തൃശൂര്‍ പൂരം കലക്കലില്‍ അങ്കിത് അശോകനെ പഴി ചാരി രക്ഷപ്പെടാനാവില്ല; എഡിജിപിക്ക് എതിരെയും അന്വേഷണം വേണം; ബാഹ്യ ഇടപെടലില്ലെന്ന അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി; രണ്ടുതരത്തിലുള്ള അന്വേഷണത്തിന് സാധ്യത
അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയ വിഷയത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. പൂരം കലക്കിയതില്‍ ബാഹ്യ ഇടപെടലില്ലെന്നും ഏകോപനത്തില്‍ വന്ന വീഴ്ചയാണ് പ്രശ്‌നത്തിന് കാരണമെന്നുമാണ് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, വീണ്ടും അന്വേഷണം നടത്താനാണ് ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം. എഡിജിപിക്കെതിരെയും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ഡിജിപി ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണം വേണമെന്നാണ് ശുപാര്‍ശ. പൂരം കലക്കലില്‍ മറ്റൊരു അന്വേഷണം കൂടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം വന്നേക്കും. ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍, എഡിജിപിയുടെ റിപ്പോര്‍ട്ടിനെതിരെ സിപിഐ വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നശേഷം വിഷയത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ മന്ത്രിസഭായോഗത്തില്‍ സ്വീകരിച്ചത്. എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തതോടെ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാകും.
തൃശൂര്‍ പൂരം നടത്തിപ്പില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് എഡിജിപിക്കെതിരെയും അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിരിക്കുന്നത്. എഡിജിപിയുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തിയ ഡിജിപി, പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തു.
പൂരം അലങ്കോലപ്പെട്ടതില്‍ തൃശൂര്‍ പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകനെ മാത്രം കുറ്റപ്പെടുത്തുന്നതായിരുന്നു അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. സാധാരണ കീഴുദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അതേപടി ആഭ്യന്തര വകുപ്പിനു കൈമാറുകയാണ് ഡിജിപി ചെയ്തിരുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുള്ളതിനാല്‍ റിപ്പോര്‍ട്ട് ഡിജിപി വിശദമായി പരിശോധിച്ചു. തുടര്‍ന്ന് പൂരസമയത്ത് തൃശൂരില്‍ ഉണ്ടായിരുന്ന എഡിജിപി എം.ആര്‍.അജിത് കുമാര്‍ വരുത്തിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയത്.
പൂരത്തിന്റെ ഏകോപന-മേല്‍നോട്ട ചുമതലയുണ്ടായിരുന്ന അജിത് കുമാറിന്റെ വീഴ്ചകള്‍ കൂടി അക്കമിട്ട് നിരത്തി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടക്കം പരിഗണിച്ചാണ് ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.