ഇളയ മകന്റെ ഫോട്ടോ നോക്കി വിതുമ്പുന്ന അബ്ദുല്‍ റഹീമിന്റെ ദുരന്താനുഭവം കേട്ട് സൗദി അധികൃതരുടെയും മനസ്സലിഞ്ഞുപോയി; ഇഖാമ പുതുക്കാന്‍ കാശില്ലാതെയും തന്റെ പേരില്‍ എത്ര കേസുണ്ടെന്ന് അറിയാതെയും വിഷമിച്ചപ്പോള്‍ അത്താണിയായത് സാമുഹിക പ്രവര്‍ത്തകരായ ഒരു പറ്റം പ്രവാസി സുഹൃത്തുക്കള്‍; 10 ദിവസം എടുക്കുന്ന നടപടിക്രമങ്ങള്‍ ഒറ്റദിവസത്തില്‍ തീര്‍ത്ത് നാട്ടില്‍ എത്തിയത് ഇങ്ങനെ
അബ്ദുല്‍ റഹിം നാട്ടിലെത്തിയത് ഇങ്ങനെ
തിരുവനന്തപുരം: ഇളയ മകന്‍ അഫ്‌സാന്റെ ഫോട്ടോ നോക്കിയിരുന്ന് അബ്ദുല്‍ റഹീം വിതുമ്പുന്നത് സൗദിയിലെ സുഹൃത്തുക്കള്‍ക്ക് കണ്ടുനില്‍ക്കാന്‍ ആകുമായിരുന്നില്ല. സുഹൃത്തുക്കളുടെ എല്ലാം പ്രയത്‌നഫലമായാണ് യാത്രാരേഖകള്‍ ശരിയാക്കി അബ്ദുല്‍ റഹീമിന് ദമാമില്‍ നിന്ന് നാട്ടിലേക്ക് എത്താന്‍ കഴിഞ്ഞത്.
മൂന്നുവര്‍ഷം മുന്‍പ് ഇഖാമ കാലാവധി തീര്‍ന്നതോടെയാണ് അബ്ദുല്‍ റഹീമിന് സൗദിയില്‍ യാത്രാവിലക്ക് നേട്ടത്. ഏഴ് വര്‍ഷം മുന്‍പാണ് അബ്ദുല്‍ റഹീം നാട്ടില്‍ വന്നത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹിം നാട്ടിലേക്കു തിരിക്കാനായത്.
സാമൂഹികപ്രവര്‍ത്തകനും ലോകകേരളാ സഭാംഗവുമായ നാസ് വക്കമാണ് നിയമപരമായ ചെയ്യേണ്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളം മുഴുവനും മാത്രമല്ല, പ്രവാസി മലയാളികളെല്ലാം തന്നെ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല അറിഞ്ഞ് അബ്ദുള്‍ റഹീമിന്റെ നിസ്സഹായാവസ്ഥയും മനസ്സിലാക്കി ഒപ്പം നിന്നു.
എന്തുചെയ്യണം എന്നറിയാതിരുന്ന അബ്ദുല്‍ റഹീമിനെ നാസ് വക്കം അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി നിയമപ്രശ്‌നങ്ങളെ കുറിച്ച് ആരാഞ്ഞു. റിയാദില്‍ ഒരു കട നടത്തുകയായിരുന്നു റഹീം. പലതരം പ്രശ്നങ്ങള്‍ ഒന്നിച്ചെത്തിയപ്പോള്‍ എല്ലാം നഷ്ടമായി. കടക്കാരില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാനാണ് റഹീം ദമ്മാമിലേക്ക് വണ്ടി കയറിയത്. റിയാദില്‍ നിന്നു മാറി നില്‍ക്കുന്നതിനാല്‍, സ്‌പോണ്‍സര്‍ പരാതിപ്പെടുകയും ഒളിച്ചോടിയതിന് കേസില്‍ പെടുത്തുകയും ചെയ്തിട്ടുണ്ടോ എന്ന സംശയം റഹീമിനുണ്ടായിരുന്നു. സൗദി പാസ്‌പോര്‍ട്ട് വകുപ്പിന്റെ വെബ്‌സൈറ്റില്‍ റഹീമിന്റെ പേരില്‍ കേസുകളില്ലെന്നു മനസ്സിലായി.
കുറെക്കാലമായി സ്‌പോണ്‍സറെ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് മൂന്നു വര്‍ഷം പിന്നിട്ടിരുന്നു. മൂന്നു വര്‍ഷത്തെ ഇഖാമ ഫീസും ലെവിയും പുതുക്കല്‍ വൈകിയതിനുള്ള പിഴയും അടക്കം ഏകദേശം 50,000 റിയാല്‍ അടച്ചാല്‍ മാത്രമേ നാട്ടിലേക്കു യാത്രാനുമതി രേഖ ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഇത്രയും വലിയ തുക കണ്ടെത്താന്‍ ഒരു മാര്‍ഗവും അബ്ദുല്‍ റഹീമിനു മുന്നിലുണ്ടായിരുന്നില്ല. കച്ചവടം തകര്‍ന്നതുമൂലമുള്ള വന്‍ സാമ്പത്തികബാധ്യതയുമുണ്ടായിരുന്നു. ഇതറിഞ്ഞ പ്രവാസി ബിസിനസുകാരന്‍ സിദ്ദീഖ് അഹമ്മദ് അടക്കമുള്ളവര്‍ സഹായ വാഗ്ദാനവുമായി നാസ് വക്കത്തെ ബന്ധപ്പെട്ടിരുന്നു.
സൗദി നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രം, പാസ്‌പോര്‍ട്ട് വിഭാഗം എന്നിവയുടെ തലവന്മാരെ നേരിട്ടുകണ്ട നാസ് വക്കം അബ്ദുല്‍ റഹീമിന്റെ വീട്ടില്‍ ഉണ്ടായ ദുരന്തവും അയാളുടെ ദയനീയാവസ്ഥയും അവരെ ബോധ്യപ്പെടുത്തി. അവര്‍ സഹായിക്കാമെന്നറിയിച്ചു. തുടര്‍ന്ന് രേഖകള്‍ ശരിയാക്കുന്നതിന്റെ ഭാഗമായി ദമാമിലെ തര്‍ഹീല്‍ കേന്ദ്രത്തില്‍ അബ്ദുല്‍ റഹീമിനെ ഹാജരാക്കി. സാധാരണയായി ഒരാള്‍ നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയാല്‍ മൂന്നു ദിവസമെങ്കിലും കഴിഞ്ഞേ നടപടിക്രമങ്ങള്‍ തുടങ്ങൂ. പൂര്‍ത്തിയാകാന്‍ ഏഴു ദിവസമെങ്കിലും എടുക്കും. എന്നാല്‍ റഹിമിന്റെ അവസ്ഥയറിഞ്ഞ അധികൃതര്‍ ഒരു ദിവസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി.
വെള്ളിയാഴ്ച രാവിലെ 7.55-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്.വേദന തളം കെട്ടിയ മുഖവുമായിട്ടായിരുന്നു റഹിമിന്റെ മടക്കം. രണ്ടുമക്കളില്‍ ഒരാള്‍ ഇന്ന് ജീവനോടെ ഇല്ല, മറ്റൊരാള്‍ കൂട്ടക്കൊലക്കേസില്‍ അറസ്റ്റില്‍. പ്രിയപ്പെട്ട ഭാര്യയാകട്ടെ ആശുപത്രിക്കിടക്കയില്‍. ഉമ്മയും പ്രിയപ്പെട്ട സഹോദരനും സഹോദരന്റെ ഭാര്യയും കൊല്ലപ്പെട്ടു. വ്യാഴാഴ്ച 12.15-നായിരുന്നു ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്.
അഫാന്‍ പറഞ്ഞതൊന്നും ശരിയല്ല
വീടുവില്‍ക്കാന്‍ ശ്രമിച്ചത് കടങ്ങളൊക്കെ വീട്ടാനായി മാത്രമാണ്. എന്നിട്ടും താന്‍ നാട്ടില്‍പോകാതെ ഇവിടെ നിന്നത് രണ്ടോ മൂന്നോ വര്‍ഷം ജോലി ചെയ്ത് കടങ്ങളൊക്കെ വീട്ടാനാവുമെന്ന് ഉറച്ച വിശ്വാസത്തിലും കണക്കുകൂട്ടലുമായിരുന്നുവെന്നും റഹീം പറയുന്നു. പക്ഷേ മകന്റെ ചെയ്തികള്‍ ആ അച്ഛന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. അഫാന്റെ ക്രൂരതയില്‍ ഇളയ മകനേയും ഉമ്മയേയും സഹോദരനേയും സഹോദര ഭാര്യയേയും റഹീമിന് നഷ്ടമായി. ഭാര്യ ഷെമി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. തന്റെ വേദന മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞാണ് റഹീം തിരുവനന്തപുരത്തേക്ക് വിമാനം കയറിയത്. എങ്ങനെയാണ് നഷ്ടമുണ്ടായതെന്നത് അടക്കം റഹീം വിശദീകരിച്ചു കഴിഞ്ഞു. കോവിഡാണ് ആ കുടുംബത്തെ സാമ്പത്തികമായി തളര്‍ത്തിയതെന്ന് വ്യക്തം. മരിച്ചവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലായിരുനനു
'എന്റെ ജീവിതത്തിലെ ദുരന്തങ്ങളുടെ 7 വര്‍ഷം കണക്കൂകൂട്ടലുകളും പ്രതീക്ഷകളുമെല്ലാം തകര്‍ന്നു'. കച്ചവടത്തില്‍ തനിക്ക് സംഭവിച്ച പാളിച്ചകളെക്കുറിച്ചും കടബാധ്യതകളെക്കുറിച്ചും മകന്‍ അഫാന്‍ പറഞ്ഞതൊന്നും ശരിയല്ലെന്നാണ് റഹീം പറയുന്നത്. എങ്ങനെ ഞാന്‍ ഈ നഷ്ടങ്ങള്‍ക്കൊക്കെ പരിഹാരം കണ്ടെത്തും. ഏങ്ങനെ നാട്ടിലേക്കു മടങ്ങുമെന്ന് അറിയാതെ നിന്ന തനിക്ക് ഇത്രപെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ വഴിതെളിയിച്ചത് നാസ് വക്കം ഇടപെട്ടതു കൊണ്ടാണെന്നും, സഹായിക്കാന്‍ ആശ്വാസം പകരാന്‍ ഒപ്പം നിന്ന സൗദിയിലെ പ്രവാസി സമൂഹത്തിനും എന്റെ അവസ്ഥകള്‍ പുറംലോകത്തെത്തിച്ചു സഹായിച്ച മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞ് ആ അച്ഛന്‍ വിമാനം കയറി. രാവിലെ ഏഴരയോടെ തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.നാട്ടില്‍ 65 ലക്ഷം രൂപ കടമുണ്ടെന്ന് അഫാന്‍ പൊലീസിന് മൊഴി കൊടുത്തതൊന്നും സത്യമല്ലെന്നും റഹിം പറയുന്നു. തനിക്ക് നാട്ടില്‍ അഞ്ചുലക്ഷത്തോളം രൂപ കടവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒരു ലോണുമാണുള്ളതെന്ന് റഹീം പറയുന്നു.
കോവിഡിന് മുന്‍പ് വരെ തന്റെ കച്ചവടവും സ്ഥാപനവും നന്നായാണ് നടന്നുവന്നിരുന്നത്. ലോക്ക്ഡൗണിനു ശേഷം വന്ന പ്രതിസന്ധിയാണ് സാമ്പത്തികബാധ്യതായായി മാറിയത്. അഫാന് സൗദിയില്‍ നല്ല ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിനിടെ എവിടെയാണ് എപ്പോഴാണ് മകന് തെറ്റിപ്പോയതെന്നും അറിയില്ലെന്നും റഹിം പറയുന്നു. സ്പോണ്‍സറിന്റെ തന്നെ കട മാസം തോറം 6000 റിയാല്‍ വാടകക്കെടുത്ത് നടത്തുകയായിരുന്നു. കച്ചവടത്തില്‍ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വീട് വച്ചതും വസ്തു വാങ്ങിയതും. ബന്ധുക്കളുമായൊക്കെ നല്ല സ്നേഹ സഹകരണത്തില്‍ തന്നെയായിരുന്നു. കോവിഡിനു ശേഷമാണ് ബാധ്യതകള്‍ കൂടിയത്. തുടര്‍ന്ന് യമനികളുടെ അടുത്ത് നിന്നും പലിശക്ക് പൈസയെടുത്ത് കച്ചവടം ചെയ്തു. കടയുടെ ലൈസന്‍സും, ഇഖാമയുമടക്കമുള്ള രേഖകളും ഒരു സാക്ഷിയെയും നല്‍കിയാണ് കാശ് വാങ്ങിയിരുന്നത്.
പൈസ കടം വാങ്ങി കച്ചവടം ചെയ്ത് കാശ് അടക്കുന്നുണ്ടെങ്കിലും എനിക്ക് കച്ചവടം കുറയുന്നുണ്ടായിരുന്നു. എങ്കിലും എങ്ങനെയെങ്കിലും ശരിയാക്കാമെന്ന വലിയ പ്രതീക്ഷയില്‍ കച്ചവടം ചെയ്ത് പോകാനായിരുന്നു ശ്രമിച്ചത്. സ്പോണ്‍സര്‍ക്കുള്ളത്, സ്വന്തം ചെലവ്, വീട്ടിലേക്കുള്ള ചെലവ് എന്നിവയൊക്കെ കച്ചവടത്തില്‍ നിന്നും കണ്ടെത്തണമായിരുന്നു. ബാധ്യതകള്‍ കൂടിയതോടെ അടുത്തടുത്ത് ഞാന്‍ രണ്ടുതവണ പിന്നെയും കടമായി കാശെടുത്തു. 30000 റിയാലാണ് കടം എടുത്തത്. അതില്‍ കുറച്ച് അടച്ചിരുന്നു. ഞാന്‍ ജാമ്യം നിന്ന ഒരു പാലക്കാട്ടുകാരന്‍ കടം ഇതുപോലെ വാങ്ങിയിരുന്നു. അയാള്‍ പെട്ടെന്ന് നാട്ടില്‍ പോയതോടെ ആ ബാധ്യത കൂടി എന്റെ ചുമലിലായി. അവനും ഞാനും പരസ്പരം ജാമ്യം നിന്നാണ് പണമെടുത്തിരുന്നത്. അവന്‍ തിരിച്ചെത്താതതുകൊണ്ട് എനിക്ക് അതും കൊടുക്കേണ്ടതായി വന്നു. ഏകദേശം 28000 റിയാല്‍ യമനിക്ക് കൊടുക്കാനുണ്ട്', റഹിം വിശദീകരിച്ചു.