് പുതിയ സ്‌കൂളിലേക്ക്.. അവരുടെ ഡിഗ്‌നിറ്റി ഉയര്‍ത്തിപിടിച്ചു തന്നെ. അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്'.... എന്നാണ് അനസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മക്കള്‍ രണ്ടു പേരുടെയും ചിത്രവും പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

'പ്രതിസന്ധി ഘട്ടത്തില്‍, ആള്‍ക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിന്‍ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവന്‍ പേര്‍ക്കും പ്രാര്‍ത്ഥനാ മനസ്സോടെ, നന്ദിയോടെ... വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കള്‍ യാത്ര തുടരട്ടെ' -അദ്ദേഹം കുറിച്ചു. മകളെ ഇനി അതേ സ്‌കൂളിലേക്ക് അയക്കുന്നില്ലെന്ന് പിതാവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സെന്റ് റീത്താസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിലെത്തുന്നത് അധികൃതര്‍ വിലക്കിയതിനെ പിതാവ് ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്‌കൂളിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നും സ്‌കൂള്‍ നിഷ്‌കര്‍ഷിക്കുന്ന യൂനിഫോമിന്റെ രീതിയിലെ ശിരോവസ്ത്രം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ വരാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് ഹൈകോടതിയെ സമീപിച്ചു. എന്നാല്‍, ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി തള്ളി.

സ്‌കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പരസ്യമായി രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. ശിരോവസ്ത്രം ധരിച്ച ടീച്ചര്‍ സ്‌കൂളില്‍ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്നും കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കുട്ടി സ്‌കൂള്‍ വിട്ടുപോകുന്നതിന് കാരണക്കാരായവര്‍ സര്‍ക്കാറിനോട് മറുപടി പറയേണ്ടിവരുമെന്നും മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായില്‍ അതിന്റെ പൂര്‍ണ ഉത്തരവാദി സ്‌കൂള്‍ അധികാരികളായിരിക്കുമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.

ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിദ്യാഭ്യാസം അനുവദിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, സ്‌കൂളില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹൈകോടതിയില്‍ ജസ്റ്റിസ് വി.ജി അരുണ്‍ ഹരജികള്‍ തീര്‍പ്പാക്കിയിരുന്നു.

Tags:    

Similar News