'ജെഫ്രി എപ്സ്റ്റീനെ പരിചയമില്ല, നേരിട്ട് കണ്ടിട്ടു പോലുമില്ല'; അവരുടെ ക്രമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല; ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മൊഴി നല്‍കി ഹിലരി ക്ലിന്റണ്‍; അന്വേഷണ സംഘം തെറ്റായ ആളുകളെയാണ് ചോദ്യം ചെയ്യുന്നതെന്നും യഥാര്‍ഥ ദിശയിലേക്കല്ല നീങ്ങുന്നതെന്നും ഹിലരി
'ജെഫ്രി എപ്സ്റ്റീനെ പരിചയമില്ല, നേരിട്ട് കണ്ടിട്ടു പോലുമില്ല
വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍, പങ്കാളിയായ ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ എന്നിവരുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുന്നില്‍ നടന്ന രണ്ട് ദിവസത്തെ മൊഴിയെടുപ്പിന്റെ ആദ്യ ദിനത്തിലാണ് ഹിലരി തന്റെ നിലപാട് വ്യക്തമാക്കിയത്. അന്വേഷണ സംഘം തെറ്റായ ആളുകളെയാണ് ചോദ്യം ചെയ്യുന്നതെന്നും യഥാര്‍ഥ ദിശയിലേക്കല്ല നീങ്ങുന്നതെന്നും ഹിലരി പ്രതികരിച്ചു.
ഇന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും. 'അവരുടെ ക്രമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. എപ്സ്റ്റീനെ ഒരിക്കലും കണ്ടിട്ടില്ല,' ഹിലരി ക്ലിന്റണ്‍ പറഞ്ഞു. അടഞ്ഞ മുറിയില്‍ നടത്തിയ മൊഴിയെടുപ്പ് വ്യാഴാഴ്ചയാണ് അവസാനിച്ചത്. ആറ് മണിക്കൂറോളമാണ് വ്യാഴാഴ്ച ഹിലരി ക്ലിന്റണില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.
ചപ്പാക്വയിലെ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ട ഹിലരി ക്ലിന്റണ്‍ പ്രസ്താവന ആവര്‍ത്തിച്ചു. ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ല. ഇയാളുമായി ഒരു ആശയവിനിമയവും നടത്തിയിട്ടില്ല. എപ്സ്റ്റീനിന്റെ ദ്വീപില്‍ പോവുകയോ ഓഫീസിലോ വീട്ടിലോ പോവുകയോ ചെയ്തിട്ടില്ലെന്നും ഹിലരി ക്ലിന്റണ്‍ പറഞ്ഞു.
അതേസമയം ജെഫ്രി എപ്സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്ലെയ്ന്‍ മാക്സ്വെല്ലിനെ പരിചയമുണ്ടെന്ന് ഹിലരി ക്ലിന്റണ്‍ വ്യക്തമാക്കിയിട്ടുണ്ട്. വളരെ സാധാരണമായി, ഒരു പരിചയക്കാരി എന്ന തരത്തിലാണ് മാക്സ്വെല്ലിനെ അറിയാവുന്നതെന്നാണ് ക്ലിന്റണ്‍ പറയുന്നത്. തന്റെ മകളുടെ വിവാഹത്തിന് മാക്സ്വെല്‍ പങ്കെടുത്തിരുന്നെന്നും അന്ന് അവിടെ ഉണ്ടായിരുന്ന മറ്റൊരാളുടെ അതിഥിയായാണ് മാക്സ് വെല്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തതെന്നാണ് ഹിലരി ക്ലിന്റണ്‍ പറഞ്ഞത്.
അതിനിടെ ജെഫ്രി എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ചില നിര്‍ണ്ണായക മൊഴികള്‍ മനഃപൂര്‍വ്വം മറച്ചുവെച്ചു എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ യുഎസ് നീതിന്യായ വകുപ്പ് ഒരുങ്ങുകയാണ്. ഗുരുതര വീഴ്ച സംഭവിച്ചതായുള്ള ആരോപണം കടുത്തതോടൊണ് വകുപ്പ് സ്വയം അന്വേഷണം പ്രഖ്യാപിച്ചത്.
എപ്സ്റ്റീന്‍ കേസില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീ, 1980-കളില്‍ താന്‍ പ്രായപൂര്‍ത്തിയാകാത്ത സമയത്ത് ഡൊണാള്‍ഡ് ട്രംപും എപ്സ്റ്റീനും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് എഫ്ബിഐയോട് വെളിപ്പെടുത്തിയിരുന്നു. 2019-ല്‍ ഇത്തരത്തില്‍ നാല് തവണ ഈ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എങ്കിലും അടുത്തിടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയ 30ലക്ഷം പേജുകളില്‍ ഒരു അഭിമുഖത്തിന്റെ രേഖകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി മൂന്ന് അഭിമുഖങ്ങളുടെ വിവരങ്ങള്‍ നീക്കം ചെയ്ത നിലയിലായിരുന്നു. ഇതാണ് ആരോപണ വിധേയമായത്.
രേഖകള്‍ വിട്ടുപോകുന്നത് സംബന്ധിച്ച് മാധ്യമങ്ങളും പൊതുജനങ്ങളും പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഏതെങ്കിലും രേഖകള്‍ നിയമവിരുദ്ധമായി മാറ്റിവെച്ചിട്ടുണ്ടെങ്കില്‍ അവ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും പറയുന്നു. ട്രംപിനെതിരെയുള്ള മൊഴികള്‍ മനഃപൂര്‍വ്വം ഒഴിവാക്കി എന്ന ആരോപണം ശക്തമാണ്. രേഖകള്‍ പുറത്തുവിട്ടപ്പോള്‍ ഇരകളുടെ പേര്,ഇമെയില്‍ വിലാസം,നഗ്‌നചിത്രങ്ങള്‍ എന്നിവ ശരിയായി മറയ്ക്കാതെ പ്രസിദ്ധീകരിച്ചതും ആരോപണമായി നിലനില്‍ക്കുന്നു. നൂറില്‍ അധികം പേര്‍ ഇങ്ങനെ വീണ്ടും അപമാനിതരായതായി പരാതിയുണ്ട്.
