ഒരു ഉദ്ഘാടന ചടങ്ങിന് എത്തുമ്പോള്‍ പലരും വിഡിയോ എടുക്കാറുണ്ട്; ഈ ക്യാമറ ആംഗിളൊന്നും നിയന്ത്രിക്കാന്‍ എനിക്കാകില്ല; ഈ വിഡിയോകളില്‍ ചിലരെങ്കിലും ലക്ഷ്യമിടുന്നതു ശരീരത്തെ വള്‍ഗറായി കാണിക്കാന്‍; അശ്ലീലഭാഷാ പണ്ഡിതന്‍മാര്‍ക്കെതിരെ പോരാട്ടം തുടരും; കമന്റ് ഡിലീറ്റ് ചെയ്തും അക്കൗണ്ട് റദ്ദാക്കിയും മുതലാളി ഫാന്‍സുകാര്‍! ഹണി റോസ് ഇഫക്ടില്‍ മുതലാളി വിറയ്ക്കുമ്പോള്‍

Update: 2025-01-07 02:36 GMT

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ചുട്ടമറുപടിയുമായി രംഗത്തു വന്ന നടി ഹണി റോസിന്റെ ചങ്കൂറ്റത്തില്‍ അടിതെറ്റി മുതലാളി ഫാന്‍സ്! സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കുമ്പളം സ്വദേശി ഷാജിയെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. പ്രതിക്കു ജാമ്യം നല്‍കിയ കോടതി നാളെ വീണ്ടും ഹാജരാകണമെന്നു നിര്‍ദേശിച്ചു. നടിയുടെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള ആളുകളുടെ കമന്റുകള്‍ പരിശോധിക്കുകയാണെന്ന് സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയി പറഞ്ഞു. കേസെടുത്ത വിവരം അറിഞ്ഞതിനു പിന്നാലെ പലരും കമന്റുകള്‍ ഡിലീറ്റ് ചെയ്ത് അക്കൗണ്ട് റദ്ദാക്കിയതായും പൊലീസ് കണ്ടെത്തി. അതായയ് ആ മുതലാളിയുടെ ഫാന്‍സ് ഭയന്നു വിറയ്ക്കുകയാണ്.

ഞാന്‍ പോസ്റ്റില്‍ പേരു വെളിപ്പെടുത്താതെ പറഞ്ഞിരിക്കുന്ന വ്യക്തിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചത് അദ്ദേഹത്തിന്റെ മാനേജരാണ്. അവിടെ ചടങ്ങിനു ചെന്നപ്പോള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായ പെരുമാറ്റം ഷോക്കിങ് ആയി. ഇനിയൊരിക്കലും നിങ്ങളുടെ സ്ഥാപനത്തിലെ ചടങ്ങിലേക്കു വിളിക്കരുതെന്ന് അപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞു. വൈകാതെ മറ്റൊരു ഉദ്ഘാടന ചടങ്ങില്‍ ഞാനെത്തിയപ്പോള്‍ ഈ വ്യക്തി വേദിയിലിരിക്കുന്നു. എനിക്കത് അപ്രതീക്ഷിതമായി. എന്നെക്കുറിച്ചു മോശമായ വാക്കുകള്‍ പറഞ്ഞ് ഞാനും ഹണിക്കൊപ്പം ഈ ചടങ്ങിനുണ്ടെന്ന വിഡിയോ ഇയാള്‍ തലേന്നു പുറത്തുവിട്ടിരുന്നു. ഈ വ്യക്തി പങ്കെടുക്കുന്നകാര്യം സംഘാടകര്‍ പറഞ്ഞിരുന്നില്ല-ഹണി റോസ് പറയുന്നു. ഈ പുതിയ വിശദീകരണം വിരല്‍ ചൂണ്ടുന്നതും തനിക്ക് പിന്നിലുള്ളത് ബോബി ചെമ്മണ്ണൂരാണെന്ന വസ്തുതയാണ്. അതിനിടെ ഹണി റോസ് വിവാദത്തില്‍ ബോച്ചെ ഇപ്പോള്‍ പ്രതികരിക്കുന്നുമില്ല. പിന്തുണയുമായി ഫോണില്‍ മെസേജുകള്‍ വന്നു നിറയുകയാണ്. ഈ പോരാട്ടം സമൂഹമാധ്യമങ്ങളില്‍ അദൃശ്യരായി വന്നു സ്ത്രീകളെ വേട്ടയാടുന്ന അശ്ലീലഭാഷാ പണ്ഡിതന്‍മാര്‍ക്കെതിരെയാണെന്ന് ഹണി റോസ് വിശദീകരിക്കുന്നു.

വര്‍ഷങ്ങളായി ഞാന്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടാണിത്. ഇനിയെങ്കിലും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ ശരിയാകില്ലെന്നു തോന്നി. വീട്ടുകാര്‍ക്കും ഇതു വലിയ വിഷമങ്ങളുണ്ടാക്കുന്നു. 2 വര്‍ഷമായി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനം സഹിക്കുന്നു. ഒരു ഉദ്ഘാടനച്ചടങ്ങിന് എത്തുമ്പോള്‍ ക്യാമറകളിലും മൊബൈല്‍ ഫോണിലും പലരും വിഡിയോ എടുക്കാറുണ്ട്. ഇവരുടെ ക്യാമറ ആംഗിളൊന്നും നിയന്ത്രിക്കാന്‍ എനിക്കാകില്ല. ഈ വിഡിയോകളില്‍ ചിലരെങ്കിലും ലക്ഷ്യമിടുന്നതു നമ്മുടെ ശരീരത്തെ വള്‍ഗറായി കാണിക്കാനാണ്. വിഡിയോ പുറത്തുവരുമ്പോഴാണു നമ്മളറിയുന്നത്. ഞാന്‍ ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ചു പൊതുവേദിയില്‍ എത്തിയിട്ടില്ലെന്ന് ഹണി റോസ് പറയുന്നു. താരസംഘടനയായ അമ്മയാണ് ആദ്യം എന്നെ പിന്തുണച്ചത്. ഏതു നിയമനടപടിക്കും അമ്മ ഒപ്പമുണ്ടെന്നറിയിച്ചു. എന്റെ പോസ്റ്റിനു മാധ്യമങ്ങള്‍ നല്ല പിന്തുണയാണു നല്‍കിയത്. പൊലീസ് ഓഫിസര്‍മാര്‍ കേസുമായി നല്ല രീതിയില്‍ സഹകരിച്ചുവെന്നും ഹണി റോസ് പറയുന്നു.

തനിക്കെതിരായ അവഹേളനങ്ങളെ വിമര്‍ശിച്ച് ഇന്നലെയും ഹണി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. ഹണി റോസ് നടത്തുന്ന നിയമ പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ച് അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി രംഗത്തെത്തി. ഹണി റോസിനെതിരെ ചിലര്‍ ദ്വയാര്‍ഥ പ്രയോഗം നടത്തിയതും ഇതില്‍ പ്രയാസം അറിയിച്ച ശേഷവും ആവര്‍ത്തിച്ചതും മോശമാണെന്നു നടന്‍ ആസിഫ് അലി പറഞ്ഞു. നടിയുടെ പരാതിയില്‍ മുപ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അശ്ലീല കമന്റിട്ടതില്‍ എറണാകുളം കുമ്പളം സ്വദേശിയെ ഇന്നലെ അറസ്റ്റിലായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡിയെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചതിന് ബിഎന്‍എസ് പ്രകാരം ജാമ്യമില്ല വകുപ്പും ഐടി ആക്ടും ചുമത്തിയാണ് കേസ്. സൈബര്‍ സെല്‍ മണിക്കൂറുകള്‍ക്കകം ലൊക്കേഷന്‍ കണ്ടെത്തിയതോടെ കുമ്പളം സ്വദേശിയായ ഷാജി അറസ്റ്റിലുമായി. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഉദ്ഘാടന വേദിയിലാണ് ഹണി റോസ് ദുരനുഭവം നേരിട്ടത്. പിന്നീടും സമൂഹമാധ്യമങ്ങള്‍ വഴിയും നേരത്തെ ഉദ്ഘാടനത്തിന് വിളിച്ച സ്ഥാപന ഉടമ അധിക്ഷേപം തുടര്‍ന്നു. ഇതിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച നടിയ്‌ക്കെതിരെ കമന്റുകളായി ആള്‍ക്കൂട്ടം സൈബര്‍ അധിക്ഷേപം നടത്തി. ഇതിലാണ് നടി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.

Similar News