ജഡ്ജി ഹണി എം വര്‍ഗീസിന് കനത്ത പോലീസ് സുരക്ഷ ഉണ്ടെങ്കിലും ഇവരെ അധിക്ഷേപിക്കുന്ന പ്രചാരണങ്ങള്‍ക്ക് എതിരെ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല; ദിലീപിനെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ അവഹേളിച്ച് പ്രചാരണം: പോലീസ് നടപടി ഇല്ലെന്ന പരാതി അന്വേഷിക്കുവാന്‍ ഡി ജി പി ക്ക് കൈമാറി മുഖ്യമന്ത്രി; ഇനി മിന്നല്‍ നീക്കങ്ങള്‍ക്ക് സാധ്യത

Update: 2025-12-11 05:28 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി നടപടികളെയും വിധി പ്രസ്താവം നടത്തിയ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസിനെയും അവഹേളിച്ചും വ്യക്തിഹത്യ ചെയ്തും സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുന്നില്ലെന്ന് ആഭ്യന്തര വകുപ്പിന് എതിരെ ഗുരുതര ആരോപണവുമായി ലഭിച്ച പരാതി അന്വേഷിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി.

ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് തോന്നല്‍ ഉണ്ടാകുന്നവര്‍ക്ക് മേല്‍ കോടതികളില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് യാതൊരു നിയമ തടസ്സവും ഇല്ലാത്തതാണ്. എന്നാല്‍ കോടതി നടപടികളെയും വിധി പുറപ്പെടുവിച്ച ജഡ്ജിമാരെയും അവഹേളിച്ചും വ്യക്തിഹത്യ ചെയ്തും പൊതുജന മധ്യത്തില്‍ പ്രചാരണം നടത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. ഇത് വ്യക്തി അഭിപ്രായ സ്വാതന്ത്ര്യമായി നിയമപരമായി കാണുവാന്‍ കഴിയില്ല.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കുന്ന ഉത്തരവാദിത്വമാണ് വിചാരണ കോടതിയ്ക്ക് ഉള്ളത്. അത്തരം നടപടികള്‍ പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വനിതാ ജഡ്ജിയെ സമൂഹ മാധ്യമങ്ങളില്‍ അവഹേളിച്ച് വ്യക്തിഹത്യ ചെയ്യുന്നത് ആസൂത്രിതമായി വര്‍ദ്ധിച്ച് വരുന്നത് പൊലീസിന് വ്യക്തമായി അറിവുള്ളതാണ്.

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ മൊഴി നല്‍കിയ അതിജീവതയ്ക്ക് എതിരായി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് ആസ്ഥാനത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനേക്കാള്‍ പ്രാധാന്യത്തോടെ കാണേണ്ട വിഷയങ്ങളില്‍ വീഴ്ചകളാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഉണ്ടാകുന്നത്. കൃത്യനിര്‍വ്വഹണം പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ സ്വകാര്യ താല്പര്യത്തിന്റെ മറവില്‍ വിധിന്യായം പുറപ്പെടുവിച്ച കോടതികളിലെ ജഡ്ജിമാരെ പൊതു സമൂഹത്ത് അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും കണ്ടില്ലെന്ന് നടിക്കുന്നത് നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.

നടിയെ ആക്രമിച്ച കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആറ് പേരെയും കോടതി ശിക്ഷിച്ചിരുന്നു. നീതിപൂര്‍വ്വമുള്ള ഇത്തരം നടപടിയെ ചിലര്‍ക്ക് അംഗീകരിക്കുവാനും ഉള്‍ക്കൊള്ളുവാനും കഴിയുന്നില്ല. നടിയെ ആക്രമിച്ചവരെ ശിക്ഷിച്ച നടപടിയില്‍ ചിലര്‍ അസ്വസ്ഥരുമാണ്. ഇവരാണ് ജഡ്ജിയെ സമൂഹ മാധ്യമങ്ങളില്‍ അവഹേളിക്കുവാന്‍ മത്സരിക്കുന്നതെന്ന് അഡ്വ. കുളത്തൂര്‍ ജയ്സിങ് പറഞ്ഞു. നടിയെ ആക്രമിക്കുവാന്‍ ദിലീപ് ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തുവെന്ന ആരോപണം കോടതിയില്‍ തെളിയിക്കപ്പെട്ടതുമില്ല.

വിചാരണ കോടതിയ്ക്ക് മുന്നില്‍ എത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ നടത്തി വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരില്‍ ഹണി എം വര്‍ഗ്ഗീസിനെ അപമാനിച്ചും വ്യക്തിഹത്യ ചെയ്തും സമൂഹ മാധ്യമങ്ങളില്‍ വിചാരണയും പ്രചാരണവും നടത്തുന്നത് സര്‍ക്കാര്‍ തടയണമെന്നാണ് അഡ്വ. കുളത്തൂര്‍ ജയ്സിങ് ആവശ്യപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി കുറ്റക്കാരായി കണ്ട പ്രതികളുടെ ശിക്ഷയെ സംബന്ധിച്ച വിധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിയുന്നതിന്റെ പിറ്റേ ദിവസം ഉണ്ടാകും.

എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന് നിലവില്‍ കനത്ത പോലീസ് സുരക്ഷ ഉണ്ടെങ്കിലും ഇവരെ അധിക്ഷേപിക്കുന്ന പ്രചാരണങ്ങള്‍ക്ക് എതിരെ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിചാരണ വേളയില്‍ കോടതി നടപടിക്രമങ്ങളെ വിമര്‍ശിച്ചതിന് വിചാരണ കോടതി ചിലര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ തീര്‍പ്പും വരുന്ന പന്ത്രണ്ടാം തീയതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News